2013-07-08 17:14:26

സമര്‍പ്പിത ജീവിതം: വിളിയും ദൗത്യവും


08 ജൂലൈ 2013, വത്തിക്കാന്‍
ദൈവ വിളിയില്‍ നിന്നാരംഭിക്കുന്ന ദൗത്യത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ വൈദിക വിദ്യാര്‍ത്ഥികളെയും സന്ന്യസ്താര്‍ത്ഥികളെയും അനുസ്മരിപ്പിക്കുന്നു. ദൈവവിളി ഒരു ദൗത്യമാണെന്ന് പ്രസ്താവിച്ച മാര്‍പാപ്പ, ഈ ക്രിസ്തീയ ദൗത്യത്തിന്‍റെ മൂന്ന് നിര്‍ണ്ണായ ഘടകങ്ങള്‍ ദൈവം നല്‍കുന്ന സമാശ്വാസത്തില്‍ നിന്നുത്ഭവിക്കുന്ന ആനന്ദം, കുരിശ്, പ്രാര്‍ത്ഥന എന്നിവയാണെന്നും വിശദീകരിച്ചു. വിശ്വാസ വര്‍ഷാചരണത്തോടനുബന്ധിച്ച് റോമില്‍ നടന്ന വൈദിക - സന്ന്യസ്ത അര്‍ത്ഥികളുടെ സംഗമത്തിന്‍റെ സമാപന ദിവ്യബലിയില്‍ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ.
ദൈവിക സ്നേഹത്തില്‍ കൂടുതല്‍ ആഴപ്പെട്ട് ജീവിക്കാനും സമാധാനവും ആനന്ദവും നല്‍കുന്ന ക്രിസ്തീയ പ്രത്യാശയ്ക്ക് സാക്ഷികളായിരിക്കാനും വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാം. ദൈവവിളി സ്വീകരിച്ചിരിക്കുന്നവര്‍ ഏറ്റെടുത്തിരിക്കുന്നത് കര്‍ത്താവിന്‍റെ സ്നേഹവാത്സല്യവും കാരുണ്യവും അന്യര്‍ക്കു പകര്‍ന്നു നല്‍കുക എന്ന ദൗത്യമാണ്. മാനവഹൃദയങ്ങളില്‍ പ്രത്യാശയുടെ തിരിനാളം തെളിയിച്ച് അവരെ നന്‍മയിലേക്ക് നയിക്കുന്നത് ഈ ദൗത്യത്തിന്‍റെ ഭാഗമാണ്.
രക്ഷാകര രഹസ്യമായ കുരിശ് വേദനയുടേയും ബലഹീനതയുടേയും പരാജയത്തിന്‍റേയും അടയാളമാണ്. എന്നാല്‍ അതേ കുരിശില്‍ തന്നെയാണ് നാം സമാശ്വാസവും ആനന്ദവും കണ്ടെത്തുന്നതെന്നും മാര്‍പാപ്പ വൈദിക - സന്ന്യസ്ത അര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. വിളവെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന വേലക്കാര്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരും അയക്കപ്പെട്ടവരുമാണ്. അക്കാരണത്താല്‍ തന്നെ സമര്‍പ്പിത ജീവിതത്തിലെ അവിഭാജ്യഘടകമാണ് പ്രാര്‍ത്ഥന. ദൈവവുമായുള്ള നിരന്തര ബന്ധം ദൈവം നമ്മെ ഭരമേല്‍പ്പിച്ചിരിക്കുന്ന ദൗത്യനിര്‍വ്വഹണത്തിന് അനിവാര്യമാണ്. അല്ലാത്തപക്ഷം ദൗത്യം വെറുമൊരു തൊഴിലായി തരംതാഴ്ന്നുപോകും. എത്ര തിരക്കേറിയ ദൗത്യനിര്‍വ്വഹണത്തിനിടയിലും ധ്യാനാത്മക പ്രാര്‍ത്ഥന കൈവിടരുതെന്ന് മാര്‍പാപ്പ ഭാവി വൈദികരേയും സന്ന്യസ്തരേയും ഉത്ബോധിപ്പിച്ചു. ക്രിസ്തുവിന്‍റെ സ്നേഹത്തിലും കാരുണ്യത്തിലും നിമഗ്നരായിക്കൊണ്ട് അവിടുത്തെ ഹൃദയത്തോട് ചേര്‍ന്നു ജീവിക്കാന്‍ പാപ്പ അവരെ ക്ഷണിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.