2013-07-04 17:29:03

ക്രിസ്തു നല്കുന്ന സൗഖ്യം
സ്വാതന്ത്ര്യത്തിന്‍റെ ഉണര്‍വ്വ്


4 ജൂലൈ 2013 , വത്തിക്കാന്‍
ക്രിസ്തു നല്കുന്ന സൗഖ്യം മനുഷ്യന്‍റെ അസ്തിത്വത്തില്‍ വിരിയുന്ന ആത്മീയ സ്വാതന്ത്ര്യമാണെന്ന് പാപ്പാ ഫ്രാന്‍സിസ് വചനസമീക്ഷയില്‍ ഉദ്ബോധിപ്പിച്ചു. ജൂലൈ 4-ാം തിയതി പേപ്പല്‍ വസതി കാസാ മാര്‍ത്തിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
മത്തായിയുടെ സുവിശേഷം 9ാ-ം അദ്ധ്യായത്തില്‍ തളര്‍വാദരോഗിയെ സുഖപ്പെടുത്തുന്ന ഭാഗത്തെ അധികരിച്ചാണ് പാപ്പാ ചിന്തകള്‍ വിന്യസിപ്പിച്ചത്. തളര്‍വാദരോഗിയോട്, “മകനേ, ധൈര്യായിരിക്കുക, നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു,” എന്നു പറഞ്ഞ ക്രിസ്തുവിന്‍റെ വാക്കുകള്‍ പാപ്പാ ചിന്താവിഷയമാക്കി.

ക്രിസ്തുവിലൂടെ ലോകത്തിനു ലഭിച്ച അനുരഞ്ജനമാണ് മനുഷ്യകുലത്തെ ദൈവവുമായി രമ്യതപ്പെടുത്തുകയും മനുഷ്യര്‍ക്ക് നവജീവന്‍ നല്കുകയും ചെയ്ത വലിയ വിസ്മയം, മഹത്തായ അത്ഭുതമെന്ന് പാപ്പാ പ്രസ്താവിച്ചു. തന്‍റെ വാക്കാലും പ്രവര്‍ത്തിയാലുമല്ല, മറിച്ച് ജീവാര്‍പ്പണത്തിലൂടെയാണ് ക്രിസ്തു ലോകരക്ഷ നേടിത്തന്നത്. ലോകത്തെ രക്ഷിക്കാന്‍ ദൈവപുത്രനായ അവിടുന്ന് മാംസംധരിച്ചു, മനുഷ്യനായി, നമ്മിലേയ്ക്ക് ഇറങ്ങിവന്നു. മനുഷ്യരുടെ പാപങ്ങള്‍ സ്വയം ഏറ്റെടുത്ത്, മരണത്തിന് വിധേയനായവന്‍ സ്വയം ശൂന്യവത്ക്കരിച്ചുകൊണ്ട് ദൈവികമഹത്വം പ്രകടമാക്കുകയും അത് നമുക്കായി നേടിത്തരുകയും ചെയ്തു.

അങ്ങനെ ദൈവമക്കള്‍ക്കുള്ള സ്വാതന്ത്ര്യം മനുഷ്യര്‍ക്ക് നേടിത്തന്നു - എന്നുള്ളതാണ് ക്രിസ്തു പ്രവര്‍ത്തിച്ച മഹത്തായ അത്ഭുതം. പാപത്തിന്‍റെ അടിമകളായവരുടെ അസ്തിത്വത്തിന്‍റെ ആഴങ്ങളില്‍ വിരിയുന്ന സൗഖ്യവും സ്വാതന്ത്ര്യവും നമ്മെ ദൈവമക്കളാക്കുന്നു. പാപത്തിന്‍റെ അടിമകളായവരെ സ്വതന്ത്രരാക്കിയ ക്രിസ്തു-സ്നേഹമാണ് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. അതുവഴി നാം ദൈവത്തെ ‘പിതാവേ,’ എന്നു വിളിക്കുന്നു. നാം ദൈവമക്കളായിത്തീരുന്നു. ക്രൈസ്തവര്‍ എന്നും സംരക്ഷിക്കുകയും അഭിമാനിക്കുകയും ചെയ്യേണ്ട ദൈവവുമായുള്ള ഗാഢമായ ബന്ധത്തിന്‍റെ മനോഹരമായ അടയാളവും മുഖമുദ്രയുമാണ് നമ്മുക്കു ലഭിച്ചിരിക്കുന്ന ദൈവമക്കള്‍ക്കുള്ള സ്ഥാനം എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് തന്‍റെ വചനചിന്തകള്‍ ഉപസംഹരിച്ചത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.