2013-06-25 16:43:18

ക്രിസ്തുവിനായി സ്വജീവന്‍ നഷ്ടമാക്കുന്നവര്‍


“സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നെ പ്രതി സ്വജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതു രക്ഷിക്കും” എന്ന സുവിശേഷ വാക്യത്തെ ആസ്പദമാക്കിയാണ് ജൂണ്‍ 23ാം തിയതി ഞായറാഴ്ച മാര്‍പാപ്പ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം നല്‍കിയത്. മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

“സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നെ പ്രതി സ്വജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതു രക്ഷിക്കും (ലൂക്ക 9, 24): യേശുവിന്‍റെ അതിശക്തമായ വാക്കുകളാണ് നാമിവിടെ ശ്രവിക്കുന്നത്. ക്രിസ്തുവിന്‍റെ പ്രബോധനങ്ങളുടെ സംഗ്രഹം ഈ വാക്കുകളില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. കുറിക്കുകൊള്ളുന്ന രീതിയില്‍ ഉപയോഗിച്ചിരിക്കുന്ന വിപരീതോക്തി യേശുവിന്‍റെ സംഭാഷണ ശൈലി പ്രകടമാക്കുന്നു. ഈ വാക്കുകള്‍ കാതില്‍ പതിയുമ്പോള്‍ അവിടുത്ത സ്വരം ശ്രവിക്കുന്ന പ്രതീതി നമുക്കനുഭവപ്പെടുന്നുണ്ട്.
പക്ഷേ, യേശുവിനെ പ്രതി ജീവന്‍ നഷ്ടമാക്കുക എന്ന് പറയുന്നതിന്‍റെ അര്‍ത്ഥമെന്താണ്? രണ്ടു തരത്തില്‍ അതു സംഭവിക്കാം. പരസ്യമായ വിശ്വാസ പ്രഖ്യാപനവും, സത്യത്തിനുവേണ്ടിയുള്ള രഹസ്യമായ പോരാട്ടവുമാണ് ആ രണ്ടു മാര്‍ഗങ്ങള്‍. യേശുവിനെ പ്രതി സ്വജീവന്‍ നഷ്ടപ്പെടുത്തുന്നതിന്‍റെ മകുടോദാഹരണമാണ് രക്തസാക്ഷികള്‍. രണ്ടായിരം വര്‍ഷത്തിനുള്ളില്‍ എത്രയേറെ സ്ത്രീപുരുഷന്‍മാരാണ് യേശു ക്രിസ്തുവിനോടും അവിടുത്തെ സുവിശേഷത്തോടും വിശ്വസ്തരായിരിക്കുന്നതിനുവേണ്ടി സ്വജീവന്‍ ബലികഴിച്ചത്! ഇന്നും ലോകത്തിന്‍റെ നാനാഭാഗത്ത് അനേകം പേര്‍ യേശുവിനെ തള്ളിപ്പറയാന്‍ വിസമ്മതിച്ച് മരണം വരിക്കുന്നുണ്ട്. യേശുവിനു വേണ്ടി രക്തസാക്ഷികളാന്‍ തയ്യാറാണവര്‍. ഇതാണ് നമ്മുടെ സഭ. ആദ്യനൂറ്റാണ്ടുകളില്‍ ഉണ്ടായതിനേക്കാള്‍ കൂടുതല്‍ രക്തസാക്ഷികള്‍ ഇന്നുണ്ട്.
മറ്റൊരു വിധത്തിലുള്ള രക്തസാക്ഷിത്വം കൂടിയുണ്ട്. അനുദിന ജീവിതത്തിലെ രക്തസാക്ഷിത്വമാണത്. അവിടെ മരണം സംഭവിക്കുന്നില്ലെങ്കിലും സ്നേഹത്തോടും, യേശുവിന്‍റെ യുക്തിക്ക് ചേര്‍ന്ന വിധത്തില്‍, ത്യാഗം സഹിച്ച് സ്വന്തം കടമകള്‍ നിറവേറ്റുമ്പോള്‍ യേശുവിനെ പ്രതി ജീവന്‍ നഷ്ടമാക്കുക തന്നെയാണ് നാം ചെയ്യുന്നത്. ഒന്നാലോചിച്ചു നോക്കൂ, തങ്ങളുടെ കുടുംബത്തിനുവേണ്ടി സ്വജീവന്‍ സമര്‍പ്പിച്ചുകൊണ്ട് എത്രയോ മാതാപിതാക്കന്‍മാരാണ് ഓരോ ദിവസവും തങ്ങളുടെ വിശ്വാസപ്രകാരം ജീവിക്കുന്നത്! എത്രയേറെ വൈദികരും സന്ന്യാസീസന്ന്യാസിനികളുമാണ് ദൈവരാജ്യത്തിനുവേണ്ടി ഉദാരമായി ശുശ്രൂഷചെയ്യുന്നത്. എത്രയോ യുവജനങ്ങളാണ് സ്വന്തം താല്‍പര്യങ്ങള്‍ വെടിഞ്ഞ് കുട്ടികളേയും, വികലാംഗരേയും വയോധികരേയും ശുശ്രൂഷിക്കാന്‍ സ്വയം സമര്‍പ്പിച്ചിരിക്കുന്നത്....ഇവരെല്ലാം രക്തസാക്ഷികളാണ്. അനുദിന ജീവിതത്തിലെ രക്തസാക്ഷികള്‍!

സത്യത്തെ പ്രതി ജീവന്‍ വെടിയാന്‍ തയ്യാറാകുന്ന ക്രൈസ്തവരും അക്രൈസ്തവരും ഉള്‍പ്പെടുന്ന മറ്റൊരു വിഭാഗം കൂടിയുണ്ട്. ക്രിസ്തു പറഞ്ഞത് ‘ഞാന്‍ സത്യമാകുന്നു’ എന്നല്ലേ. അങ്ങനെയാണെങ്കില്‍ സത്യത്തിന്‍റെ ശുശ്രൂഷകര്‍ യേശുവിന്‍റെ ശുശ്രൂഷകരാണ്. അപ്രകാരം സത്യത്തിനുവേണ്ടി സ്വജീവന്‍ ബലികഴിച്ച ഒരു വ്യക്തിയാണ് വി.സ്നാപക യോഹന്നാന്‍. ജൂണ്‍ 24ാം തിയതി അദ്ദേഹത്തിന്‍റെ ജനനത്തിരുന്നാള്‍ നാം ആഘോഷിക്കുന്നു. യേശുവിന് വഴിയൊരുക്കാന്‍ ദൈവം തിരഞ്ഞെടുത്തവനാണ് വി. സ്നാപക യോഹന്നാന്‍. അദ്ദേഹമാണ് ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടിനെക്കുറിച്ച് ഇസ്രായേല്‍ ജനത്തെ അറിയിച്ചത്. ദൈവത്തിനും ദൈവത്താല്‍ അയയ്ക്കപ്പെട്ടവനായ യേശുവിനും വേണ്ടി വി.സ്നാപക യോഹന്നാന്‍ സ്വയം സമര്‍പ്പിച്ചു. പക്ഷെ, ഒടുവിലെന്താണ് സംഭവിച്ചത്? സത്യത്തിനുവേണ്ടി ജീവത്യാഗം ചെയ്യേണ്ടിവന്നു അദ്ദേഹത്തിന്. ഹേറോദിന്‍റേയും ഹേറോദിയായുടേയും അവിഹിതബന്ധം എതിര്‍ത്തതിന്‍റെ പേരില്‍ അദ്ദേഹത്തിന് സ്വന്തം ജീവന്‍ ബലിയായി നല്‍കേണ്ടി വന്നു. സത്യത്തിനായി ശബ്ദമുയര്‍ത്തുന്ന എത്രയോ പേര്‍ക്കാണ് അതിന്‍റെ പേരില്‍ കനത്ത വില നല്‍കേണ്ടി വരുന്നത്. മനസാക്ഷിയുടെ സ്വരം ശ്രവിക്കുന്ന നീതിനിഷ്ഠരായ അനേകര്‍ സത്യം കൈവെടിയാന്‍ തയ്യാറാകാതെ ഒഴുക്കിനെതിരേ നീന്തുന്നുണ്ട്. ഒഴുക്കിനെതിരേ നീന്താന്‍ അവര്‍ക്ക് ഭയമില്ല. നാമും അവരെപ്പോലെ നിര്‍ഭയരായിരിക്കണം.

അനേകം യുവജനങ്ങള്‍ നിങ്ങള്‍ക്കിടയിലുണ്ട്. യുവജനങ്ങളേ ഞാന്‍ നിങ്ങളോടു പറയുന്നു, ഒഴുക്കിനെതിരേ നീന്തുവാന്‍ നിങ്ങള്‍ ഭയപ്പെടരുത്. നിങ്ങളുടെ പ്രത്യാശ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കും മൂല്യബോധം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കുമെതിരേ നിങ്ങള്‍ നിര്‍ഭയം മുന്നോട്ടു പോകണം. തകര്‍ന്നടിഞ്ഞ മൂല്യങ്ങള്‍ പാചകത്തില്‍ പിശകുവന്ന ഭക്ഷണം പോലെയാണ്. ചീത്തയായ ഭക്ഷണം പോലെ അത്തരത്തിലുള്ള ഭാഗിക മൂല്യങ്ങളും നമുക്ക് ഹാനികരമാണ്. നാം അവയ്ക്കെതിരേ മുന്നേറണം. പ്രിയ യുവജനങ്ങളേ, നിങ്ങളാണ് അതില്‍ മുന്നിട്ടു നില്‍ക്കേണ്ടത്. അഭിമാനത്തോടെ ഒഴുക്കിനെതിരേ നീന്താന്‍ നിങ്ങള്‍ തയ്യാറാകണം. നിര്‍ഭയം ഒഴുക്കിനെതിരേ നീന്തുവിന്‍. അതില്‍ അഭിമാനിക്കുവിന്‍.
പ്രിയ സഹോദരങ്ങളേ, യേശുവിന്‍റെ വചനം നമുക്ക് ആനന്ദത്തോടെ സ്വീകരിക്കാം. അത് നമ്മുടെ ജീവിത ശൈലിയായിരിക്കട്ടെ. യേശുവിന്‍റെ വാക്കനുസരിച്ചു ജീവിക്കാന്‍ വി.സ്നാപക യോഹന്നാന്‍ നമ്മെ സഹായിക്കട്ടെ. എപ്പോഴുമെന്നപോലെ പരിശുദ്ധ കന്യകാ മറിയം ഇക്കാര്യത്തിലും നമുക്ക് മാതൃകയാണ്. യേശുവിന്‍റെ ജീവിത കാലത്തുടനീളം യേശുവിനായി സ്വന്തം ജീവന്‍ നഷ്ടമാക്കിയവളാണ് മറിയം. ആ പരിത്യാഗം കുരിശോളം നീണ്ടു. തത്ഫലമായി, ഉത്ഥാനത്തിന്‍റെ മഹത്വവും പ്രകാശവും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനും പരിശുദ്ധ മറിയത്തിനായി. സുവിശേഷത്തിന്‍റെ യുക്തി സ്വന്തമാക്കാന്‍ പരിശുദ്ധ കന്യകാമറിയം നമ്മെ എല്ലായ്പ്പോഴും സഹായിക്കട്ടെ

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.