2013-06-26 19:32:05

ഇറ്റലിയന്‍ മുന്‍പ്രധാനമന്ത്രിയുടെ
നിര്യാണത്തില്‍ പാപ്പാ അനുശോചിച്ചു


26 ജൂണ്‍ 2013, വത്തിക്കാന്‍
ഇറ്റലിയുടെ മുന്‍പ്രധാനമന്ത്രിയും നിയമസഭാ സമാജകനുമായ എമീലിയോ കൊളമ്പോയുടെ നിര്യാണത്തില്‍ പാപ്പ ഫ്രാന്‍സിസ് അനുശോചിച്ചു. ഇറ്റലിയുടെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരക്കാരനും, ഒപ്പം ആദര്‍ശ ധീരനായ കത്തോലിക്കനും ആയിരുന്നു, അന്തരിച്ച എമീലിയോ കൊളംമ്പോ എന്ന് തന്‍റെ സന്ദേശത്തില്‍ പാപ്പാ പരേതനെ വിശേഷിപ്പിച്ചു. പൊതുനന്മ മുന്‍നിറുത്തി പ്രവര്‍ത്തിക്കുകയും, ആഴമായ അര്‍പ്പണബോധവും ഔദാര്യവുമുള്ള രാഷ്ട്രീയ നയങ്ങള്‍ ജീവിക്കുകയും ചെയ്ത മഹാനുഭാവനാണ്, ജൂണ്‍ 24-ാം തിയതി ചൊവ്വാഴ്ച, 93-ാമത്തെ വയസ്സില്‍ അന്തരിച്ച എമീലയോ കൊളംമ്പോയെന്ന് പാപ്പ സന്ദേശത്തില്‍ പ്രസ്താവിച്ചു.

പരേതന്‍റെ സഹോദരിയെയും കുടുംബാംഗങ്ങളെയും അന്തിമോപചാര ശുശ്രൂഷയില്‍ പങ്കെടുക്കുന്നരെയും അനുശോചനം അറിയിച്ച പാപ്പ, ഏവര്‍ക്കും തന്‍റെ പ്രാര്‍ത്ഥാനാശംസകളും അപ്പസ്തോലിക ആശീര്‍വ്വാദവും നല്കി. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര‍ച്ചീസിയോ ബര്‍ത്തോണെവഴിയാണ് പാപ്പാ അനുശോചന സന്ദേശം അയച്ചത്. 2003-ലാണ് ഇറ്റലിയുടെ നിയമസഭ എമീലിയോ കൊളംമ്പിയോയെ ആജീവനാന്ത സെനറ്ററായി നിയമിച്ചത്. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലൂടെ രാഷ്ട്രീയ രംഗത്തിറങ്ങിയ എമീലിയോ കൊളംമ്പോ, വിദേശകാര്യ മന്ത്രിയായും, യൂറോപ്യന്‍ പാര്‍ലിമെന്‍റിന്‍റെ പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.








All the contents on this site are copyrighted ©.