2013-07-04 08:23:22

അജപാലന സ്നേഹവുമായ്
പാപ്പാ കുടിയേറ്റ ദ്വീപിലേയ്ക്ക്


3 ജൂലൈ 2013, റോം
മാനുഷികതയുടെ ഉള്‍ക്കണ്ണുകളാണ് നിര്‍ബന്ധിത കുടുയേറ്റത്താവളമായ ലാമ്പെദൂസായിലേയ്ക്ക് പാപ്പായെ മാടിവിളിക്കുന്നതെന്ന്, സിസിലി-ലാമ്പെഡൂസാ മെത്രാപ്പോലീത്താ, ആര്‍ച്ചുബിഷപ്പ് മൊന്തെനീഗ്രോ പ്രസ്താവിച്ചു. ഇറ്റലിയുടെ തെക്കു-പടിഞ്ഞാറ് ഭാഗത്ത്, മദ്ധ്യധരണി ആഴിയില്‍ ടുണീഷ്യന്‍ തീരത്തുള്ള ലാമ്പെദൂസാ ദ്വീപിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ
ജൂലൈ 8-ാം തിയതി തിങ്കളാഴ്ചത്തെ സന്ദര്‍ശനത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് മൊന്തെനീഗ്രോ ഇങ്ങനെ സാക്ഷൃപ്പെടുത്തിയത്.

ആഫ്രിക്കാ ഭൂഖണ്ഡത്തില്‍ യുദ്ധത്തിന്‍റെയും, അഭ്യന്തരകലാപത്തിന്‍റെയും, വര്‍ഗ്ഗീയ പ്രക്ഷോഭത്തിന്‍റെയും കാലാവസ്ഥാക്കെടുതിയുടെയും പ്രകൃതിക്ഷോഭത്തിന്‍റെയും കെടുതികളില്‍പ്പെട്ടവര്‍ ജീവരക്ഷാര്‍ത്ഥം അഭയംതേടുന്നിടമാണ് ലാമ്പദൂസയെന്നും, ജീവിതത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ നഷ്ടമായി ഓടിയത്തുന്നവര്‍ പത്തായാലും പതിനായിരമായാലും അവര്‍ മനുഷ്യരാണ് എന്ന മാനുഷികതയുടെ സ്പന്ദനമാണ് ഇത്രപെട്ടന്ന് പാപ്പായുടെ ശ്രദ്ധ അവിടേയ്ക്ക് തിരിച്ചതെന്ന് ആര്‍ച്ചുബിഷപ്പ് മോന്തേനീഗ്രോ സാക്ഷൃപ്പെടുത്തി. ജീവരക്ഷാര്‍ത്ഥമുള്ള മനുഷ്യസമൂഹങ്ങളുടെ ഈ പ്രയാണത്തില്‍
ജീവന്‍ നഷ്ടപ്പെട്ടവരെ അനുസ്മരിച്ചു പ്രാര്‍ത്ഥിക്കുകയും, അര്‍ത്ഥപ്രാണനായി ദ്വീപില്‍ അഭയം തേടിയെത്തുന്നവരെ നേരില്‍ക്കാണാനും, അവരെ തുണയ്ക്കുന്ന ദീപുവാസികള്‍ക്ക് തന്‍റെ പിന്‍തുണ പ്രഖ്യാപിക്കുവാനുമാണ് പാപ്പാ അജപാലന സന്ദര്‍ശനം നടത്തുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു.

8-ാം തിയതി രാവിലെ വിമാനമാര്‍ഗ്ഗം ദ്വീപിലെത്തുന്ന പാപ്പ ദ്വീപുവാസികള്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിക്കുകയും, അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുമെന്ന് ആര്‍ച്ചുബിഷപ്പ് മോന്തേനീഗ്രോ സാക്ഷൃപ്പെടുത്തി.








All the contents on this site are copyrighted ©.