2013-06-26 10:47:06

സിറിയന്‍ സന്ന്യാസിയുടെ വധത്തില്‍ വത്തിക്കാന്‍റെ അനുശോചനം


25 ജൂണ്‍ 2013, വത്തിക്കാന്‍/ ഇദിലിബ്
സിറിയയില്‍ വധിക്കപ്പെട്ട ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസി ഫ്രാന്‍സ്വാ മുറാദിന് വത്തിക്കാന്‍റെ ആദാരജ്ഞലി. സിറിയ -തുര്‍ക്കി അതിര്‍ത്തിക്കു സമീപം സ്ഥിതിചെയ്യുന്ന ഫ്രാന്‍സിസ്ക്കന്‍ ആശ്രമത്തിനു നേരെ നടന്ന ആക്രമണത്തിലാണ് സിറിയന്‍ പൗരനായ ഫാ.ഫ്രാന്‍സ്വാ മുറാദ് വധിക്കപ്പെട്ടത്. ഇദിലിബ് സംസ്ഥാനത്തെ ജിസര്‍ അല്‍ - ശുഗുര്‍ ജില്ലയില്‍ ക്രൈസ്തവ ഭൂരിപക്ഷമുള്ള ഗസാനിയെ ഗ്രാമത്തില്‍ ആശ്രമ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം താമസിച്ചിരുന്ന വി.അന്തോണിയുടെ നാമത്തിലുള്ള ആശ്രമം ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു. ആക്രമണം നടക്കുമ്പോള്‍ ഫാ.ഫ്രാന്‍സ്വാ മുറാദ് മാത്രമാണ് ആശ്രമത്തിലുണ്ടായിരുന്നതെന്ന് കരുതപ്പെടുന്നു.
പൗരസ്ത്യ സഭകള്‍ക്കു വേണ്ടിയുള്ള വത്തിക്കാന്‍ സംഘം ഫാ.ഫ്രാന്‍സ്വാ മുറാദിന്‍റെ വേര്‍പാടില്‍ അനുശോചിച്ചു. സിറിയയില്‍ അതിദാരുണമായി വധിക്കപ്പെട്ട ഫാ.മുറാദിന്‍റേയും ഇതര വൈദികരുടേയും അല്‍മായരുടേയും ആത്മശാന്തിക്കുവേണ്ടി ജൂണ്‍ 24ന് പൗരസ്ത്യ സഭകള്‍ക്കു വേണ്ടിയുള്ള വത്തിക്കാന്‍ സംഘം പ്രത്യേക അനുസ്മരണ ദിവ്യബലിയര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. കലാപകാരികള്‍ തട്ടിക്കൊണ്ടു പോയവരുടെ മോചനത്തിനുവേണ്ടിയും പ്രാര്‍ത്ഥന നടത്തിയെന്ന് വത്തിക്കാന്‍ സംഘം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സിറിയയിലെ രക്തരൂക്ഷിത സംഘട്ടനം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച വത്തിക്കാന്‍ സംഘം അനുരജ്ഞന ചര്‍ച്ചകളിലൂടെ സമാധാന പുനഃസ്ഥാപനം യാഥാര്‍ത്ഥ്യമാക്കാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.