2013-07-09 16:54:43

പേപ്പല്‍ സന്ദര്‍ശനം ചരിത്രമുഹൂര്‍ത്തം: ഫാ.ലൊംബാര്‍ദി


09 ജൂലൈ 2013, വത്തിക്കാന്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലാംമ്പെദൂസ ദ്വീപ് സന്ദര്‍ശനം ഒരു ചരിത്ര സംഭവമെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി. ഇറ്റലിയുടെ തെക്കു-പടിഞ്ഞാറ് ഭാഗത്ത്, മദ്ധ്യധരണാഴിയില്‍ സ്ഥിതിചെയ്യുന്ന ലാമ്പെദൂസാ ദ്വീപിലേയ്ക്ക് ജൂലൈ 8നാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തിയത്. യൂറോപിലേക്ക് പ്രവേശിക്കുന്ന പതിനായിരക്കണക്കിന് ആഫ്രിക്കന്‍ അഭയാര്‍ത്ഥികളുടെ ഇടത്താവളമാണ് ഈ ദ്വീപ്. സാഹസികമായ സമുദ്രയാത്രയ്ക്കിടയിലെ അപകടങ്ങള്‍ മൂലം ആയിരങ്ങള്‍ മെഡിറ്ററേനിയന്‍ കടല്‍ത്തട്ടില്‍ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. അഭയാര്‍ത്ഥികളുടെ അപകടമരണങ്ങളും അവര്‍ നേരിടേണ്ടിവരുന്ന അവഗണനയും ചൂഷണവും തന്‍റെ ഹൃദയത്തിനേകിയ വേദനയാണ് തന്നെ ഈ സന്ദര്‍ശനത്തിലേക്ക് നയിച്ചതെന്ന് ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശന വേളയില്‍ പ്രസ്താവിച്ചിരുന്നു.

നിസഹായരായ അഭയാര്‍ത്ഥികളുടെ വേദനകളിലേക്ക് ജനശ്രദ്ധ തിരിക്കാന്‍ തന്‍റെ സന്ദര്‍ശനം പ്രയോജനപ്പെടുമെന്ന പ്രതീക്ഷയോടെയാണ് പാപ്പ ലാമ്പെദൂസാ ദ്വീപിലെത്തിയതെന്ന് ഫാ.ലൊംബാര്‍ദി പ്രസ്താവിച്ചു. തന്‍റെ സന്ദര്‍ശനത്തിന്‍റെ അര്‍ത്ഥം ലോകം ഉള്‍ക്കൊള്ളുമെന്ന പ്രത്യാശ, യാത്രാ മധ്യേ പാപ്പ പങ്കുവയ്ച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ആയിരക്കണക്കിന് കുടിയേറ്റക്കാള്‍ മുങ്ങിമരിച്ച യൂറോപ്യന്‍ സമുദ്രാതിര്‍ത്തിയില്‍ പാപ്പ ഒരു പുഷ്പ ചക്രം സമര്‍പ്പിച്ചു. യാത്രാ മധ്യേ മരണമടഞ്ഞ അഭയാര്‍ത്ഥികള്‍ക്കുവേണ്ടി തദവസരത്തില്‍ നിശ്ബദമായി പ്രാര്‍ത്ഥിച്ച പാപ്പ പ്രതീകാത്മകമായ സന്ദേശമാണ് ലോകത്തിന് നല്‍കിയത്. തീരസേന നിരവധി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച ബോട്ടിലാണ് മാര്‍പാപ്പ യാത്ര ചെയ്തതെന്നും ഫാ.ലൊംബാര്‍ദി ചൂണ്ടിക്കാട്ടി.

പേപ്പല്‍ സന്ദര്‍ശനം ലാമ്പെദൂസാ ദ്വീപ് നിവാസികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ഒരു പോലെ നവോന്‍മേഷം പകര്‍ന്നു. ഒരു ഉത്സവ പ്രതീതിയിലാണ് മാര്‍പാപ്പയെ ജനം വരവേറ്റത്. മാര്‍പാപ്പയുടെ ഈ സന്ദര്‍ശനം ചരിത്രത്തിലും സഭാ ജീവിതത്തിലും ഒരു നാഴികക്കല്ലാണെന്ന് ഫാ.ലൊംബാര്‍ദി അഭിപ്രായപ്പെട്ടു.

വാര്‍ത്താ സ്രോതസ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.