2013-07-08 17:15:09

മാധ്യമ പ്രവര്‍ത്തകര്‍ക്കായി വിജാതീയരുടെ അങ്കണം


08 ജൂലൈ 2013, വത്തിക്കാന്‍
“വിജാതീയരുടെ അങ്കണം” എന്ന സംവാദ വേദിയുടെ അടുത്ത സമ്മേളനം ഇക്കൊല്ലം സെപ്തംബര്‍ 24ന് റോമില്‍ നടക്കും. ദൈവവിശ്വാസികളുടേയും അജ്ഞേയവാദികളുടേയും നിരീശ്വരവാദികളുടേയും ഫലപ്രദമായ സംവാദത്തിനുവേണ്ടി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ രൂപം നല്‍കിയ സംവാദ വേദിയാണ് “വിജാതീയരുടെ അങ്കണം”. വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ പ്രതിഭകളുടെ സംഗമത്തിന് അവസരമൊരുക്കിയ ഈ സംവാദവേദിയുടെ അടുത്ത സമ്മേളനത്തില്‍ പങ്കെടുക്കുന്നത് മാധ്യമപ്രവര്‍ത്തകരാണ്. ‘മാധ്യമ ധാര്‍മ്മികത’, ‘വിവരകൈമാറ്റത്തിലെ ഉത്തരവാദിത്വവും സത്യസന്ധതയും’ ‘മാധ്യമ പ്രവര്‍ത്തനവും സാംസ്ക്കാരിക വിശ്വാസ ജീവിതവും’ തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും മാധ്യമപ്രവര്‍ത്തകരുടെ സംവാദം.
സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ജ്യാന്‍ ഫ്രാന്‍ങ്കോ റവാസിയും പ്രമുഖ ഇറ്റാലിയന്‍ ദിനപത്രങ്ങളിലൊന്നായ ല റിപ്പുബ്ലിക്കയുടെ സ്ഥാപകനായ എവുജെനിയോ സ്കാല്‍ഫാരിയും തമ്മിലുള്ള സംവാദം സമ്മേളനത്തിന്‍റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണെന്ന് സര്‍ വാര്‍ത്താ ഏജന്‍സിയുടെ (L'Agenzia S.I.R. Servizio Informazione Religiosa) റിപ്പോര്‍ട്ട് അറിയിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.