2013-07-13 16:28:54

കര്‍ദിനാള്‍ താഗ്ലെ കേരളം സന്ദര്‍ശിക്കുന്നു


13 ജൂലൈ 2013, തിരുവനന്തപുരം
ഫിലീപ്പീന്‍സിലെ മാനില അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദിനാള്‍ അന്തോണിയോ ലൂയീസ് താഗ്ലെ കേരളം സന്ദര്‍ശിക്കുന്നു. ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 60ാം ഓര്‍മ്മപ്പെരുന്നാളില്‍ വിശിഷ്ടാതിഥിയായാണ് കര്‍ദിനാള്‍ താഗ്ലെ ജൂലൈ 14ന് തിരുവനന്തപുരത്തെത്തുന്നത്.
ജൂലൈ 15ന് പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍വച്ച് മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ കര്‍ദിനാളിന് വരവേല്‍പ്പു നല്‍കും. തുടര്‍ന്നു നടക്കുന്ന സമൂഹദിവ്യബലിമധ്യേ അദ്ദേഹം വചന സന്ദേശം പങ്കുവയ്ക്കും. ഉച്ചകഴിഞ്ഞ് കാതോലിക്കേറ്റ് സെന്‍ററില്‍ മലങ്കര സഭയിലെ മെത്രാന്‍മാരുമായും കര്‍ദിനാള്‍ താഗ്ലെ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. നാലാഞ്ചിറ മാര്‍ ഇവാനിയോസ് വിദ്യാനഗറും, മാര്‍ ബസേലിയോസ് എന്‍ജിനീയറിംങ്ങ് കോളേജും, സെന്‍റ് മേരീസ് മലങ്കര സെമിനാരിയും കര്‍ദിനാള്‍ സന്ദര്‍ശിക്കും.
ജൂലൈ 15ന് ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 60ാം ഓര്‍മ്മപ്പെരുന്നാളിലും മറ്റു പരിപാടികളിലും പങ്കെടുക്കുന്ന കര്‍ദിനാള്‍ 16ന് രാവിലെ കേരളത്തില്‍ നിന്ന് വിടവാങ്ങും.
മനില അതിരൂപതയുടെ അദ്ധ്യക്ഷനായി 2011 ഒക്ടോബറില്‍ സ്ഥാനമേറ്റ ആര്‍ച്ചുബിഷപ്പ് താഗ്ലെയെ 2012 ഒക്ടോബര്‍ 24ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കര്‍ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തി. കത്തോലിക്കാ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിലും, കുടിയേറ്റക്കാരുടേയും യാത്രികരുടേയും അജപാലന ശുശ്രൂഷയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും അംഗമാണ് കര്‍ദിനാള്‍ അന്തോണിയോ ലൂയീസ് താഗ്ലെ.

വാര്‍ത്താ സ്രോതസ്സ്: ദീപിക








All the contents on this site are copyrighted ©.