2013-07-04 17:18:45

കുടിയേറ്റക്കാരുടെ കദനകഥകള്‍ക്ക്
കാതോര്‍ക്കാന്‍ പാപ്പാ ഫ്രാന്‍സിസ്


4 ജൂലൈ 2013, റോം
പാപ്പായുടെ ലാമ്പെദൂസാ ദ്വീപുസന്ദര്‍ശനം അഭയാര്‍ത്ഥികള്‍ക്ക് പ്രത്യാശയും
അഭയം നല്കുന്നവര്‍ക്ക് പ്രചോദനവുമാണെന്ന്, പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ അന്തോണിയോ വേലിയോ പ്രസ്താവിച്ചു. ജൂലൈ 3-ാം തിയതി റോമിലിറക്കിയ പ്രസ്താവാനയിലാണ് കര്‍ദ്ദിനാള്‍ വേലിയോ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ആഫ്രിക്കാ ഭൂഖണ്ഡത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും കലാപത്തിന്‍റെയും അക്രമത്തിന്‍റെയും വിവേചനത്തിന്‍റെയും കിരാതമായ ചുറ്റുപാടുകളില്‍നിന്നും ഒളിച്ചോടുവന്നവര്‍ക്ക് താല്ക്കാലിക അഭയകേന്ദ്രമാണ് മദ്ധ്യധരണി ആഴയില്‍ ഇറ്റലിയുടെ തീരങ്ങളില്‍ കിടക്കുന്ന ലാമ്പെദുസാ ദ്വീപെന്നും,
സഭാമക്കളുടെ സാമൂഹ്യജീവിതത്തില്‍ അഭയാര്‍ത്ഥികളുടെ വേദനിക്കുന്ന മുഖം ഇനിയും ആഴമായി പതിപ്പിക്കാന്‍ ജൂലൈ 8-ന് സംഘടിപ്പിച്ചിരിക്കുന്ന പാപ്പായുടെ സന്ദര്‍ശം സഹായിക്കുമെന്ന് കര്‍ദ്ദിനാള്‍ വേലിയോ പ്രസ്താവിച്ചു. നിര്‍ബന്ധിത കുടിയേറ്റവും, മെച്ചപ്പെട്ട ജീവിതാവസ്ഥ തേടിയുള്ള കുടുംബങ്ങളുടെ പലായനവും ആഗോളതലത്തില്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടത്തില്‍ സഭയുടെ സമൂഹ്യദര്‍ശനത്തിനും അജപാലനശുശ്രൂഷയുടെ ശൈലിയിലും സാരമായ മാറ്റം വരുത്തേണ്ടത് ഇന്നിന്‍റെ ആവശ്യമാണെന്നും കര്‍ദ്ദിനാള്‍ പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.

പ്രാദേശിക സഭകളുടെ അജപാലന ശുശ്രൂഷാ പരിപാടികള്‍ ഈ ചുറ്റുവട്ടത്തിലാണ് വളര്‍ത്തിയെടുക്കേണ്ടത്. മോചനത്തിനായി സഹായംതേടുന്ന ഏവര്‍ക്കും സഭ അവളുടെ കരങ്ങള്‍ എപ്പോഴും നീട്ടുന്നുണ്ട്. രാഷ്ട്രങ്ങളിലെ നിര്‍ബന്ധിത കുടിയേറ്റ ചുറ്റുപാടുകളില്‍ ജീവന്‍ പരിരക്ഷിക്കുക, മനുഷ്യാന്തസ്സ് വീണ്ടെടുക്കുക, തകരുന്ന ജീവിതങ്ങള്‍ക്ക് പ്രത്യാശപകരുക എന്നിവയ്ക്കൊപ്പം നാടിനോടും സമൂഹത്തോടും പ്രതിബദ്ധത വളര്‍ത്തുക എന്നതും ധാര്‍മ്മിക മൂല്യങ്ങളുടെയും ക്രിസ്തീയ വീക്ഷണത്തിന്‍റെയും ഭാഗമാണ്. അപരിചിതരെ സ്വീകരിക്കുകയും അവര്‍ക്ക് ആതിഥ്യം നല്കുകയും ചെയ്യുന്ന മനോഭാവം ഇതിനാവശ്യമാണ്. ആതിഥേയത്വത്തിന്‍റെ ആത്മീയതയാണ് അവസാനം പൂര്‍ണ്ണസേവനത്തിന്‍റെയും ശുശ്രൂഷയുടെയും മൂര്‍ത്തരൂപമാകുന്നത്. സമൂഹത്തിന്‍റെയും സഭയുടെയും ഭാഗത്തുനിന്നുള്ള നിരന്തര സമര്‍പ്പണത്തിന്‍റെ ഭാഗമായിട്ടു മാത്രമേ വിപ്രവാസികളെ സ്വീകരിക്കുന്ന പ്രക്രിയ യാഥാര്‍ത്ഥ്യമാവുകയുള്ളൂ. ക്രിസ്തുവിനോടും സുവിശേഷ മൂല്യങ്ങളോടും വിശ്വസ്തത പുലര്‍ത്തണമെങ്കില്‍ വിവിധ കാരണങ്ങളാല്‍ നിര്‍ബന്ധമായി പുറംതള്ളപ്പെടുകയും പ്രവാസികളാക്കപ്പെടുകയും ചെയ്തവരോട് ചേര്‍ന്നുനില്കണമെന്ന് സഭ ആഗ്രഹിക്കുന്നു. പരിത്യക്തര്‍ക്കായുള്ള ഈ ശുശ്രൂഷ ക്രൈസ്തവ വിശ്വാസത്തിന്‍റെ ഭാഗമാണ്. ദൈവസ്നേഹത്തിന്‍റെ സമ്പൂര്‍ണ്ണ ജീവിതത്തിനായി ഉത്കണ്ഠപ്പെടുന്നവരുടെ കദനകഥകള്‍ക്ക് കാതോര്‍ക്കുമ്പോള്‍ ദൈവികസ്വരം തന്നെയായിരിക്കും സഭ ഈ പാവങ്ങളിലൂടെ ശ്രവിക്കുന്നതെന്നും കര്‍ദ്ദിനാള്‍ തന്‍റെ പ്രസ്താവനയില്‍ വിവരിച്ചു.
Reported : nellikal, sedoc







All the contents on this site are copyrighted ©.