2013-07-03 20:36:45

ശ്ലീഹായുടെ വിശ്വാസത്തെ
ബലപ്പെടുത്തിയത്
തിരുമുറിപ്പാടിന്‍റെ തലോടല്‍


3 ജൂലൈ 2013, വത്തിക്കാന്‍
ക്രിസ്തുവിന്‍റെ തിരുമുറിപ്പാടുകളെ തലോടിക്കൊണ്ടാണ്
തോമാശ്ലീഹാ തന്‍റെ വിശ്വസത്തെ ബലപ്പെടുത്തിയതെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. പേപ്പല്‍ വസതി കാസാ മാര്‍ത്തായിലെ കപ്പേളയില്‍ ജൂലൈ 3-ാം തിയതി തോമാശ്ലീഹായുടെ തിരുനാളില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പ ഇങ്ങനെ സുവിശേഷചിന്തകള്‍ പങ്കുവച്ചത്.
ഉത്ഥിതനെ കാണാതെ വിശ്വസിക്കില്ലെന്ന് പ്രഖ്യാപിച്ച തോമസിന് ഒരാഴ്ച വൈകിയാണെങ്കിലും കര്‍ത്താവ് ദര്‍ശനം നല്കിയതുപോലെ, നമ്മുടെ വിശ്വാസാനുഭങ്ങള്‍ക്ക് ധൃതികൂട്ടേണ്ടതില്ലെന്നും നാം പരിശ്രമിക്കുകയും കാത്തിരിക്കുകയും വേണമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

ക്രിസ്തുവിനെ അറിയാനും അവിടുത്തെ സാന്നിദ്ധ്യം അടുത്ത് അനുഭവിക്കുവാനുമുള്ള മാര്‍ഗ്ഗം അവിടുത്തെ തിരുമുറിവുകളെ തലോടിക്കൊണ്ടും, അവിടുത്തെ കുരിശിന്‍റെ പാതയിലൂടെയുമാണെന്ന്, തിരുമുറിവുകളെ സ്പര്‍ശിച്ചുകൊണ്ട്, എന്‍റെ കര്‍ത്താവും ദൈവവും, എന്ന് പ്രഘോഷിച്ച തോമാസ്ലീഹാ നമ്മെ പഠിപ്പിക്കുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
സഭാ ചരിത്രത്തില്‍ ക്രിസ്ത്വാനുഭവത്തിന്‍റെ പാതയില്‍ തെറ്റായതും പരിമിതവുമായ പാതകള്‍ പിന്‍ചെന്നവരുണ്ടെന്ന് പാപ്പ എടുത്തു പറഞ്ഞു. ധ്യാനമാര്‍ഗ്ഗത്തിലും ജ്ഞാനമാര്‍ഗ്ഗത്തിലും, വിരക്തിയുടെ പാതിയിലും, തപോമനിഷ്ഠയിലും പരതിയവരുടെ അന്വേഷണവഴികള്‍ പൂര്‍ണ്ണമായിരുന്നില്ലെന്നും, വഴിതെറ്റിയിട്ടുണ്ടെന്നും, എന്നാല്‍ തന്നെ കണ്ടെത്താന്‍ തന്‍റെ മുറിപ്പാടുകളെ സ്പര്‍ശിക്കുവാനും അനുഭവിക്കാനുമാണ് ക്രിസ്തു ആവശ്യപ്പെടുന്നതെന്നും പാപ്പാ ആഹ്വാനംചെയ്തു.

ക്രിസ്തുവിന്‍റെ മുറിപ്പാടുകളെ ഇന്നു നാം സ്പര്‍ശിക്കേണ്ടത് നമ്മുടെ സഹോദരങ്ങളുടെ ആത്മീയവും ശാരീരികവുമായ മുറിപ്പാടുകളിലൂടെയാണ്. വിശുക്കുന്നവരും, ദാഹിക്കുന്നവരും, നഗ്നരും, പരദേശികളും പീഡിതരും നിന്ദിതരും, രോഗികളും കാരഗൃഹവാസികളുമെല്ലാം ക്രിസ്തുവിന്‍റെ മുറിപ്പെട്ട ശരീരത്തിന്‍റെ പ്രതീകങ്ങളാണെന്ന് പാപ്പാ വിവരിച്ചു. ശാരീരക പീഡനങ്ങള്‍ അനുഭവിക്കുന്നവരെ തിരിച്ചറിയുന്ന മനുഷ്യസ്നേഹി മാത്രമായി നിലകൊള്ളാതെ, വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ അവരെ ആത്മാര്‍ത്ഥമായി സ്വീകരിക്കാനും ആശ്ലേഷിക്കുവാനും സാധിക്കുമ്പോഴാണ് നാം ക്രിസ്തുവിനെ യഥാര്‍ത്ഥത്തില്‍ കണ്ടെത്തുന്നതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ക്രിസ്തുവിന്‍റെ തിരുമുറിപ്പാടുകളെ സ്പര്‍ശിക്കാനുള്ള കൃപ ലഭിക്കുന്നവര്‍ക്ക്, ജീവിക്കുന്ന ദൈവമായ ക്രിസ്തുവിനെ സത്തയില്‍ ആരാധിക്കാനും പ്രഘോഷിക്കുവാനുമുള്ള കൃപയുടെ ധാരാളിത്തവും ഉണ്ടാകുമെന്നും പാപ്പാ വ്യക്തമാക്കിക്കൊണ്ടാണ് തന്‍റെ വചനസമീക്ഷ സമാഹരിച്ചത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.