2013-06-26 10:46:38

വിശ്വാസവര്‍ഷത്തില്‍ വത്തിക്കാനിലേക്ക് സകുടുംബ തീര്‍ത്ഥാടനം


25 ജൂണ്‍ 2013, വത്തിക്കാന്‍
വിശ്വാസവര്‍ഷാചരണത്തോടനുബന്ധിച്ച് വിശുദ്ധ പത്രോസിന്‍റേയും പൗലോസിന്‍റേയും ശവകുടീരങ്ങളിലേക്ക് കുടുംബങ്ങളുടെ തീര്‍ത്ഥാടനം നടത്തപ്പെടുന്നു. കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും നവസുവിശേഷവല്‍ക്കരണത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും സംയുക്തമായാണ് ഒക്ടോബര്‍ 26, 27 തിയതികളില്‍ ഈ തീര്‍ത്ഥാടനം സംഘടിപ്പിച്ചിരിക്കുന്നത്. കുടുംബമൂല്യങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നതിനും കുടുംബ ജീവിതസാക്ഷൃം പങ്കുവയ്ക്കുന്നതിനുമുള്ള ഒരു അവസരമായാണ് ഈ തീര്‍ത്ഥാടനം വത്തിക്കാനില്‍ സംഘടിപ്പിക്കുന്നതെന്ന് കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ജൂണ്‍ 24ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ഔദ്യോഗിക വെബ് സൈറ്റില്‍ (www.familia.va) തീര്‍ത്ഥാടനത്തിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാണ്. തീര്‍ത്ഥാടനത്തിന്‍റെ രജിസ്ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. തീര്‍ത്ഥാടനത്തിന് പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം വെബ് സൈറ്റിലും ഒരുക്കിയിട്ടുണ്ടെന്ന് വാര്‍ത്താക്കുറിപ്പ് അറിയിച്ചു. ജൂണ്‍ 27ാം തിയതി ഞായറാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹ ദിവ്യബലിയോടെയാണ് കുടുംബ തീര്‍ത്ഥാടനം സമാപിക്കുന്നത്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.