2013-07-09 16:54:25

ആഗോള യുവജന സംഗമത്തോടനുബന്ധിച്ച് പ്രത്യേക ദണ്ഡവിമോചനം


09 ജൂലൈ 2013, വത്തിക്കാന്‍
റിയോ ദി ജനീറോയിലെ ആഗോള യുവജന സംഗമത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക ദണ്ഡവിമോചനം അനുവദിക്കുന്നു. സ്വന്തം പാപങ്ങളെക്കുറിച്ച് ആത്മാര്‍ത്ഥമായി മനസ്തപിക്കുകയും അനുരഞ്ജന കൂദാശയിലൂടെ പാപമോചനം നേടി ദൈവവരപ്രസാദത്തില്‍ ജീവിക്കുകയും മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന യുവജനങ്ങള്‍ക്കും ഇതര സഭാംഗങ്ങള്‍ക്കും ആഗോള യുവജനസംഗമത്തില്‍ ഈ പ്രത്യേക ദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള വ്യവസ്ഥകളും മാര്‍ഗ്ഗങ്ങളും വിശദമാക്കികൊണ്ടുള്ള വിജ്ഞാപനം ജൂലൈ 9ന് അപ്പസ്തോലിക പെനിറ്റന്‍ഷ്യറി പ്രസിദ്ധീകരിച്ചു.
ദണ്ഡവിമോചനത്തിനുള്ള അടിസ്ഥാന വ്യവസ്ഥകള്‍ പാലിക്കുന്ന സഭാംഗങ്ങള്‍ക്ക് ജൂലൈ 22 മുതല്‍ 29 വരെ ബ്രസീലിലെ റിയോ ദി ജനീറോയില്‍ നടക്കുന്ന യുവജനസംഗമത്തില്‍ ആത്മീയ ഒരുക്കത്തോടെ നേരിട്ട് പങ്കെടുത്തുകൊണ്ടോ, ടെലിവിഷന്‍, റേഡിയോ, ഇതര ആധുനിക മാധ്യമങ്ങള്‍ എന്നിവ വഴി യുവജനസംഗമ പരിപാടികളില്‍ ആത്മീയമായി പങ്കുചേര്‍ന്നുകൊണ്ടോ പൂര്‍ണ്ണദണ്ഡ വിമോചനം പ്രാപിക്കാവുന്നതാണ്.
ആഗോള യുവജനസംഗമം നടക്കുന്ന ദിവസങ്ങളില്‍ എവിടെയായിരുന്നാലും കുമ്പസാരിച്ച് ദിവ്യകാരുണ്യ സ്വീകരണം നടത്തി യുവജനസംഗമത്തിന്‍റെ പ്രാര്‍ത്ഥന ചൊല്ലുകയും പരിശുദ്ധ മറിയത്തിന്‍റെ മാദ്ധ്യസ്ഥം യാചിക്കുകയും ചെയ്യുന്നവര്‍ക്ക് ഭാഗിക ദണ്ഡവിമോചനം ലഭിക്കുമെന്നും അപ്പസ്തോലിക പെനിറ്റന്‍ഷ്യറി വിജ്ഞാപനത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.