2013-06-26 10:46:28

മാള്‍ട്ടയുടെ പ്രധാനമന്ത്രി മാര്‍പാപ്പയെ സന്ദര്‍ശിച്ചു


25 ജൂണ്‍ 2013, വത്തിക്കാന്‍
മാള്‍ട്ടയുടെ പ്രധാന മന്ത്രി ഡോ.ജോസഫ് മുസ്കാതുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി. തന്നെ സന്ദര്‍ശിക്കാന്‍ വത്തിക്കാനിലെത്തിയ ജോസഫ് മുസ്കാതുമായി തിങ്കളാഴ്ച രാവിലെ അപ്പസ്തോലിക അരമനയില്‍ വച്ചാണ് മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തിയത്. മാള്‍ട്ടീസ് ദ്വീപിലെ കത്തോലിക്കാ പാരമ്പര്യത്തെക്കുറിച്ചും മാള്‍ട്ടീസ് സംസ്ക്കാരത്തില്‍ ക്രിസ്തീയ സ്വാധീനത്തെക്കുറിച്ചും കൂടിക്കാഴ്ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടുവെന്ന് കൂടിക്കാഴ്ച്ചയ്ക്കു ശേഷം വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും മുന്‍മാര്‍പാപ്പ ബ‍െനഡിക്ട് പതിനാറാമനും മാള്‍ട്ടയിലേക്ക് നടത്തിയ അപ്പസ്തോലിക സന്ദര്‍ശനങ്ങളും കൂടിക്കാഴ്ച്ചയില്‍ അനുസ്മരിക്കപ്പെട്ടു. മുന്‍ പാപ്പാമാരുടെ സന്ദര്‍ശനം മാള്‍ട്ടീസ് ജനതയ്ക്കും മാള്‍ട്ടയിലെ സഭയ്ക്കും നവോന്‍മേഷവും ഊര്‍ജ്ജസ്വലതയും പകര്‍ന്നുവെന്നും പ്രധാനമന്ത്രി മുസ്കാത് കൃതജ്ഞതാപൂര്‍വ്വം അനുസ്മരിച്ചു.
മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ, വിദേശബന്ധ കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമനിക്ക് മെംമ്പേര്‍ത്തി എന്നിവരുമായും പ്രധാനമന്ത്രി മുസ്കാത് കൂടിക്കാഴ്ച്ച നടത്തി. മാള്‍ട്ടയും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഇരുക്കൂട്ടരും ചര്‍ച്ചചെയ്തുവെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
മാള്‍ട്ടയിലെ കത്തോലിക്കാ സഭാ ചരിത്രത്തിനു പുറമേ വിദ്യാഭ്യാസം, ആതുരസേവനം, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളില്‍ സഭയുടെ സമകാലീന സംഭാവനകളും കത്തോലിക്കാ വിദ്യാഭ്യാസവും സംഭാഷണ വിഷയങ്ങളായി. മാള്‍ട്ടയും പരിശുദ്ധ സിംഹാസനവും ഒപ്പുവച്ചിരിക്കുന്ന വിവിധ ഉടമ്പടികളെക്കുറിച്ചും, ഇരുക്കൂട്ടരും ചര്‍ച്ചചെയ്തു കൊണ്ടിരിക്കുന്ന പുതിയ ഉടമ്പടികളെക്കുറിച്ചും, വിശിഷ്യാ മതപരമായ വിവാഹത്തിന്‍റെ നിയമസാധുതയെ സംബന്ധിക്കുന്ന ഉടമ്പടിയെക്കുറിച്ചും കൂടിക്കാഴ്ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു. മാള്‍ട്ടയിലേയും മെഡിറ്ററേനിയന്‍ രാജ്യങ്ങളിലേയും സാമൂഹ്യ – രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ചും യൂറോപ്യന്‍ യൂണിയനില്‍ മാള്‍ട്ടയുടെ പങ്കാളിത്തത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നുവെന്നും വാര്‍ത്താക്കുറിപ്പ് അറിയിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.