2013-06-26 19:24:01

പിതൃത്വം ദൈവകൃപയുടെ
അതിഭാവുകത്വമെന്ന്
പാപ്പാ ഫ്രാന്‍സിസ്


26 ജൂണ്‍ 2013, വത്തിക്കാന്‍
പിതൃത്വം ദൈവകൃപയുടെ അതിഭാവുകത്വമാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
ജൂണ്‍ 26-ാം തിയതി ബുധനാഴ്ച രാവിലെ പേപ്പല്‍ വസതി, കാസാ മാര്‍ത്തായില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് ആദ്യവായനയിലെ അബ്രാഹത്തിന്‍റെ വ്യക്തിത്വത്തില്‍നിന്നും പിതൃത്വത്തിന്‍റെ സന്ദേശം പാപ്പാ പങ്കുവച്ചത്. പിതൃത്വത്തിനായുള്ള അഭിവാഞ്ഛ ഏതു മനുഷ്യന്‍റെയും ഹൃദയാന്തരാളത്തിലെ ഭാവമാണെന്നും, എന്നാല്‍ വൈദികന് അത് അജപാന-ആത്മീയ പിതൃത്വത്തിന്‍റെ
സ്വയം തിരഞ്ഞെടുത്ത ലോലമായ മേഖലയാണെന്നും ആമുഖമായി പാപ്പാ പ്രസ്താവിച്ചു.
വാര്‍ദ്ധക്യത്തിലും പിതൃത്വം തരണമേയെന്ന് ദൈവത്തോടു യാചിച്ചുകൊണ്ട് ദഹനബലിയര്‍പ്പിക്കുകയും, ബലിവസ്തു സംരക്ഷിക്കാന്‍ വടിയുയര്‍ത്തി നില്കുകയും ചെയ്ത പൂര്‍വ്വപിതാവായ അബ്രാഹത്തിന്‍റെ ചിത്രം ഉല്പത്തി പുസ്തകത്തില്‍നിന്നും പാപ്പാ വരച്ചുകാട്ടി.

ജീവന്‍ നല്കുന്ന പിതൃത്വഭാവവും കഴിവും ഉണ്ടാകുകയെന്നത് ആരുടെയും സ്വാഭാവികവും പ്രകൃതിദത്തനുമായ പക്വതയാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. എന്നാല്‍ ബ്രഹ്മചരികളായ വൈദികര്‍ക്ക് പിതൃത്വം ആത്മീയവും അജപാലനപരവും, അത് ദൈവകകൃപയുടെ അതിഭാവുകത്വവുമാണെന്നും പാപ്പാ വിശേഷിപ്പിച്ചു. വാര്‍ദ്ധക്യത്തിലും തിനിക്കൊരു പുത്രന്‍ ജനിക്കുമെന്നും, തന്‍റെ സന്തതികള്‍ ചരിത്രത്തില്‍‍ സമുദ്രതീരത്തെ മണല്‍ത്തരികള്‍പോലെ പെരുകുമെന്നുള്ള വാഗ്ദാനം ബലിയില്‍ പ്രീതനായ ദൈവം അബ്രാഹത്തിനു നല്കിയ കൃപയുടെ ആന്ദോളനമാണെന്നും, പൗരോഹിത്യത്തിന്‍റെ 60-ാം വാര്‍ഷികം ആഘോഷിച്ചുകൊണ്ട് പാപ്പായോടൊപ്പം സഹകാര്‍മ്മികനായിരുന്ന ഇറ്റലിയിലെ പലേര്‍മോ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ സാല്‍വത്തോര്‍ ജോര്‍ജ്ജിയോടും അദ്ദേഹത്തിന്‍റെ രൂപതാ വൈദികരോടും വിശ്വാസികളോടുമായി പാപ്പാ ആഹ്വാനംചെയ്തു.

“നല്ല വൃക്ഷം നല്ലഫലവും ചീത്ത വൃക്ഷം ചീത്തഫലവും തരുന്നു. നല്ല വൃക്ഷത്തിന് ചീത്തഫലമോ, ചീത്തവൃക്ഷത്തിന് നല്ലഫലമോ പുറപ്പെടുവിക്കാനാവില്ല, ഫലങ്ങളില്‍നിന്നാണ് വൃക്ഷത്തെ അറിയുന്നത്….” ആകയാല്‍ നിങ്ങള്‍ ചീത്തഫലങ്ങള്‍ അണിയുന്നവരാകരുത്…, എന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷഭാഗം (മത്തായി 7,15-20) ഉത്ഥരിച്ചുകൊണ്ട് സമര്‍ത്ഥിച്ചു. സഭയിലുള്ള ‘പൗരോഹിത്യത്തിന്‍റെ പിതൃത്വ’ത്തിന് നമുക്ക് ദൈവത്തിന് നന്ദിപറയാം. വിശുദ്ധ ഗ്രന്ഥത്തില്‍നിന്നും അബ്രാഹത്തിന്‍റെയും ശിമയോന്‍റെയും പിതൃത്വത്തിന്‍റെ രണ്ട് ഐതിഹാസിക വ്യക്തിത്വങ്ങളെ ചൂണ്ടിക്കാട്ടി. സ്വന്തം കുടുംബത്തെ വളര്‍ത്തുന്നതിന് ബലിവസ്തു പരിരക്ഷക്കാന്‍ ബലിവേദിയില്‍ വടി ഉയര്‍ത്തിനിന്ന അബ്രാഹവും, ക്രിസ്തുവില്‍ ആസന്നമായ രക്ഷയുടെ നവജീവനെ കണികാണാന്‍ ജരൂസലേം ദേവാലയത്തില്‍ വാര്‍ദ്ധക്യത്തോളം കാത്തിരുന്ന ശിമയോനും പിതൃത്വ ശുശ്രൂഷയില്‍ ഉയരുന്ന ദൈവികാരാധന നല്കുന്ന സ്വതസിദ്ധമായ ആന്തരീകാനന്ദത്തിന്‍റെ മാതൃകകളാണെന്ന് പ്രസ്താവിച്ചുകോണ്ടാണ് പാപ്പാ തന്‍റെ വചനസമീക്ഷ സമാഹരിച്ചത്
Reported : nellikal, sedoc








All the contents on this site are copyrighted ©.