2013-07-11 18:56:30

വിശ്വാസത്തിന്‍റെ വെളിച്ചം
ഹൃദയത്തിന്‍റെ സാന്ത്വന തൈലം


11 ജൂലൈ 2013, റോം
മനുഷ്യഹൃദയങ്ങളുടെ മുറിവുണക്കുന്ന സാന്ത്വനതൈലമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമ ചാക്രികലേഖനം, ‘വിശ്വാസത്തിന്‍റെ വെളിച്ച’മെന്ന് (Lumen Fidei) ഒബ്ളേറ്റ്സ് ഓഫ് സെന്‍റ് ജോസഫ് സന്ന്യാസസമൂഹത്തിന്‍റെ വികാരി ജനറല്‍, ഫാദര്‍ ജോണ്‍ ആട്ടുള്ളി അഭിപ്രായപ്പെട്ടു.
ജൂലൈ 10-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് 5-ാം തിയതി വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമ ചാക്രിക ലേഖനത്തെക്കുറിച്ച് ഫാദര്‍ ആട്ടുള്ളി ഇങ്ങനെ പ്രസ്താവിച്ചത്.

ജീവിതത്തിന്‍റെ ഏതു പ്രതിസന്ധിയും മനുഷ്യനെ തകര്‍ക്കുന്നതിനു മുന്‍പ് വിശ്വാസത്തിന്‍റെ പ്രതിസന്ധി അവന്‍റെ ജീവിതചക്രത്തിന്‍റെ ക്രമം ആദ്യം തെറ്റിക്കുന്നതായി ചാക്രികലേഖനം വ്യക്തമാക്കുന്നുണ്ടെന്ന്
അഭിമുഖത്തില്‍ ഫാദര്‍ ജോണ്‍ ചൂട്ടിക്കാട്ടി. വിശ്വാസത്തിന്‍റെ നിഷേധവുമായി തുടങ്ങുന്ന ജീവിതങ്ങളാണ് പിന്നീട് സ്വാര്‍ത്ഥതയിലും, വ്യാജദൈവങ്ങളിലും പിന്നെ മിഥ്യയായ സുഖലോലുപതിയിലും പരതി നടക്കുന്നതെന്നും, നവയുഗ സംസ്ക്കാരത്തിന്‍റെ വിശ്വാസജീവിതത്തെ വിശകലനംചെയ്യുന്ന പാപ്പായുടെ പ്രബോധനം അത് വ്യക്തമാക്കുന്നുണ്ടെന്നും (13) ഒബ്ലേറ്റ്സ് ഓഫ് സെന്‍റ് ജോസഫ് സന്ന്യാസ സമൂഹത്തിന്‍റെ ആത്മീയ ഉപദേഷ്ഠാവുകൂടിയായ ഫാദര്‍ ജോണ്‍ വ്യക്തമാക്കി.

ഇന്നത്തെ ജീവിത പ്രതിസന്ധികളില്‍ അലയുന്ന മനുഷ്യന് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനം സമാശ്വാസവും വഴികാട്ടിയുമാണെന്നും ഫാദര്‍ ആട്ടുള്ളി വിശേഷിപ്പിച്ചു. മുന്‍പാപ്പാ ബനഡിക്ട് 16-ാമന്‍ ഒരുക്കിയ കരടുരൂപം വിപുലീകരിച്ച്, പാപ്പാ ഫ്രാന്‍സിസ് പൂര്‍ത്തിയാക്കി പ്രബോധിപ്പിച്ച ഈ പ്രമാണരേഖ, വിശ്വാസത്തിന്‍റെ ഗഹനമായ വിഷയങ്ങള്‍ വളരെ ലളിതമായ ഭാഷയില്‍ വിവരിക്കുന്നു. ചാക്രികലേഖനത്തിന്‍റെ നാല് അദ്ധ്യായങ്ങളും കാവ്യഭംഗിയില്‍ സമാഹരിക്കുന്ന വളരെ മനോഹരമായ പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനമാണ് ‘വിശ്വാസത്തിന്‍റെ വെളിച്ച’മെന്നും ഫാദര്‍ ആട്ടുള്ളി കൂട്ടിച്ചേര്‍ത്തു.
Reported : nellikal, sedoc








All the contents on this site are copyrighted ©.