2013-07-06 15:08:29

ഉന്നതര്‍ക്കും വഴങ്ങുന്ന
സുവിശേഷ ലാളിത്യം


RealAudioMP3 ിശുദ്ധ ലൂക്കാ 14, 1-14
ക്രിസ്തു ശിഷ്യന്‍റെ മനോഗതി

രണ്ടായിരാമാണ്ടില്‍ time മാസിക നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍
നൂറ്റാണ്ടിന്‍റെ മനുഷ്യനായി ‘the man of the century’-യായി തിരഞ്ഞെടുക്കപ്പെട്ടത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈയിനായിരുന്നു. Genius of geniuses എന്നു വിളിക്കപ്പെട്ട ഈ മനുഷ്യനാണ് ഈ പ്രപഞ്ചം കാണപ്പെടുന്നതുപോലല്ല എന്ന് ശാസ്ത്രഗവേഷണങ്ങളില്‍നിന്ന് നമ്മെ പഠിപ്പിച്ചത്.
അദ്ദേഹത്തെ ചുറ്റപ്പറ്റി തമാശക്കഥയുണട്. വിവിധ യൂണിവേഴ്സിറ്റികളില്‍ ഭൗതിക ശാസ്ത്രത്തെക്കുറിച്ചുള്ള ക്ലാസ്സുകള്‍ എടുക്കാന്‍ അദ്ദേഹം പോകുമായിരുന്നു. ഐന്‍സ്റ്റൈന്‍റെ ഡ്രൈവര്‍ കൂട്ടത്തില്‍ എല്ലാ ക്ലാസ്സുകളും കേള്‍ക്കുമായിരുന്നു. ഒരിക്കല്‍ ഡ്രൈവര്‍ പറഞ്ഞു. “ഓ, ഇപ്പോള്‍ എനിക്കും ചില ക്ലാസ്സുകള്‍ ഏടുക്കാന്‍ സാധിക്കും. എല്ലാം ഞാന്‍ കേട്ടു പഠിച്ചിരിക്കുന്നു!”

“അങ്ങനെയെങ്കില്‍, അടുത്ത യൂണിവേഴ്സിറ്റിയില്‍ എനിക്കു പകരം ക്ലാസ്സെടുത്തോളൂ, ഞാന്‍ നിന്‍റെ ഡ്രൈവറാണെന്ന് പറഞ്ഞാല്‍ മതി.” ഐന്‍സ്റ്റൈയിനെ നേരില്‍ കാണാത്തവരുള്ള യൂണിവേഴ്സിറ്റിയില്‍ ‘ഡ്രൈവറാര്‍, ഐന്‍സ്റ്റൈയിന്‍ ആര്?!’ എന്നത് പ്രശ്നമില്ലല്ലോ. അങ്ങനെ ഐന്‍സ്റ്റൈയന്‍ ഡ്രൈവറുടെ ഡ്രൈവറായി. ഡ്രൈവര്‍ അവിടെ നന്നായി ക്ലാസ്സെടുത്തു. ക്ലാസ്സിന്‍റെ അവസാനത്തില്‍ സദസ്സില്‍നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഒരു ചോദ്യം തീര്‍ത്തും അപ്രതീക്ഷിതവും ബുദ്ധിമുട്ടിക്കുന്നതുമായിരുന്നു. എങ്കിലും ഡ്രൈവര്‍ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. അപ്പോഴിതാ, കുഴയ്ക്കുന്ന മറ്റൊരു ചോദ്യമുയര്‍ന്നു. മനഃസ്സാന്നിദ്ധ്യം വെടിയാതെ ഡ്രൈവര്‍ പറഞ്ഞു, “ഓ, ഇതാണോ ചോദ്യം. വളരെ ലളിതമല്ലേ, എന്‍റെ ഡ്രൈവര്‍ക്കുപോലും ഇതിന് ഉത്തരം പറയാനാകും,” എന്നു പറഞ്ഞ് ഡ്രൈവര്‍ ഡ്രൈവറെ, ഐന്‍സ്റ്റൈനെ വിളിച്ചു. ഡ്രൈവര്‍ ഐന്‍സ്റ്റൈന്‍ ഉടന്‍ എഴുന്നേറ്റ് സ്റ്റേജില്‍ ഉടനെ വന്ന് ഉത്തരം പറഞ്ഞ, എല്ലാവരെയും ആശ്ചര്യപ്പെടുത്തി. ഉന്നതരായ വ്യക്തികള്‍ക്കേ ഇങ്ങനെ ചെയ്യാനാകൂ. വിലിയ മനുഷ്യര്‍ക്കു ചെറിയവരാകാന്‍ കഴിയും.

രണ്ട് ഉപമകളുടെ സന്ദേശത്തിലാണ് നാമിന്ന് മനസ്സിരുത്തുന്നത്. ക്രിസ്തു ഈ ഉപമകള്‍ പറയാനുണ്ടായ സാഹചര്യം സുവിശേഷകന്‍ ലൂക്കാ 14, 7-ല്‍ വിവരിക്കകുന്നുണ്ട്. ആദ്യത്തേതിന്‍റെ സന്ദര്‍ഭം, വിരുന്നിനു ക്ഷണിക്കപ്പെട്ടവര്‍ അവിടെ പ്രമുഖസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കുന്നു എന്നതാണ്. ഒന്നാമത്തെ ഉപമയില്‍ 14, 8-11 തന്നെത്തന്നെ ഉയര്‍ത്തുന്നവരെക്കുറിച്ചും, രണ്ടാമത്തെ ഉപമയില്‍, 14, 12-14 പാവനങ്ങളെ വിരുന്നിനു ക്ഷിക്കുന്നതിനെക്കുറിച്ചുമാണ്. ലൂക്കായുടെ സുവിശേഷത്തില്‍ ക്രിസ്തു പലപ്പോഴും വിവിധ സാഹചര്യങ്ങളിലും സ്ഥലങ്ങളിലും വിരുന്നില്‍ സംബന്ധിക്കുന്നതു കാണാം... അതും ധനികരുടെ ഭവനത്തില്‍. ശിമയോന്‍ എന്ന ഫരിസേയന്‍റെ ഭവനത്തില്‍, 7, 36, ധനികനായ സക്കേവൂസിന്‍റെ ഭവനത്തില്‍ 19, 1-10 എന്നിവ അവയില്‍ ചിലതാണ്. സമ്പത്ത് പങ്കുവയ്ക്കാന്‍ തയ്യാറായാല്‍ ധനികര്‍ക്കും ദൈവരാജ്യത്തില്‍ പ്രവേശിക്കാം എന്ന് ക്രിസ്തു പഠിപ്പിക്കുന്നു.

ഇന്നത്തെ സുവിശേഷഭാഗം വിരുന്നു സല്‍ക്കാരങ്ങളുടെ പശ്ചാത്തലത്തിലാകയാല്‍ ഇതിനെ ‘ലൂക്കായുടെ ചര്‍ച്ചാവേദി’ എന്നാണ് നിരൂപകന്മാര്‍ വിശേഷിപ്പിക്കുന്നത്. തീന്‍മേശയ്ക്കു ചുറ്റുമിരുന്ന് ഗൗരവമായി ചര്‍ച്ച ചെയ്യുന്നതാണല്ലോ ചര്‍ച്ചാവേദി.

ഒന്നാമത്തെ ഉപമ. രാഷ്ട്രീയത്തിലാകട്ടെ, സഭയിലാകട്ടെ, സ്വന്തം ഭവനത്തിലാകട്ടെ പ്രമുഖസ്ഥാനങ്ങല്‍ കിട്ടാനുള്ള നെട്ടോട്ടമാണ് കാണുന്നത്. എന്നാല്‍ പലപ്പോവും നാം മറന്നുപോകുന്നു, respect is to be deserved, not demanded, ആദരവ് ചോദിച്ചു വാങ്ങുന്നതല്ല, മറ്റുള്ളവര്‍ അറിഞ്ഞു നല്കുന്നതാണ്. സമൂഹത്തില്‍ ഉയര്‍ന്ന സിംഹാസനത്തില്‍ ഇരിക്കാനും, പ്രമുഖസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കാനും ആഗ്രഹിക്കുന്നവര്‍ക്കെതിരെ ക്രിസ്തു ആഞ്ഞടിക്കുന്നു. നെറ്റിപ്പട്ടകള്‍ക്കു വീതിയും വസ്ത്രത്തിന്‍റെ തൊങ്ങലുകള്‍ക്കു നീളവും അവര്‍ കൂട്ടുന്നു (മത്തായി 213, 6). ഇന്ന് ഇത് ഒരു ഫാഷനാണ്. ഖദറിട്ട് നടക്കുന്നവരും പര്‍ദയിട്ട് ആളുകളെ ആകര്‍ഷിക്കുന്നവരും ളോഹയിട്ട് ബഹുമാനം പിടിച്ച് പറിക്കുന്നവരും ഇക്കൂട്ടത്തില്‍പ്പെടുന്നില്ലേ?

രണ്ടാമ്ത്തെ ഉപമയിലെ വിരുന്നിന് ദരിദ്രര്‍, വികലാംഗര്‍, മുടന്ത്രര്‍, കുരുടര്‍ എന്നിവര്‍ ക്ഷണിക്കപ്പെടുന്നു. ദരിദ്രരോടും ആലംബഹീനരോടും കരുണയുള്ളവരായിരിക്കുക എന്നാണ് ഇന്നത്തെ സുവിശേഷ ഭാഗം അനുസ്മരിപ്പിക്കുന്നത്. ഞാന്‍ വികാരിയായിരുന്ന ഒരിടത്ത് പള്ളിയുടെ കീഴിലുള്ള കുടുംബയോഗം എപ്പോള്‍ സംഘടിപ്പിച്ചാലും തൊട്ടടുത്തുള്ള കരുണ്യനിലയം എന്ന അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് എന്നും അവര്‍ ഭക്ഷണം കൊടുക്കുമായിരുന്നു. ഇരുപതോ, മുപ്പതോ മരണാസന്നരായ രോഗികളാണ് ഈ അന്തേവാസികള്‍. ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ വാക്കുകള്‍ ഇന്നും പ്രായോഗികമാണെന്ന് ആ കുടുംബങ്ങള്‍ തങ്ങളുടെ പ്രവൃത്തികള്‍കൊണ്ട് തെളിയിക്കുകയാണെന്ന് എനിക്കു തോന്നി!
മനുഷ്യരെ കാണിക്കാന്‍വേണ്ടി ചെയ്യുന്ന ഏതു പ്രവൃത്തിയുടെയും പ്രതിഫലം അവര്‍ നേടിക്കഴിഞ്ഞു എന്നതാണ് സുവിശേഷം. എന്നാല്‍ തിരിച്ചുതരാന്‍ കഴിയാത്ത പാവങ്ങള്‍ക്കു ശുശ്രൂഷചെയ്യുന്നതിന്‍റെ പ്രതിഫലം ദൈവം തരുന്നതാണ്. നീതിമാന്മാരുടെ പുനരുത്ഥാനം മരണാനന്തരമാണ് എന്നു ധരിക്കരുത്. ഈ ലോകത്തില്‍ തന്നെ നൂറിരട്ടിയായി ദൈവം അതു നല്കുമെന്നാണ് വചനം സ്ഥിരീകരിക്കുന്നത്. ക്രിസ്തു ശിഷ്യത്വത്തിന്‍റെ പ്രതിഫലനങ്ങളാണ് നാം കണ്ടത്. ശിഷ്യത്വത്തിന്‍റെ യാത്രകള്‍ക്ക്, ഏതൊരു യാത്രയുംപോലെ വ്യക്തത ആവശ്യമാണ്. ഒരു നിമിഷം മിഴിപൂട്ടിയൊന്നു ധ്യാനിക്കണം. ക്രിസ്തുവില്‍ ഞാനെന്താണ് തിരയുന്നത്. ഒരിക്കല്‍ ക്രിസ്തുതന്നെ സങ്കടത്തോടെ ചോദിക്കുന്നുണ്ട്. അപ്പം ഭക്ഷിച്ചതുകൊണ്ടാണോ നിങ്ങള്‍ എന്നെ തേടുന്നത്?
ഭൗതികതയുടെ സ്പര്‍ശമുള്ള എന്തിനെയും വിശേഷിപ്പിക്കേണ്ട പേരാണ് അപ്പം. മനസ്സമാധാനംപോലും ഭേദപ്പെട്ട അപ്പമായേ മാറുന്നുള്ളൂ.

അതീവധ്യാനം നിറഞ്ഞ മറുപടി ക്രിസ്തുവിന് ലഭിക്കുന്നുണ്ട്. “അങ്ങ് വസിക്കുന്ന ഇടം ഞങ്ങള്‍ക്ക് കാണിച്ചുതരിക.” രണ്ട് തലങ്ങളുണ്ടതില്‍. ഒന്ന്: “അങ്ങ് ഈ ഭൂമിയുടെ ഭാഗമല്ല... മറ്റേതോ ലോകത്തിന്‍റെ അവകാശിയും ഉടയവനുമാണ്. ആ ലോകത്തെക്കുറിച്ച് ഞങ്ങളോടു പറയുക. നിന്‍റെ നിത്യതയുടെ വെട്ടം ഞങ്ങള്‍ക്ക് തരിക,” എന്നാണ് അതിനര്‍ത്ഥം. വീട് ഈ ഭൂമിയുടെ ഭാഗമല്ലെന്ന് തിരിച്ചറിഞ്ഞ ഒരാള്‍ക്ക് മാത്രമേ ചെറിയ കാര്യങ്ങളില്‍നിന്ന് കുതറി നില്ക്കാനുള്ള ബലമുണ്ടാവൂ. സി. എല്‍ മോഡിയെന്നൊരു പ്രഘോഷകനെക്കുറിച്ച് ഇങ്ങനെ കേട്ടിട്ടുണ്ട്. ഒത്തിരി വര്‍ഷങ്ങള്‍ ആഫ്രിക്കയിലെ ഗ്രാമങ്ങളില്‍ സുവിശേഷം പ്രഘോഷിച്ചശേഷം ഈ മനുഷ്യന്‍ നാട്ടലേയ്ക്ക് മടങ്ങുകയാണ്. കപ്പലില്‍ ഒരാളും ഇയാളെ തിരിച്ചറിയുന്നില്ല. അപ്പോള്‍ ഓര്‍ത്തുപോയി, “എന്‍റെ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ എനിക്കുവേണ്ടി കാത്തുനില്ക്കാന്‍ നിശ്ചയമായും ആരെങ്കിലുമൊക്കെ ഉണ്ടാകും.”
കപ്പല്‍ തുറമുഖത്തെത്തി. എല്ലാവരെയും കാത്ത് തീരത്ത് ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നു. മോഡിക്കുവേണ്ടി ഒരു കുഞ്ഞുപോലും ഇല്ലായിരുന്നു. അവസാനത്തെ ആളും തുറമുഖം വിട്ട് പോയപ്പോള്‍, മുട്ടിന്മേല്‍നിന്ന് മോഡി വാവിട്ടു കരഞ്ഞു. “ദൈവമേ, എന്‍റെ വീടണഞ്ഞപ്പോള്‍ എനിക്കുവേണ്ടി ആരുമില്ലാതെ പോയതെന്തേ?” അപ്പോള്‍ ഒരുശബ്ദം അയാള്‍ കേട്ടു.
“മോഡീ, നീ അതിന് നിന്‍റെ വീട് അണഞ്ഞിട്ടില്ലല്ലോ, നിന്‍റെ വീട് അണയുമ്പോള്‍ നിനക്കുവേണ്ടി കാത്തുനില്ക്കാന്‍ എണ്ണിയാലെൊടുങ്ങാത്ത മാലാഖമാര്‍ക്കൊപ്പം ഞാനും ഉണ്ടാകും.” പിന്നീടൊരിക്കലും മോഡി കരഞ്ഞിട്ടില്ല. അതിനേക്കാള്‍ തീവ്രമായ ആഘാതങ്ങള്‍ക്കുപോലും പിന്നീട് അയാളെ തളര്‍ത്താനായിട്ടില്ല. ഒരാള്‍ വിശ്വസിക്കുന്ന മൂല്യങ്ങളാണ് അയാളുടെ വീടെന്നുള്ളതാണ്,
ക്രിസ്തു ശിഷ്യത്വം പഠിപ്പിക്കുന്നത്. സ്നേഹപൂര്‍വ്വം ജീവിക്കുന്ന ഒരാളുടെ വീട് സ്നേഹമാണ്. കരുണയോടെ ജീവിക്കുന്നവന്‍റെ വീട് കരുണയാണ്. അങ്ങനെയെങ്കില്‍ ക്രിസ്തുവന്‍റെ വീട്, ക്രിസ്തു മൂല്യങ്ങള്‍തന്നെയാണ്. നമ്മെ ക്രിസ്തു ശിഷ്യത്വത്തിന്‍റെ ജീവിത മൂല്യങ്ങളിലേയ്ക്ക്, ആ value system-ത്തിലേയ്ക്ക് പ്രവേശിപ്പിക്കണമേ, എന്നാണ് എപ്പോഴും പ്രാര്‍ത്ഥിക്കേണ്ടത്.

മറ്റൊരു വാക്കില്‍ സുവിശേഷാത്മകമായി ജീവിക്കുവാന്‍ ഞങ്ങളെ ബലപ്പടുത്തുക. ക്രിസ്തു പഠിപ്പിച്ച സമഗ്രവും സനാതനവുമായ ജീവിതരീതിയുടെ പേരാണ് സുവിശേഷം. ദൈവം ലോകത്തെ വ്യാഖ്യാനിച്ച രീതിയാണത്. എന്തിനെക്കുറിച്ചാണത് നിശ്ശബ്ദമായിട്ടുള്ളത്? തൊഴിലിനെയും വിശ്രമത്തെയും, ദാമ്പത്യത്തെയും ബ്രഹ്മചര്യത്തെയും, ഉപവാസത്തെയും വിരുന്നിനെയും, പൂക്കളെയും കിളികളെയും കുറിച്ച് ... എന്തിന്, എല്ലാത്തിനെയും അത് ജീവല്‍പ്രകാശത്തില്‍, സ്നേഹപ്രകാശത്തില്‍ സ്നാനപ്പെടുത്തുന്നു. സുവിശേഷത്തെ ആധാരമാക്കി ജീവിക്കാം. സുവിശേഷാധിഷ്ഠിത ജീവിതത്തിനുവേണ്ടിയുള്ള ബലം തരണമേ എന്നു പ്രാര്‍ത്ഥിക്കാം. ക്രിസ്തുവിന്‍റെ ശിഷ്യത്വത്തിന്‍റെ വരം തരണമേ, എന്നും പ്രാര്‍ത്ഥിക്കാം.









All the contents on this site are copyrighted ©.