2013-07-05 20:05:46

‘വിശ്വാസത്തിന്‍റെ വെളിച്ചം’
ചാക്രികലേഖനം വിളംമ്പരംചെയ്തു


5 ജൂലൈ 2013, വത്തിക്കാന്‍
ജൂലൈ 5-ാം തിയതി വെള്ളിയാഴ്ച വത്തിക്കാനില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താ സമ്മേളനത്തില്‍വച്ച് Lumen Fidei ‘ലൂമെന്‍ ഫീദെയി,’ ‘വിശ്വാസത്തിന്‍റെ വെളിച്ചം’ എന്ന പാപ്പായുടെ പ്രഥമ ഔദ്യോഗിക പ്രബോധനം പ്രകാശനംചെയ്യപ്പെട്ടു. വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ ആര്‍ച്ചുബിഷപ്പ് ലുഡ്വിഗ് മുള്ളെര്‍, മെത്രാന്മാരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ക്ക് ക്വെല്ലെ, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് റയ്നോ ഫിസിക്കേലാ എന്നിവര്‍ ചാക്രിക ലേഖനത്തെക്കുറിച്ചു നല്കിയ ഹ്രസ്വമായ വിശദീകരണങ്ങളോടെയാണ് മനുഷ്യജീവിതത്തില്‍ വിശ്വാസത്തിന്‍റെ ആവശ്യകത വെളിപ്പെടുത്തുന്ന പാപ്പായുടെ ദൈവശാസ്ത്രപരമവും അജപാലനപരവുമായ പ്രബോധനം വത്തിക്കാന്‍ പ്രകാശനം ചെയ്തത്.

ആമുഖവും ഉപസംഹാരവും കൂടാതെ നാല് അദ്ധ്യായങ്ങളുള്ള ഈ പ്രബോധനം മനുഷ്യാസ്തിത്വത്തെ പ്രകാശിപ്പിക്കുന്ന വിശ്വാസ വെളിച്ചത്തിന്‍റെ അടിസ്ഥാന സ്വഭാവങ്ങള്‍ ദൈവശാസ്ത്രപരമായും ലളിതമായും വിവരിക്കുന്നു. വിശ്വാസത്തെ മിഥ്യയായ അന്വേഷണമായും മനുഷ്യന്‍റെ സ്വാതന്ത്ര്യത്തിന് വിഘ്നമാകുന്ന ഘടകമായും കാണുന്ന നവയുഗത്തിന്‍റെ ചിന്താഗതിയില്‍നിന്നും വ്യത്യസ്തമായി, നന്മ തിന്മകളെ വിവേചിച്ചറിഞ്ഞ് സമൂഹത്തില്‍ ജീവിക്കാനും മുന്നേറുവാനുമുള്ള ആത്മീയ കരുത്തായി വിശ്വാസത്തെ പാപ്പാ തന്‍റെ പ്രഥമ ചാക്രിക ലേഖനത്തില്‍ വ്യാഖ്യാനിക്കുന്നു. എന്നാല്‍ മറുഭാഗത്ത് വിശ്വാസരാഹിത്യം ജീവിത പരസരങ്ങളിലേയ്ക്കുള്ള അന്ധമായ എടുത്തു ചാട്ടമാണെന്നും പാപ്പാ വിവരിക്കുന്നുണ്ട്.

സമഗ്രതയോടും ഐക്യദാര്‍ഢ്യത്തോടുംകൂടെ വിശ്വാസം ജീവിച്ചുകൊണ്ടും പ്രഘോഷിച്ചുകൊണ്ടും സഭയുടെ ആത്മീയ ചക്രവാളത്തിന്‍റെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കുകയെന്നതാണ് ചാക്രിക ലേഖനത്തിലൂടെ ലക്ഷൃം വയ്ക്കുന്നതെന്ന് പാപ്പാ ആമുഖത്തില്‍ പറയുന്നു, വിശിഷ്യാ സഭയുടെ വിശ്വാസ നവീകരണത്തിനായി സമ്മേളിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന ‘വിശ്വാസവര്‍ഷ’ത്തില്‍.

ലാഘവ ബുദ്ധിയോടെ കാണാവുന്ന ജീവിതത്തിലെ അവസ്ഥാവിശേഷമല്ല വിശ്വാസം, മറിച്ച് അനുദിനം ബലപ്പെടുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ട ദൈവികദാനമാണതെന്ന് പാപ്പാ സമര്‍ത്ഥിക്കുന്നു. വിശ്വസിക്കുന്നവന്‍ എല്ലാം വ്യക്തമായി കാണുന്നു. വിശ്വാസത്തിന്‍റെ വെളിച്ചം ദൈവത്തില്‍നിന്ന് ഉരുവംകൊള്ളുന്നതിനാല്‍ അത് മനുഷ്യാസ്തിത്വത്തിന്‍റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുകയും തെളിയിക്കുകയും ചെയ്യുമെന്ന് പാപ്പാ വിവരിക്കുന്നുണ്ട്. വിശ്വാസത്തിന്‍റെ പ്രഭവസ്ഥാനം ക്രിസ്തുവാണ്. ക്രിസ്തുവിന്‍റെ ജീവിത രംഗങ്ങളുടെ ഗതകാല സ്മരണയില്‍ ഊന്നിനില്ക്കുന്ന വിശ്വാസചൈതന്യമാണ് ഭാവികാലത്തിന്‍റെ ജീവിത ചക്രവാളത്തിലേയ്ക്ക് വിന്യസിപ്പിക്കേണ്ടത്, എന്നിങ്ങനെയുള്ള ഗഹനമായ ചിന്തകള്‍ ചാക്രിക ലേഖനത്തിന്‍റെ 4 അദ്ധ്യായങ്ങളുടെ ഏടുകളില്‍ ലളിതമായിട്ടും എന്നാല്‍ ആര്‍ജ്ജവത്തോടെയും പാപ്പാ ഫ്രാന്‍സിസ് അവതരിപ്പിക്കുന്നു.

മുന്‍പാപ്പാ പ്രബോധിപ്പിച്ചിട്ടുള്ള സ്നേഹം (caritas in veritatae), പ്രത്യാശ (spe salvi), എന്നീ ചാക്രിക ലേഖനങ്ങളുടെ ചുവടുപിടിച്ചും, ദൈവിക പുണ്യങ്ങളില്‍ മൂന്നാമത്തേതുകൂടെ പ്രബോധിപ്പിച്ചുകൊണ്ടും പൂര്‍ത്തീകരണവുമായിട്ടാണ് തന്‍റെ സഭാശുശ്രൂഷയുടെ ആദ്യവര്‍ഷത്തില്‍തന്നെ വിശ്വാസത്തെക്കുറിച്ച് (lumen fidei) പാപ്പ ഫ്രാന്‍സിസ് ഉദ്ബോധിപ്പിക്കുന്നത്. സ്ഥാനത്യാഗംചെയ്ത പാപ്പ ബനഡിക്ട് വിശ്വാസത്തെക്കുറിച്ചുള്ള ചാക്രിക ലേഖനത്തിന്‍റെ പണിപ്പുരയിലാണ് വിരമിച്ചത്. തന്‍റെ മുന്‍ഗാമിയുടെ ചുവടുപിടിച്ചാണ് വിശ്വാസത്തെക്കുറിച്ചുള്ള ചാക്രികലേഖനം പുറത്തിറക്കിയത്.

Reported : nellikal, Radio Vatican








All the contents on this site are copyrighted ©.