2013-07-13 16:28:39

സമുദ്രയാത്രികരുടെ അവകാശസംരക്ഷണം: വത്തിക്കാന്‍റെ ശുഭാപ്തിവിശ്വാസം


13 ജൂലൈ 2013, വത്തിക്കാന്‍
സമുദ്രയാത്രികരുടെ അവകാശ സംരക്ഷണത്തെ സംബന്ധിച്ച പുതിയ അന്താരാഷ്ട്ര ഉടമ്പടി നടപ്പിലാക്കുന്നത് വത്തിക്കാന്‍ സ്വാഗതം ചെയ്യുന്നു. ജൂലൈ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച സമുദ്രയാത്രികരുടെ അജപാലന ശുശ്രൂഷാ ദിനമായി ആചരിക്കുന്നതോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് ഏകദേശം 1.2 - 1.05 മില്യണ്‍ സമുദ്രയാത്രികരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഉടമ്പടിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ കുടിയേറ്റക്കാരുടേയും യാത്രികരുടേയും അജപാലന ശുശ്രൂഷയ്ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പങ്കുവയ്ച്ചത്.
ആഗോളവത്ക്കരിക്കപ്പെട്ട ഇന്നത്തെ ലോകത്ത്, യാത്രാ – ചരക്കു കപ്പലുകളിലെ തൊഴിലാളികള്‍ ലോകത്തിന്‍റെ നാനാഭാഗത്തു നിന്നുള്ളവരാണ്. അവരില്‍ പലര്‍ക്കും കഠിനമായ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. പ്രിയപ്പെട്ടവരില്‍ നിന്നും മാസങ്ങളോളം വേറിട്ടുനില്‍ക്കേണ്ടി വരുന്നതിനു പുറമേ, വേതനം നല്‍കാതെ വിദേശ രാജ്യ തുറമുഖകളില്‍ ഉപേക്ഷിക്കപ്പെടുന്നവരും കടല്‍ക്കൊള്ളക്കാരുടേയും അക്രമികളുടേയും ആക്രമണത്തിനിരകളാകുന്നവരുമുണ്ട്. പ്രതികൂല കാലാവസ്ഥ, പ്രകൃതിക്ഷോഭങ്ങള്‍, തുടങ്ങി നിരവധിയായ മറ്റുവിപത്തുകളും അവര്‍ നേരിടേണ്ടി വരുന്നുവെന്ന് പൊന്തിഫിക്കല്‍ കൗണ്‍സില്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. കപ്പല്‍ തൊഴിലാളികളുടെ അവകാശങ്ങളേയും സുരക്ഷയേയും സംബന്ധിച്ച് അന്താരാഷ്ട്ര തൊഴിലാളി സംഘടന രൂപീകരിച്ച ഉടമ്പടി വരുന്ന ഓഗസ്റ്റ് മാസം മുതല്‍ നടപ്പിലാക്കുന്നത് തൊഴിലാളികള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം പ്രദാനം ചെയ്യുമെന്ന് കൗണ്‍സില്‍ പ്രത്യാശ പ്രകടിപ്പിച്ചു.
കഴിഞ്ഞ 90 വര്‍ഷങ്ങളായി സമുദ്രയാത്രികര്‍ക്കായുള്ള അജപാലന ശുശ്രൂഷാ രംഗത്തുള്ള കത്തോലിക്കാ സഭ ലോകമെമ്പാടുമുള്ള 260 തുറമുഖങ്ങളില്‍ സമുദ്ര യാത്രികരുടേയും, കപ്പല്‍ തൊഴിലാളികളുടേയും. മത്സ്യബന്ധന തൊഴിലാളികളുടേയും ആത്മീയ, ഭൗതിക ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.