2013-06-28 15:56:52

ക്ഷമയെന്ന പുണ്യം അഭ്യസിക്കുന്ന ക്രിസ്തീയ ജീവിതം


28 ജൂണ്‍ 2013, വത്തിക്കാന്‍
ക്രിസ്തുവിനോടൊത്തുള്ള ജീവിതത്തില്‍ ക്ഷമയോടും പ്രത്യാശയോടും കൂടി മുന്നേറാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കരെ ആഹ്വാനം ചെയ്യുന്നു. വത്തിക്കാനിലെ സാന്താ മാര്‍ത്താ മന്ദിരത്തില്‍ വെള്ളിയാഴ്ച രാവിലെ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്‍കിയ വചന സമീക്ഷയിലാണ് ക്രിസ്തീയ ജീവിതത്തില്‍ ക്ഷമയെന്ന പുണ്യത്തിന്‍റെ പ്രസക്തിയെക്കുറിച്ച് മാര്‍പാപ്പ വിശദീകരിച്ചത്. ഓരോരുത്തരുടേയും ജീവിതത്തില്‍ ക്രിസ്തു ഇടപെടുന്ന രീതി വ്യത്യസ്തമാണ്. ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം സ്വജീവിതത്തില്‍ ദൃശ്യമല്ലാത്തപ്പോള്‍ പോലും ക്ഷമയോടെ ദൈവത്തോടൊത്ത് നാം സഞ്ചരിക്കണമെന്ന് മാര്‍പാപ്പ ഉത്ബോധിപ്പിച്ചു.
അബ്രാഹത്തിന്‍റെ ജീവിതത്തില്‍ വളരെ സാവധാനമാണ് ദൈവം പ്രവര്‍ത്തിച്ചത്. ദൈവം ഒരു പുത്രനെ വാഗ്ദാനം ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 90 വയസ് പ്രായമുണ്ടായിരുന്നു. തന്നെ സുഖപ്പെടുത്തണമേയെന്ന് പ്രാര്‍ത്ഥിച്ച കുഷ്ഠരോഗിയുടെ ജീവിതത്തില്‍ ക്രിസ്തുവിന്‍റെ പ്രവര്‍ത്തനം ധ്രുതഗതിയിലായിരുന്നു. യേശു അയാളെ ഉടന്‍തന്നെ തൊട്ടുസുഖപ്പെടുത്തി. ഓരോ വ്യക്തിയുടേയും ജീവിതത്തില്‍ ദൈവത്തിന്‍റെ പ്രവര്‍ത്തനം നൈസര്‍ഗികമാണ്. കര്‍ക്കശമായ ഒരു ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടല്ല ദൈവം പ്രവര്‍ത്തിക്കുന്നത്, ദൈവിക മാര്‍ഗ്ഗം അനന്യമാണ്.
ദൈവിക പ്രവര്‍ത്തനങ്ങളോട് അക്ഷമയോടെയാണ് നാം പ്രതികരിക്കാറെന്നും മാര്‍പാപ്പ തദവസരത്തില്‍ ചൂണ്ടിക്കാട്ടി. ദൈവം സാവധാനം പ്രവര്‍ത്തിക്കുമ്പോള്‍ നാം പരിഭവപ്പെടുന്നു. നിരന്തരം പ്രാര്‍ത്ഥിച്ചിട്ടും ദൈവം നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നില്ലെന്നാണ് നമ്മുടെ പരാതി. മറ്റുചിലസമയത്ത് ദൈവിക വാഗ്ദാനങ്ങളില്‍ വിശ്വസിക്കാനും നമുക്ക് പ്രയാസമാണ്. ദൈവം വാഗ്ദാനം ചെയ്ത വന്‍കാര്യങ്ങള്‍ നമുക്ക് അവിശ്വസനീയമായിത്തോന്നുന്നു. പ്രായമേറിയ തനിക്കൊരു കുഞ്ഞുണ്ടാകുമെന്ന ദൈവദൂതരുടെ പ്രവചനം ശ്രവിച്ചപ്പോള്‍ സാറാ ചിരിച്ചതിനു സമാനമാണ് നമ്മുടെ മനോഭാവവും. അവിശ്വാസം വെടിഞ്ഞ് ദൈവിക വാഗ്ദാനങ്ങളില്‍ ഉറച്ചു വിശ്വസിച്ചുകൊണ്ട് ദൈവത്തോടൊത്ത് നാം സഞ്ചരിക്കണം.
ദൈവത്തിന് നമ്മോടുള്ള ക്ഷമ നിസീമമാണെന്നും മാര്‍പാപ്പ തദവസരത്തില്‍ വിശ്വാസസമൂഹത്തെ അനുസ്മരിപ്പിച്ചു. നമ്മോടൊത്തു സഞ്ചരിക്കുന്ന ദൈവം ക്ഷമാപൂര്‍ണ്ണനാണ്. നല്ല കള്ളന്‍ തന്‍റെ ജീവിതാന്ത്യത്തിലാണ് ദൈവത്തെ തിരിച്ചറിഞ്ഞതെന്നും ഉദാഹരണമായി മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ആത്മീയ ജീവിതത്തില്‍ വരള്‍ച്ച അനുഭപ്പെടുന്നത് സ്വാഭാവികമാണ്. പക്ഷേ ആത്മാവിന്‍റെ ഇരുണ്ട രാവുകള്‍ക്കു ശേഷം പുതിയ പ്രഭാതങ്ങള്‍ വിരിയുമെന്ന് നാം വിസ്മരിക്കരുത്. ദൈവം ഒരു കാര്യം മാത്രമാണ് നമ്മോട് ആവശ്യപ്പെടുന്നത്:ദൈവിക സാന്നിദ്ധ്യത്തില്‍ ജീവിക്കുക, പരിപൂര്‍ണ്ണരായിരിക്കുക.
ക്ഷമാപൂര്‍വ്വം ദൈവിക സാന്നിദ്ധ്യത്തില്‍ ജീവിക്കാനും പരിപൂര്‍ണ്ണരായിരിക്കുവാനും സഭാംഗങ്ങളെ ക്ഷണിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്‍റെ വാക്കുകള്‍ ഉപസംഹരിച്ചത്.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.