2013-06-26 18:10:23

അന്തസ്സുള്ള ആരാധനക്രമം
ക്രൈസ്തവ ജീവിതത്തിന്‍റെ കേന്ദ്രം


26 ജൂണ്‍ 2013, വത്തിക്കാന്‍
അന്തസ്സുള്ള ആരാധനക്രമം ക്രൈസ്തവ ജീവിതത്തിന്‍റെയും നവസുവിശേഷവത്ക്കരണത്തിന്‍റെയും കേന്ദ്രമാകണമെന്ന്, ആരാധനക്രമകാര്യങ്ങളുടെ പണ്ഡിതന്‍, ബിഷപ്പ് ഡോമ്നിക്ക് റേ പ്രസ്താവിച്ചു.
ജൂണ്‍ 25-ാം തിയതി റോമിലെ സാന്തോ ക്രോച്ചേ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ആരംഭിച്ച അന്താരാഷ്ട്ര ആരാധനക്രമ സമ്മേളനത്തില്‍ സമര്‍പ്പിച്ച പ്രഥമ പ്രബന്ധത്തിലാണ്, ആരാധനക്രമ വിദഗ്ദ്ധനും ഫ്രാന്‍സിലെ തൊളോണ്‍ തൂപതാദ്ധ്യക്ഷനുമായ ബിഷപ്പ് റേ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സഭാജീവന്‍റെ അടിത്തറ ആരാധനക്രമമാകയാല്‍ അതില്‍ വരുന്ന പാളിച്ചകളും ക്രമക്കേടുകളും വിശ്വാസജീവിതത്തെ സാരമായി ബാധിക്കുമെന്ന് ബിഷപ്പ് റേ ചൂണ്ടിക്കാട്ടി. ആരാധനക്രമത്തിന്‍റെ സംരക്ഷകരായിരിക്കേണ്ട വൈദികര്‍ തന്നെയാണ് പലപ്പോഴും അതിന്‍റെ ക്രമങ്ങള്‍തെറ്റിച്ച് അലങ്കോലമാക്കുന്നതും, അതിന്‍റെ അന്തസ്സു കളഞ്ഞുകുളിക്കുന്നതെന്നും ബിഷപ്പ് റേ കുറ്റപ്പെടുത്തി.
സഭയുടെ പുരാതന പരമ്പര്യങ്ങളില്‍ അടിയുറച്ചതും വചന- ദൈവശാസ്ത്രീധിഷ്ഠിതവും, സഭാപിതാക്കന്മാരുടെ പഠനങ്ങളില്‍ വേരൂന്നിയതുമായ ആരാധനക്രമ പ്രാര്‍ത്ഥനകളെ സ്വയംപ്രേരിത പ്രാര്‍ത്ഥനകളും തത്സമയാവിഷ്കൃത നിയോഗങ്ങളുംകൊണ്ട് വളരെ ലാഘവത്തോടെ പകരംവച്ചാണ് ‘സഭാജീവന്‍റെ സ്രോതസ്സും ഉച്ചിയു’മായ ആരാധനക്രമത്തെ വൈദികര്‍ വികലമാക്കുന്നതെന്ന് ബിഷപ്പ് റേ കുറ്റപ്പെടുത്തി.

ആരാധനക്രമചക്രം തെറ്റിച്ചുകൊണ്ട്, ആരാധനയ്ക്ക് ഇണങ്ങാത്തതും അനുചിതവുമായ ഗാനങ്ങള്‍ ദേവാലയങ്ങളില്‍ ഉപയോഗിച്ചുകൊണ്ട് സഭയുടെ ചിട്ട തെറ്റിക്കുന്നതും, ആരാധനക്രമത്തിന്‍റെ ഏകാഗ്രത നശിപ്പിക്കുന്നതും ക്രമക്കേടുകളുടെ രണ്ടാമത്തെ കാരണമായി ബിഷപ്പ് റേ ചൂണ്ടിക്കാട്ടി. സാധാരണ സംഗീതവും ആരാധനക്രമ സംഗീതവും തമ്മില്‍ വിവേചനമില്ലാത്ത ശൈലി പരിഷ്ക്കാരത്തിന്‍റെയും നവീകരണത്തിന്‍റെയും പേരില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം ദേവാലയങ്ങളില്‍ ധാരാളമായി കടന്നുകൂടിയിട്ടുണ്ടെന്നും ബിഷപ്പ് റേ ചൂണ്ടിക്കാട്ടി.

ആരാധനക്രമത്തെ തന്‍റെ സഭാശുശ്രൂഷാ ജീവിതത്തിന്‍റെ കേന്ദ്രമാക്കിയ ബനഡിക്ട് 16-ാന്‍ പാപ്പായെ സമ്മേളനം പ്രത്യേകം അനുസ്മരിച്ചു. പാപ്പാ ബനഡിക്ട് തിരികൊളുത്തിയ ആരാധനക്രമ നവീകരണ പദ്ധതി ഇനിയും പൂര്‍ണ്ണിമയിലെത്തിക്കാന്‍ നവസുവിശേഷവത്ക്കരണ പദ്ധതിയിലൂടെ സാധിക്കണമെന്നും ബിഷപ്പ് റേ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു. 100-ല്‍ ഏറെ പ്രതിനിധികള്‍ പങ്കെടുക്കുന്ന അന്തര്‍ദേശിയ സമ്മേളനം ജൂണ്‍ 28 വെള്ളിയാഴ്ചവരെ നീണ്ടുനില്ക്കും.
Reported : nellikal, sedoc








All the contents on this site are copyrighted ©.