2013-06-28 20:00:25

‘ജീവന്‍റെ സുവിശേഷം’
സഭയുടെ പ്രകാശപൂര്‍ണ്ണമായ പ്രബോധനം


1. ജീവന്‍റെ സുവിശേഷം – ചാക്രിക ലേഖനം
ഭൗമികതയുടെ അതിരുകളെ അതിലംഘിക്കുന്ന ജീവിത പൂര്‍ണ്ണിമയിലേയ് മനുഷ്യന്‍ വിളിക്കപ്പെട്ടിരിക്കുന്നു, എന്നതാണ് ജീവന്‍റെ സുവിശേഷം. 1995-ല്‍ വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ പുറപ്പെടുവിച്ച Evangelium Vitae ‘ജീവന്‍റെ സുവിശേഷം’ എന്ന ചാക്രികലേഖനത്തിന്‍റെ അനുസ്മരണമായിരുന്നു വിശ്വാസവര്‍ഷത്തില്‍ ‘ജീവന്‍റ സുവിശേഷദിന’മായി ആചരിക്കപ്പെട്ടത്. മനുഷ്യജീവന്‍റെ മൂല്യവും അലംഘനീയതയും പ്രഘോഷിക്കുന്ന സഭയുടെ അടിസ്ഥാന പഠനമാണ്
ഈ ചാക്രികലേഖനം. ഗര്‍ഭഛിദ്രം, കാരുണ്യവധം, മരണശിക്ഷ എന്നിങ്ങനെ ജീവനെ നിഷേധിക്കുന്ന ലോകത്തിന്‍റെ സാമൂഹ്യ നിലപാടുകള്‍ക്കെതിരായ സഭയുടെ ശക്തമായ ശബ്ദമാണിത്. അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്ന നിമിഷം മുതല്‍ അവസാനം അന്ത്യശ്വാസം വെടിയുംവരെ ദൈവിക ദാനമായ ജീവന്‍ ആദരിക്കപ്പടേണ്ടതും പരിരക്ഷിക്കപ്പെടേണ്ടതുമാണ് - എന്ന തത്വം, ക്രൈസ്തവരുടെ വിശേഷാധികാരമോ കുത്തകയോ അല്ല, മറിച്ച് വിശ്വാസവര്‍ഷത്തില്‍ സകലരോടും ഏറ്റുപറയേണ്ടതും എന്നും നവീകരിക്കപ്പെടേണ്ടതുമായ അടിസ്ഥാന മൂല്യവും നിലപാടും ‘ജീവന്‍റെ സുവിശേഷ’വുമാണ്.

കുടുംബങ്ങളെ കേന്ദ്രീകരിച്ച് വളരുകയും സ്നേഹിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ട മനുഷ്യജീവന്‍റെ, അത് ഏതു അവസ്ഥയിലായിരുന്നാലും, സാമൂഹ്യ-പാരിസ്ഥിതിക ഘടകങ്ങളെ സമഗ്രമായി വിക്ഷിക്കുന്ന ഈ സഭാപഠനം ഇന്നും പ്രസക്തമാണ്. മനുഷ്യമനസ്സാക്ഷിയില്‍ ദൈവം കോറിയിട്ടിരിക്കുന്ന ‘കൊല്ലരുത്’ എന്ന അടിസ്ഥാന കല്പനയെ ചാക്രികലേഖനം യുക്തിയുടെയും വചനത്തിന്‍റെയും, സഭാ പാരമ്പര്യത്തിന്‍റെയും പ്രബോധനാധികാരത്തിന്‍റെയും വെളിച്ചത്തില്‍ ‘ജീവിന്‍റെ സുവിശേഷം’ മനോഹരമായി വ്യാഖ്യാനിക്കുകയും പുനര്‍പ്രതിഷ്ഠിക്കുകയും ചെയ്യുന്നുണ്ട്.
ജൂണ്‍ 16-ാം തിയതി ഞായറാഴ്ച പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയോടു ചേര്‍ന്നാണ് വത്തിക്കാനില്‍ ജീവന്‍റെ സുവിശേഷ ദിനം ആചരിച്ചത്.
ഈ ആഘോഷത്തിന്‍റെ പേരുതന്നെ വളരെ മനോഹരമാണ് - ജീവന്‍റെ സുവിശേഷം (Evangelium Vitae). വിശ്വാസവര്‍ഷത്തിലെ ഈ ദിവസം സഭയുടെ ഈ ചാക്രിക ലേഖനത്തിന്‍റെ അനുസ്മരണ ആചരിക്കുമ്പോള്‍ ജീവന്‍ അതിന്‍റെ വൈവിധ്യമാര്‍ന്ന രൂപത്തിലും ഭാവത്തിലും നമുക്കുതന്ന ദൈവത്തിന് നന്ദിയര്‍പ്പിക്കാം. അങ്ങനെ ‘ജീവന്‍റെ സുവിശേഷം’ നമുക്ക് ലോകമെമ്പാടും നവോന്മേഷത്തോടെ പ്രഘോഷിക്കാം.

2. ജീവന്‍റെ സുവിശേഷത്തെക്കുറിച്ച്
നമ്മുടെ ജീവിതത്തിനും വിശ്വാസത്തിനും ഉപകരിക്കുന്ന മൂന്നു ചിന്താശകലങ്ങളാണ് നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നത്. ആദ്യത്തേത്, ജീവന്‍റെ സ്രോതസ്സായ ദൈവം ഇന്നും ജീവിക്കുന്നു എന്ന സത്യമാണ്. രണ്ടാമത്, ക്രിസ്തു നമ്മില്‍ ആത്മീയ ജീവന്‍ വര്‍ഷിക്കുകയും പരിശുദ്ധാത്മാവ് അത് നിലനിര്‍ത്തുകയും ചെയ്യുന്നു. മൂന്നാമതായി, ദൈവിക വഴികള്‍ നമ്മെ ജീവനിലേയ്ക്കു നയിക്കുന്നു. എന്നാല്‍ ഇന്നത്തെ തിന്മയുടെ വിഗ്രഹങ്ങളുടെ വഴികള്‍ നമ്മെ മരണത്തിലേയ്ക്കും നയിക്കുന്നു.

സാമൂവേലിന്‍റെ രണ്ടാം പുസ്തകം നമ്മെ ജീവനെക്കുറിച്ചും മരണത്തെക്കുറിച്ചും അനുസ്മരിപ്പിക്കുന്നു. തന്‍റെ സൈന്ന്യത്തിലുള്ള ഹീത്യന്‍ ഊറിയായുടെ ഭാര്യയുമായി വ്യഭിചരിച്ചത് മറച്ചു വയ്ക്കാന്‍ ദാവീദു രാജാവ് ആഗ്രിഹിച്ചു. ഭര്‍ത്താവ് ഊറിയ അതിവേഗം കൊല്ലപ്പെടുന്നതിനായി പോര്‍ക്കളത്തില്‍ അയാളെ ദാവീദ് മുന്‍നിരയില്‍ നിറുത്തുവാന്‍ തന്ത്രമൊരുക്കി. നന്മയും തിന്മയും വികാരതീവ്രതയും, പാപവും അതിന്‍റെ പ്രത്യാഘാതങ്ങളും ഇടകലര്‍ന്ന ജീവിത നാടകം വളരെ യാഥാര്‍ത്ഥ്യബോധത്തോടെ ബൈബിള്‍ ഇവിടെ അവതരിപ്പിക്കുന്നത്. സ്വാര്‍ത്ഥതയില്‍ സ്വയം സമര്‍ത്ഥിക്കുന്നവന്‍ ദൈവത്തിന്‍റെ സ്ഥാനത്താണ് തന്നെത്തന്നെ പ്രതിഷ്ഠിക്കുന്നത്. അങ്ങനെ മനുഷ്യന്‍ മരണത്തിന് പരിണാമവിധേയനാകുന്നു. ദാവീദിന്‍റെ വ്യാഭിചാരം ചരിത്രത്തില്‍ ഇന്നും പാപത്തിന്‍റെ കരിനിഴല്‍ ചാര്‍ത്തി നില്ക്കുന്നു. നമ്മെത്തന്നെയും ചുറ്റുമുള്ളവരെയും വശീകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് സ്വാര്‍ത്ഥത നമ്മെ നുണപറയിക്കുന്നത്. എന്നാല്‍ ദൈവം ഒരിക്കലും വഞ്ചിതനാകുന്നില്ല.

സാമുവേല്‍ പ്രവാചകന്‍ ദാവീദിനെ ശാസിച്ചു (2, സാമു 12, 9). “കര്‍ത്താവിന്‍റെ കണ്‍മുന്‍പില്‍ നീ തിന്മ പ്രവര്‍ത്തിച്ചു.” രാജാവ് തന്‍റെ മ്ലേച്ഛത തിരിച്ചറിഞ്ഞു. ദൈവത്തോട് മാപ്പപേക്ഷിച്ചു. “കര്‍ത്താവേ, എന്നില്‍ നീ കാരുണ്യം തൂകണേ. എന്തെന്നാല്‍ അങ്ങേയ്ക്കെതിരായി ഞാന്‍ പാപം ചെയ്തു.” (2 സാമു. 12, 13).
ജീവന്‍ നല്കുകയും പരിരക്ഷിക്കുകുയും ചെയ്യുന്ന കാരുണ്യവാനായ ദൈവം ദാവീദിനോടു ക്ഷമിച്ച്, അയാള്‍ക്ക് നവജീവന്‍ നല്കുന്നു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു, “കര്‍ത്താവ് ദാവീദിന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു, ഇനി അവന്‍ മരിക്കുകയില്ല.”

ദൈവത്തെക്കുറിച്ച് എന്തു ധാരണയാണ് നമുക്കുള്ളത്? നമ്മുടെ ജീവിതവഴികളെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന കാര്‍ക്കശ്യക്കാരനായ വിധിയാളനാണോ ദൈവം? ജീവിക്കുന്നവനും, ജീവന്‍റെ ദാതാവും, ജീവന്‍റെ പൂര്‍ണ്ണിമയിലേയ്ക്ക് സകലത്തിനെയും നയിക്കുന്നവനുമായിട്ടാണ് ദൈവത്തെ വിശുദ്ധ ഗ്രന്ഥം വരച്ചുകാട്ടുന്നത്. ഉല്പത്തി പുസ്തകത്തിന്‍റെ ആരംഭം ശ്രദ്ധിക്കാം. ദൈവം പൂഴിയില്‍നിന്നും മനുഷ്യനെ മെനഞ്ഞെടുത്തു. അവിടുന്ന് അവനിലേയ്ക്ക് തന്‍റെ ജീവന്‍ നിശ്വസിച്ചു. അങ്ങനെ മനുഷ്യന് ജീവനും അസ്തിത്വവും ലഭിച്ചു. (ഉല്പത്തി 2, 7). ദൈവം ജീവന്‍റെ സ്രോതസ്സാണ്. അവിടുന്നു നിശ്വസിച്ച പ്രാണനാണ് മനുഷ്യന്‍റെ ജീവന്‍. മനുഷ്യന്‍റെ ഭൂമുഖത്തിലൂടെയുള്ള ജീവിതയാത്രയെ നിലനിറുത്തുന്നത് ദൈവത്തിന്‍റെ ജീവനിശ്വാസമാണ്. “ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ജീവിക്കുന്ന ദൈവം,” എന്നാണ് തന്നെത്തന്നെ അവിടുന്ന് മോശയ്ക്ക് വെളിപ്പെടുത്തിയത്. ഫറവോയുടെ കൈകളില്‍‍നിന്ന് തന്‍റെ ജനത്തെ മോചിക്കാന്‍ മോശയെ അയച്ചപ്പോഴും “ഞാന്‍ ആകുന്നവന്‍, അതായത് ഞാന്‍ ജീവിക്കുന്നവന്‍,” എന്നാണ് ദൈവം തന്നെക്കുറിച്ച് വീണ്ടും അറിയിച്ചത്.

ചരിത്രത്തിലേയ്ക്ക് രംഗപ്രവേശംചെയ്ത ദൈവം മനുഷ്യനെ പാപത്തിന്‍റെ മരണത്തില്‍നിന്ന് മോചിക്കുന്നവനും ജീവിക്കുന്നവനുമാണ്. അവിടുന്നു തെളിയിക്കുന്ന പത്തുകല്പനകളുടെ ജീവമാര്‍ഗ്ഗം സത്യമായും സ്വാതന്ത്ര്യത്തിന്‍റെയും പൂര്‍ണ്ണതയുടെയും മാര്‍ഗ്ഗമാണ്. അരുതുകളുടെ ആവര്‍ത്തനമല്ല ദൈവകല്പനകള്‍..., മറിച്ച് അത് ദൈവത്തോടുള്ള വിധേയത്വത്തിന്‍റെയും, സ്നേഹ സമ്മതത്തിന്‍റെയും ജീവല്‍ബന്ധമാണ്. മനുഷ്യജീവന്‍ ദൈവത്തില്‍ മാത്രമായിരിക്കും പൂര്‍ത്തീകരിക്കപ്പെടുക. കാരണം അവിടുന്ന് ജീവിക്കുന്ന ദൈവമാണ്.

3. ക്രിസ്തു നല്കുന്ന ദൈവിക ജീവന്‍
ജീവിതപാതയില്‍ നമ്മെ ഉത്തേജിപ്പിക്കുന്ന സംഭവമാണ് ലൂക്കായുടെ സുവിശേഷത്തിലെ പാപിനിയുടെ മോചനകഥ. മറ്റുള്ളവര്‍ക്ക് ഉറപ്പു നല്കാനെന്നോണം, ഫരീസേയനായ ശിമയോന്‍റെ ഭവനത്തില്‍വന്ന പാപിനിയായ മഗ്ദലയിലെ മറിയം അവിടുത്തെ പാദാന്തികത്തില്‍ ഇരിക്കാനും സ്പര്‍ശിക്കാനും ക്രിസ്തു അനുവദിച്ചു. മാത്രമല്ല, അവളോട്, “സ്ത്രീയേ, നിന്‍റെ നിരവധിയായ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു, കാരണം നീ അധികമായി സ്നേഹിച്ചു, കുറച്ചു സ്നേഹിക്കുന്നവരോട് കുറച്ചുമാത്രം ക്ഷമിക്കുന്നു,” എന്നും കരുണാര്‍ദ്രമായി മോഴിഞ്ഞു (ലൂക്കാ 7, 47).

പാപത്തില്‍നിന്ന് മോചനവും മരണത്തില്‍നിന്ന് ജീവനും, സ്വാര്‍ത്ഥതയില്‍നിന്നു സ്വാതന്ത്യവും നല്കുന്ന ജീവിക്കുന്ന ദൈവത്തിന്‍റെ അവതാരമാണ് ക്രിസ്തു. അവിടുന്ന് പാപികളായ നമ്മെ സ്വീകരിക്കുന്നു, കൈപിടിച്ചുയര്‍ത്തുന്നു, നയിക്കുന്നു, അവിടുന്നു നമുക്ക് നവജീവന്‍ നല്കുന്നു. ക്രിസ്തു എപ്രകാരം അവിടുത്തെ വാക്കാലും പ്രവൃത്തിയാലും ദൈവിക ജീവന്‍റെ രൂപഭാവം മനുഷ്യര്‍ക്ക് പകര്‍ന്നുതന്നുവെന്ന് സുവിശേഷത്തിലുടനീളം നാം കാണുന്നു. തന്‍റെ പാദങ്ങളില്‍ തൈലം പുരട്ടിയ പാപിനിയെ അവിടുന്നു മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്തു. സ്നേഹത്തോടെ പ്രതികരിച്ച അവള്‍ക്ക് ദൈവത്തിന്‍റെ കരുണാസ്പര്‍ശം അവിടുന്നു ലഭ്യമാക്കി. അവിടുന്ന് അവള‍ക്ക് മാപ്പു നല്കി. അവള്‍ ക്രിസ്തുവില്‍ നവജീവന്‍ പ്രാപിച്ചു.

പൗലോസ് അപ്പസ്തോലന്‍റെ അനുഭവം വ്യത്യസ്തമായിരുന്നില്ല. “എന്നെ സ്നേഹിക്കുകയും എന്നെപ്രതി ജീവന്‍ സമര്‍പ്പിക്കുകയും ചെയ്ത ക്രിസ്തുവിലുള്ള വിശ്വാസമാണ് എനിക്ക് ജീവന്‍ തന്നത്” (ഗലാത്തിയര്‍ 2, 30). അപ്പസ്തോലന്‍ പറയുന്നു, “ഈ ജീവിതം ദൈവിക ജീവനാണ്. ഈ ജീവന്‍ നമുക്കു നല്കുന്നത് ഉത്ഥിതനായ ക്രിസ്തുവിന്‍റെ ദാനമായ പരിശുദ്ധാത്മാവിനെയാണ്.” നമ്മെ ദൈവിക ജീവനിലേയ്ക്കു നയിക്കുകയും ദൈവമക്കാളായി സ്വീകരിക്കുകയും ചെയ്യുന്നത് ദൈവാരൂപിയാണ് – അങ്ങനെ നാം ദൈവത്തിന്‍റെ പുത്രന്മാരും പുത്രിമാരും ക്രിസ്തുവിന്‍റെ കൂട്ടവകാശികളുമാണ്. അരൂപിയോടു തുറവുള്ളവരാണോ നാം, അരൂപിയാല്‍ നയിക്കപ്പെടുന്നുണ്ടോ എന്ന് ആത്മശോധന ചെയ്യേണ്ടതാണ്. ക്രൈസ്തവര്‍ ആത്മീയരാണ് – ആത്മീയര്‍ ആകാശത്ത് മേഘങ്ങളിലോ, മിഥ്യാലോകത്തോ ജീവിക്കുന്നവരല്ല. അനുദിന ജീവിതത്തില്‍ ദൈവഹിതത്തിന് അനുസൃതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണവര്‍. അരൂപിയാല്‍ പരിപുഷ്ടിപ്പെടുവാനും നയിക്കപ്പെടുവാനും സ്വയം അനുവദിക്കുന്ന സമ്പൂര്‍ണ്ണ ജീവന്‍ ലക്ഷൃമിടുന്ന ദൈവമക്കാളാണവര്‍. ഇത് ജീവന്‍റെ യാഥാര്‍ത്ഥ്യ ഭാവവും ഫലദായകത്വവുമാണ്. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുവാന്‍ സ്വയം അനുവദിക്കന്നവര്‍ യാഥാര്‍ത്ഥ്യബോധമുള്ളവരും, അവിടുത്തെ കണ്ടെത്താനും വിലയിരുത്താനും കഴിവുള്ളവരുമാണ്. അവര്‍ ജീവിതസാഫല്യം അണിയുന്നവരാണ്. അവരുടെ ജീവിത മേഖലകളില്‍ എന്നും നവജീവന്‍റെ ഉന്മേഷവും ഉണര്‍വ്വും നിറഞ്ഞരിക്കുന്നു.

4. ജീവിക്കുന്ന ദൈവം
ക്രിസ്തുവാണ് നമുക്കായി ദൈവിക ജീവന്‍ പകര്‍ന്നുതന്നത്. എന്നാല്‍ മനുഷ്യന്‍ ദൈവികജീവന്‍ സ്വീകരിക്കാന്‍ മടിക്കുന്നു. ജീവന്‍റെ സുവിശേഷം ശ്രവിക്കാതെ അവര്‍ ജീവനെ തമസ്ക്കരിക്കുമ്പോള്‍, ജീവനെ ആദരിക്കാത്ത ചിന്താധാരകളാലും ആശയങ്ങളാലുമാണ് അവര്‍ നയിക്കപ്പെടുന്നത്. കാരണം അവരെ ഉത്തേജിപ്പിക്കുന്നത് സ്വാര്‍ത്ഥതയും, സ്വാര്‍ത്ഥതാല്പര്യങ്ങളാലുമാണ്. ലാഭേച്ഛയും, അധികാരഭ്രമവും സുഖലോലുപതയുമാണ് അവരെ നയിക്കുന്നത്; മറിച്ച്, അപരനോടുള്ള സ്നേഹമോ പരിഗണനയോ അല്ല. ദൈവമില്ലാതെ മനുഷ്യന്‍റെമാത്രം ‘പുതിയ പട്ടണം’ പണിയാനായുള്ള അവരുടെ ഭാവനയുടെയും മിഥ്യാബോധത്തിന്‍റെയും പ്രതീകമാണത്. ദൈവികജീവനോ സ്നേഹമോ ഇല്ലാത്ത നവബാബേലാണത്. ക്രിസ്തുവിന്‍റെ പ്രബോധനങ്ങളെയും ജീവന്‍റെ സുവിശേഷത്തെയും അവര്‍ തിരസ്കരിക്കുകയും, ഒപ്പം ദൈവത്തെ നിഷേധിക്കുകയും ചെയ്യുന്നു. ദൈവികനിഷേധം പൂര്‍ണ്ണസ്വാതന്ത്ര്യത്തിലേയ്ക്കും സംതൃപ്തിയിലേയ്ക്കും മനുഷ്യനെ നയിക്കും എന്നത് മിഥ്യാബോധമാണ്. അതുകൊണ്ടാണ് നിത്യനും സജീവനുമായ ദൈവത്തെ, മിന്നല്‍പ്പിണര്‍പോലെ മാറിപ്പോകുന്ന നൈമഷികമായ സുഖലോലുപതയുടെ മാനുഷിക ബിംബങ്ങള്‍കൊണ്ട് അവര്‍ പകരംവച്ചിരിക്കുന്നത്. അവ നൈമിഷിക സ്വാതന്ത്യത്തിന്‍റെ ഉന്മത്തത നല്കുമെങ്കിലും അവസാനം നവമായ അടമത്വത്തിലേയ്ക്കും ആത്മനാശത്തിലേയ്ക്കും അവരെ എത്തിക്കുന്നു.

സങ്കീര്‍ത്തകന്‍റെ വിജ്ഞാനം ശ്രദ്ധേയമാണ് : “കര്‍ത്താവിന്‍റെ സാക്ഷൃം വിശ്വാസ്യമാണ്, അതു വിനീതരെ വിജ്ഞരാക്കുന്നു. കര്‍ത്താവിന്‍റെ കല്പനകള്‍ നീതിയുക്തമാണ്. അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു, കര്‍ത്താവിന്‍റെ പ്രമാണം വിശുദ്ധമാണ്, അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.” (സങ്കീര്‍ത്തനം 19, 8). ആകയാല്‍ ജീവിക്കുന്ന ദൈവത്തെയും അവിടുത്തെ കല്പനകളെയും യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേയ്ക്കും നിത്യജീവനിലേയ്ക്കുമുള്ള പാതയായി നമുക്കു സ്വീകരിക്കാം. ജീവിക്കുന്ന ദൈവം നമ്മെ സ്വതന്ത്രരാക്കും. ഈ ദിവ്യസ്നേഹത്തെ നമുക്ക് ഉള്‍ക്കൊള്ളാം, സ്വാര്‍ത്ഥതപാടെ തിരസ്ക്കരിക്കാം. മരണസംസ്ക്കാരത്തെ വെടിഞ്ഞ് ജീവസംസ്ക്കാരം വളര്‍ത്താം. യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിനായി നിലനിന്നുകൊണ്ട് അസ്വാതന്ത്ര്യത്തിന്‍റെ അടിമത്വം വരുത്തിവയ്ക്കുന്ന ഇന്നിന്‍റെ ശൈലികളെ പാടേ ഉപേക്ഷിക്കാം. മറ്റൊരുവാക്കില്‍, ഒരിക്കലും നമ്മെ നിരാശയില്‍ ആഴ്ത്താത്ത സ്നേഹവും സ്വാതന്ത്ര്യവും ജീവനുമായി ദൈവത്തെ പ്രഘോഷിക്കാം.

തന്‍റെ ജീവന്‍ നമുക്കായി തന്ന ക്രിസ്തുവിലും, നമ്മെ യഥാര്‍ത്ഥ ദൈവമക്കാളാക്കിയ പരിശുദ്ധാതൂപിയിലും, നമുക്ക് തന്നെത്തന്നെ വെളിപ്പെടുത്തി തന്ന ജീവിക്കുന്ന ദൈവത്തിലുമുള്ള വിശ്വാസമാണ് നമ്മെ രക്ഷിക്കുന്നത്. ഈ വിശ്വാസം നമുക്ക് ശാശ്വതമായ സ്വാതന്ത്ര്യവും സന്തോഷവും നല്കുന്നു. ‘ജീവന്‍റെ സുവിശേഷം’ ലോകത്തിനു തന്ന ജീവനാഥന്‍റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തോടു നമുക്കു പ്രാര്‍ത്ഥിക്കാം : നിത്യജീവന്‍റെ സുവിശേഷം എന്നും സ്വീകരിക്കാനും അതിന്‍റെ സാക്ഷികളായി ജീവിക്കുവാനും അമ്മേ, ഞങ്ങളെ പ്രാപ്തരാക്കണമേ.

Text of the Holy Father’s homily on the day of Evangelium Vitae celebrated in Vatican.
Translated : William Nellikal, Radio Vatican








All the contents on this site are copyrighted ©.