2013-06-25 19:30:00

ഇസ്രായേല്‍ അര്‍പ്പിച്ച കൃതജ്ഞതാബലി (44)
വിശുദ്ധ ജനത്തിന്‍റെ ജീവാര്‍പ്പണം


RealAudioMP3 ുറപ്പാടു ഗ്രന്ഥത്തിന്‍റെ കേന്ദ്രഭാഗത്തേയ്ക്കു കടക്കുമ്പോഴാണ് അതിന്‍റെ നല്ലൊരു ഭാഗം പത്തുകല്പനകളുടെ വ്യാഖ്യാനങ്ങളാണെന്ന് മനസ്സിലാകുന്നത്. ദൈവം ഒരു ജനത്തെ രൂപീകരിച്ച്, കല്പനകള്‍ നല്കി അവരെ നയിക്കുന്നതാണ് ഗ്രന്ഥത്തിന്‍റെ നടുത്തുണ്ടം. ചരിത്രത്തില്‍ മനുഷ്യകുലത്തിന്‍റെ ക്രമമായ ജീവിതത്തിന് അനിവാര്യമായ പ്രകൃതി നിയമങ്ങളുടെയും ധാര്‍മ്മിക ഉപദേശങ്ങളുടെയും സത്താരൂപങ്ങള്‍ ആദ്യമായി രേഖപ്പെടുത്തപ്പെട്ടത് പുറപ്പാടിന്‍റെ ഏടുകളിലാണെന്നത് ഈ പഠനത്തില്‍ വ്യാക്തമാകുന്നു. ദൈവത്തിന്‍റെ സ്വരം ശ്രവിച്ച് സമൂഹത്തില്‍ സഹോദരങ്ങള്‍ക്കൊപ്പം എക്കാലത്തും എവിടയെും ജീവിക്കുവാന്‍ സഹായകമാകുന്ന സോരോപദേശങ്ങളുടെ വ്യാഖ്യാനങ്ങളും വിശദാംശങ്ങളും ഇത്തവണ നമുക്കു പഠിക്കാം.

വിളിച്ച ജനത്തെ മുന്നോട്ടു നയിക്കുമ്പോള്‍, അവര്‍ക്ക് കല്പനകള്‍ നല്കി കാത്തുപാലിക്കുക മാത്രമല്ല, ദൈവം വാഗ്ദാനങ്ങളും നല്കുന്നുണ്ട്. അത് രക്ഷയുടെ വാഗ്ദാനങ്ങളാണ്. പുതിയ നിയമത്തില്‍ പുതിയ മോശയില്‍, ക്രിസ്തുവില്‍ പൂര്‍ത്തീകരിക്കപ്പെടേണ്ട രക്ഷയുടെ വാഗ്ദാനങ്ങളാണവയെന്ന്, പുറപ്പാടിന്‍റെ 23-ാം അദ്ധ്യായം തുടങ്ങിയുള്ള ഭാഗങ്ങളുടെ പഠനം വ്യക്തമാക്കുന്നു. കര്‍ത്താവ് ഇങ്ങനെ അരുള്‍ചെയ്തു, “കര്‍ത്താവിന്‍റെ ദൂതന്‍ നിനക്കുമുന്‍പേ പോയി നിങ്ങളെ അമോര്യര്‍, ഹീത്യര്‍, പെരീസ്യര്‍, കാനാന്ന്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ ഇടയിലേയ്ക്കു നയിക്കും. എന്നിട്ട് ഞാന്‍ അവരെ നിശ്ശേഷം നശിപ്പിക്കും. നിങ്ങള്‍ അവിടെ അവരുടെ ദേവന്മാരെ കുമ്പിടുകയോ ആരാധിക്കുകയോ ചെയ്യരുത്. അവരുടെ കൂടാരങ്ങള്‍പോലും അനുകരിച്ചു നിര്‍മ്മിക്കരുത്. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കുവിന്‍. അപ്പോള്‍ ദൈവം ഭക്ഷൃവും പാനീയവും സമൃദ്ധമായി നിങ്ങള്‍ക്ക് ആശീര്‍വ്വദിച്ചു നില്കും. അവിടുന്നു തന്‍റെ ജനത്തിന്‍റെ ഇടയില്‍നിന്നും രോഗങ്ങള്‍ മായിച്ചുകളയും. ഗര്‍ഭച്ഛിദ്രമോ വന്ധ്യതയോ നാട്ടില്‍ ഉണ്ടാവുകയില്ല. അവിടുന്നു തന്‍റെ ജനത്തിന് ദീര്‍ഘായുസ്സു തന്ന് നിങ്ങളെ അനുഗ്രിഹിക്കും. നിങ്ങള്‍ ചെന്നെത്തും മുന്‍പേ നിങ്ങള്‍ക്ക് ഏറ്റുമുട്ടേണ്ടി വരുന്ന ജനങ്ങള്‍ എന്നെ ഭയപ്പെടുന്നതിനു ഞാന്‍ ഇടയാക്കും. അവരില്‍ സംഭ്രമം ജനിപ്പിക്കും. നിങ്ങളുടെ ശത്രുക്കള്‍ പിന്തിരിഞ്ഞോടും. നിങ്ങളുടെ ശത്രുക്കള്‍ എന്‍റെയും ശത്രുക്കളായിരിക്കും...”
“നിങ്ങള്‍ക്കു മുന്‍പേ ആ സ്ഥലങ്ങളിലെല്ലാം ഞാന്‍ കടന്നലുകളെ അയയ്ക്കും. അവ ഹീവ്യര്‍, കാനാന്യര്‍, ഹീത്യര്‍ എന്നിവരെ നിങ്ങളുടെ മുന്‍പില്‍നിന്നു തുരത്തും. എന്നാല്‍ ഒറ്റ വര്‍ഷംകൊണ്ട് അവരെ നിങ്ങളുടെ മുന്‍പില്‍നിന്നു തുടച്ചുമാറ്റുകയില്ല. അങ്ങനെ ചെയ്താല്‍ നാടു വിജനമാകുകയും നിങ്ങള്‍ക്ക് ഉപദ്രവകാരികളായ വന്യമൃഗങ്ങള്‍ പെരുകുകയും ചെയ്യും. നിങ്ങള്‍ വര്‍ധിച്ച് നാടു കൈവശപ്പെടുത്തുന്നതനുസരിച്ച് അവരെ എന്‍റെ മുന്‍പില്‍നിന്ന് ഞാന്‍ പുറന്തള്ളിക്കൊണ്ടിരിക്കും. നിങ്ങളുടെ അതിര്‍ത്തികള്‍ ചെങ്കടല്‍ മുതല്‍ ഫിലിസ്ത്യാക്കടല്‍വരെയും, മരുഭൂമി മുതല്‍ യൂഫ്രട്ടീസ് നദിവരെയുമായി ഞാന്‍ നിശ്ചയിക്കും. തദ്ദേശവാസികളെ ഞാന്‍ നിങ്ങളുടെ കൈയില്‍ ഏല്പിക്കും. അവരെ നിങ്ങളുടെ മുന്‍പില്‍നിന്നും തുരത്തണം. അവരോടോ അവരുടെ ദേവന്മാരോടോ നിങ്ങള്‍ ഉടമ്പടിചെയ്യരുത്. അവര്‍ നിങ്ങളുടെ നാട്ടില്‍ വസിക്കരുത്. വസിച്ചാല്‍, എനിക്കെതിരായി പാപംചെയ്യാന്‍ ‍അവര്‍ നിങ്ങളെ പ്രേരിപ്പിക്കും. നിങ്ങള്‍ അവരുടെ ദേവന്മാരെ ആരാധിച്ചാല്‍ അതു എന്നും നിങ്ങള്‍ക്കൊരു കെണിയായിരിക്കുമെന്ന് ഓര്‍ത്തുകൊള്ളുവിന്‍.”

കര്‍ത്താവ് മോശയോട് തുടര്‍ന്നും അരുള്‍ചെയ്തു. “നീയും അഹറോനും നാദാബും അബീഹും ഇസ്രായേലിലെ എഴുപതു ശ്രേഷ്ഠന്മാരുംകൂടി വിശുദ്ധ മലയിലേയ്ക്ക് കയറിവരുവിന്‍.
നിങ്ങള്‍ അകലെനിന്ന് കുമ്പിട്ടാരാധിക്കുവിന്‍. മോശ മാത്രം എന്നെ സമീപിക്കട്ടെ. മറ്റുള്ളവര്‍ മാറി നില്ക്കട്ടെ. ജനം മലമുകളിലേയ്ക്ക് കയറി വരുകയുമരുത്.” അപ്പോള്‍ മോശ കര്‍ത്താവിന്‍റെ മലയില്‍ അവിടുത്തെ സ്വരം ശ്രവിച്ചു. പിന്നീട് മോശ മലയിറങ്ങി വന്നു. ദൈവം കല്പിച്ച എല്ലാ വാക്കുകളും നിയമങ്ങളും മോശ ജനത്തെ അറിയിച്ചു. കര്‍ത്താവു വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം തങ്ങള്‍ ചെയ്യുമെന്ന് അപ്പോള്‍ ജനങ്ങള്‍ ഏകസ്വരത്തില്‍ മറുപടി പറഞ്ഞു. മോശ കര്‍ത്താവിന്‍റെ വാക്കുകളെല്ലാം പിന്നീട് എഴുതിവച്ചു.

മോശയുടെ ആജ്ഞപ്രകാരം പിന്നീട് ജനം അതിരാവിലെ ഏഴുന്നേറ്റ് മലയുടെ അടിവാരത്തില്‍ ഒരു ബലിപീഠവും ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കായി പന്ത്രണ്ടു സ്തംഭങ്ങളും നിര്‍മ്മിച്ചു. മോശ അയച്ച ഇസ്രായേല്‍ യുവാക്കന്മാര്‍ കര്‍ത്താവിനു ദഹനബലികളും കാളകളെക്കൊണ്ടുള്ള സമാധാനബലികളും അര്‍പ്പിച്ചു. ബലിരക്തം മോശ പകുതി പാത്രങ്ങളിലാക്കുകയും പകുതി ബലിപീഠത്തിന്മേല്‍‍ തളിക്കുകയും ചെയ്തു. അനന്തരം, ഉടമ്പടി ഗ്രന്ഥമെടുത്ത് ജനങ്ങള്‍ കേള്‍ക്കെ വായിച്ചു. അപ്പോള്‍ അവര്‍ ഇങ്ങനെ ഏറ്റുപറഞ്ഞു, കര്‍ത്താവു കല്‍ല്പിച്ചതെല്ലാം ഞങ്ങള്‍ ചെയ്യും. ഞങ്ങള്‍ എന്നും അവിടുത്തെ അനുസരണമുള്ള ജനതയായിരിക്കും.” അപ്പോള്‍ മോശ രക്തമെടുത്ത് ജനങ്ങളുടെ മേല്‍ തളിച്ചുകൊണ്ടു വീണ്ടും പറഞ്ഞു. “ഈ വചനങ്ങളെല്ലാം ആധാരമാക്കി കര്‍ത്താവു നിങ്ങളോടു ചെയ്ത ഉടമ്പടിയുടെ രക്തമാകുന്നു ഇത്.”

അനന്തരം മോശയും അഹറോനും, നാദാബും അബിഹൂമും, ഇസ്രായേല്‍ ശ്രേഷ്ഠന്മാര്‍ എഴുപതുപേരും മലമുകളിലേയ്ക്കു കയറിപ്പോയി. അവര്‍ ഇസ്രായേലിന്‍റെ ദൈവത്തെ കണ്ടു. ആകാശതുല്യം പ്രകാശമാനമായ ഇന്ദ്രനീലക്കല്‍ത്തളംപോലെ അവിടുത്തെ പാദങ്ങളുടെ താഴേ എന്തോ കാണപ്പെട്ടു. അവര്‍ ദൈവത്തെ സ്തുതിച്ചു, ആരാധിച്ചു. പിന്നെ മലയിറങ്ങിയവര്‍ ജനങ്ങള്‍ക്കൊപ്പം ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തു. അവര്‍ ഒരുമിച്ച് ദൈവത്തെ സ്തുതിച്ചു, സ്തോത്രഗീതങ്ങള്‍ ആലപിച്ചു.

ഒരുനാള്‍ കര്‍ത്താവു മോശയോട് അരുളിച്ചെയ്തു. “മലമുകളില്‍ എന്‍റെ സമീപത്തേയ്ക്കു കയറിവന്ന് കാത്തുനില്‍ക്കുക. ഞാന്‍ നിയമങ്ങളും കല‍പനകളും എഴുതിയ കല്‍ഫലകങ്ങള്‍ നിനക്കു തരാം. നീ അവ ജനത്തെ പഠിപ്പിക്കണം.” മോശ തന്‍റെ സേവകനായ ജോഷ്വായോടുകൂടെ എഴുന്നേറ്റ് ദൈവത്തിന്‍റെ മലയിലേയ്ക്കു കയറും മുന്‍പേ ശ്രേഷ്ഠന്മാരോടു പറഞ്ഞു. “ഞങ്ങള്‍ മടങ്ങുംവരെ നിങ്ങള്‍ ഇവിടെ കാത്തുനില്‍ക്കുവിന്‍. അഹറോനും ഹൂറും നിങ്ങളോടുകൂടെ ഉണ്ടല്ലോ. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അവരെ സമീപിക്കുവിന്‍.” എന്നിട്ട് മോശ മലയിലേയ്ക്കു കയറിപ്പോയി. അപ്പോള്‍ ഒരു മേഘം വന്ന് മലയെ ആവരണം ചെയ്തു. കര്‍ത്താവിന്‍റെ മഹത്വം സീനായ് മലയില്‍ ആവസിച്ചു. ആറുദിവസത്തേയ്ക്ക് മേഘം മലയെ മൂടിനിന്നു. ഏഴാം ദിവസം മേഘത്തില്‍നിന്നു കര്‍ത്താവ് മോശയെ വിളിച്ചു. ദഹിപ്പിക്കുന്ന അഗ്നിക്കു തുല്യം മലമുകളില്‍ കര്‍ത്താവിന്‍റെ മഹത്വം ഇസ്രായേല്യര്‍ക്കു കാണപ്പെട്ടു. മോശ മേഘങ്ങള്‍ക്കപ്പുറം കടന്ന് മലമുകളിലേയ്ക്കു കയറിപ്പോയി. നാല്പതു രാവും നാല്പതു പകലും മലമുകളില്‍ ദൈവമഹത്വത്തില്‍ കഴിഞ്ഞു.

25 കര്‍ത്താവു മോശയോട് അരുള്‍ച്ചെയ്തു, “എനിക്ക് കാണിക്ക സമര്‍പ്പിക്കണെന്ന് നീ ഇസ്രായേല്‍ ജനത്തോടു പറയുക. സ്വമനസ്സാ തരുന്നവരില്‍നിന്നും കാണിക്കകള്‍ സ്വീകരിക്കുക. കാഴ്ചദ്രവ്യങ്ങള്‍ ഇവയാണ് : സ്വര്‍ണ്ണം, വെള്ളി, ഓട്, നിലയും ധൂമ്രവും അരുണവുമായ നൂലുകള്‍, നേര്‍ത്ത ചണത്തുണി, കോലാട്ടിന്‍ രോമം, ഊറയ്ക്കിട്ട മുട്ടാടിന്‍റെ തോല്, നീലക്കരടിത്തോല്‍, കരുവേലത്തടി, വിളക്കുകള്‍ക്കുള്ള എണ്ണ, അഭിഷേക തൈലത്തിനുള്ള സുഗന്ധദ്രവ്യങ്ങള്‍,‍ ധൂപത്തിനുള്ള സുഗന്ധ വസ്തുക്കള്‍, പേടകവും ബലിപീഠവും, പിന്നെ അവ അലങ്കരിക്കാനുള്ള ഗോമേദക-വൈഡൂര്യ രത്നങ്ങളും. പിന്നെ ഞാന്‍ അവരുടെമദ്ധ്യേ എന്നാളും വസിക്കേണ്ടതിന് അവര്‍ എനിക്കായ് ഒരു വിശുദ്ധകൂടാരം സജ്ജമാക്കട്ടെ. ഞാന്‍ കാണിച്ചുതരുന്ന മാതൃക അനുസരിച്ചായിരിക്കണം കൂടാരവും അതിലെ ഉപകരണങ്ങളും നിര്‍മ്മിക്കേണ്ടത്.”

പുരാതന ഇസ്രായേല്‍ ജനതയ്ക്ക് ചരിത്രത്തില്‍ ദൈവം നല്കിയ സാമൂഹ്യ-ധാര്‍മ്മിക നിയമങ്ങളുടെ ചെറുപട്ടികയെയാണ് പത്തുകല്പനകള്‍ decalogue എന്നു നാം വിളിക്കുന്നത്. യഹൂദ സമൂഹത്തിനും ക്രൈസ്തവര്‍ക്കും ഇന്നും അവരുടെ മതാത്മക ജീവിതത്തിന്‍റെയും സാമൂഹ്യ നിലനില്പിന്‍റെയും അടിത്തറ ഈ കല്പനകളാണ്. പരദേവങ്ങളുടെ ആരാധനയും വിഗ്രഹ പ്രതിഷ്ഠകളും നിഷേധിക്കുന്ന ഈ സാരോപദേശങ്ങള്‍ ഏകദൈവത്തിലുള്ള വിശ്വാസത്തിന്‍റെ ഉല്പത്തിയും കെട്ടുറപ്പുമാണെന്നും നമുക്ക് സ്പഷ്ടമായി മനസ്സിലാക്കാം.








All the contents on this site are copyrighted ©.