2013-06-27 18:59:23

ലോകത്തെ തമസ്ക്കരിക്കുന്ന
ഭൗതികതയും മതനിരപേക്ഷതയും


27 ജൂണ്‍ 2013, റോം
ഇസ്ലാം-കത്തോലിക്കാ സംവാദ സംഘം റോമില്‍ സമ്മേളിച്ചു. ഇസ്ലാമിന്‍റെ ശബാനു തിരുനാളുമായി ഒത്തുചേരുന്ന (1434 ഹിജ്റ 9, 10 തിയതികളിലാണ് ഇരുമതങ്ങളുടെയും സംവാദസംഘം യോഗംചേര്‍ന്നത്.
സഭാപക്ഷത്തുനിന്നും മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി താവ്റാനും, ഇസ്ലാം പ്രതിനിധിയായി അന്തര്‍ദേശിയ സംവാദത്തിനായുള്ള ഇസ്ലാംമിക്ക് ഫോറത്തിന്‍റെ പ്രസിഡന്‍റ് പ്രഫസര്‍ ഹമീദ് ബിന്‍ അഹമ്മദ് റഫിയും യോഗത്തിന് നേതൃത്വം നല്കി.

‘ഇന്നിന്‍റെ ഭൗതികവാദവും മതനിരപേക്ഷതയും’ എന്ന വിഷയത്തെക്കുറിച്ചു സമര്‍പ്പിച്ച പ്രബന്ധങ്ങള്‍ക്കും, തുടര്‍ന്നുള്ള സംവാദങ്ങള്‍ക്കുംശേഷം ക്രിയാത്മകവും പ്രായോഗികവുമായ ചില തീരുമാനങ്ങള്‍ എടുക്കുന്നതിനും യോഗത്തിനു സാധിച്ചു. ഭൗതികവും ആത്മീയവുമായ മാനങ്ങള്‍ ജീവിതത്തിന്‍റെ അവിഭക്തവും പരസ്പര പൂരകവുമായ ഘടകങ്ങളാണ് ഇന്നത്തെ ലോകത്ത്. ജീവിതത്തിന്‍റെ ദ്വൈമാനങ്ങളെ അനുരഞ്ജിപ്പിച്ചു പോകുന്നത് വിശ്വാസികളുടെ ഉത്തരവാദിത്വമാണെന്നും യോഗം അഭിപ്രായപ്പെട്ടു. സമൂഹത്തിന്‍റെയും വ്യക്തികളുടെയും മതാത്മകവും ആത്മീയവുമായ വേരുകള്‍ ഇന്ന് ഇളകുന്നതിനു കാരണം ആന്തരിക-ധാര്‍മ്മിക ജീവിത മേഖലയില്‍ സംഭവിക്കുന്ന അപഛ്യുതികളാണ്. ലോകം ബഹുമുഖങ്ങളായ പ്രതിസന്ധികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ വേദനിക്കുന്നവരെ തുണയ്ക്കുകയും സാന്ത്വനപ്പിക്കുകയും ചെയ്യേണ്ടത് വിശ്വാസികളുടെ ഉത്തരവാദിത്വമാണെന്നും യോഗം ഏകകണ്ഠേന സമ്മതിച്ചു.

ആദരപൂര്‍വ്വകവും ഫലദായകവുമായ സംവാദം ഇരുമതങ്ങളുടെ ഇടയിലും തുടരണമെന്ന് പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ചയില്‍ നല്കിയ ആഹ്വാനം യോഗത്തിന് പ്രചോദനം പകര്‍ന്നു.

ജീവന്‍റെ വിശുദ്ധിയും അന്തസ്സും അവഗണിച്ച് സിറിയയില്‍ ഇനിയും തുടരുന്ന മനുഷ്യക്കുരുതിയെ യോഗം അപലപിച്ചു. അന്തര്‍ദേശിയ നിയമ നടപടികള്‍ക്കനുസൃതമായും പ്രായോഗികമായും രാഷ്ട്രങ്ങളും സന്നദ്ധ സംഘടനകളും സമാധാനത്തിനായി പരിശ്രമിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
അടുത്തയോഗം മുസ്ലിം കൂട്ടായ്മയുടെ നേതൃത്വത്തില്‍ മൊറോക്കോയിലെ തത്വാനില്‍ 2014-ല്‍ സമ്മേളിക്കുവാനും തീരുമാനിച്ചു.
Reported : nellikal, sedoc









All the contents on this site are copyrighted ©.