2013-06-22 13:52:29

സഹനത്തിന്‍റെ രക്ഷാകരമൂല്യവും
ജീവിതനുകങ്ങളും


വി. ലൂക്കാ 9, 18-24
ആണ്ടുവട്ടം 12-ാം ഞായര്‍, ക്രിസ്തു സഹനദാസന്‍

സെപ്റ്റംബര്‍ 11, 2001 – ന്യൂയോര്‍ക്ക് ഭീകരാക്രമണം! ലോകത്തെ മാറ്റിമറിച്ച സംഭവം എന്നാണ് അത് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. അമേരിക്കയിലെ ലോകവ്യാപാര കേന്ദ്രത്തിന്‍റെ (WTC World Trade Centre) 110 നിലകളുള്ള പടുകൂറ്റന്‍ ഇരട്ടഗോപുരങ്ങള്‍ ഇസ്ലാമിക തീവ്രവാദികള്‍ വിമാനമിടിച്ചു വീഴ്ത്തിയ ദിവസം. സാധാരണ മനുഷ്യന്‍റെ മനസ്സില്‍ ഇന്നും ഓര്‍മ്മകള്‍ തളംകെട്ടിനല്ക്കുന്നു. മനുഷ്യന്‍റെ കിരാതഭാവം പ്രകടമാക്കിയ ദുരന്തദൃശ്യങ്ങള്‍ മാധ്യമ ശൃംഖലകള്‍ ലോകത്തിന്‍റെ മുക്കിലും മൂലയിലും ഉടനടി എത്തിച്ചു.

സെപ്റ്റംമ്പര്‍ 23-ാം തിയതി, ദുരന്തത്തിന്‍റെ രണ്ടാം ദിവസം The Newyork Post-ല്‍ ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഒരു ജോലിക്കാരന്‍ തകര്‍ന്നു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങളില്‍ ഉയര്‍ന്നുനല്ക്കുന്ന കുരിശ് കണ്ടെത്തി. സ്റ്റീല്‍കൊണ്ടുള്ള കുരിശ്! അതിന്‍റെ ഫോട്ടോഗ്രാഫും പത്രം പ്രസിദ്ധീകരിച്ചു. വടക്കെ ഗോപുരത്തിന്‍റെ അടിസ്ഥാനം നിന്നിരുന്ന Ground Zero പോയിന്‍റിലാണത് കാണപ്പെട്ടത്. ഉടനെതന്നെ ജോലിക്കാരന്‍ ഉറക്കെ വിളിച്ചു പറഞ്ഞു, “ഇതാ എന്‍റെ രക്ഷാദൂതന്‍!” മറ്റു ജോലിക്കാര്‍ ഓടിക്കൂടി. Silekia എന്ന വ്യക്തി ഉടനെതന്നെ പെയിന്‍റ് കൊണ്ടുവന്ന്, ആ കുരിശിനു പുറകിലത്തെ പൊട്ടിപ്പൊളിഞ്ഞ ചുവരില്‍ എഴുതിവച്ചു. “ദൈവത്തിന്‍റെ ഭവനം.”
നിങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ചിലര്‍ മഹാത്ഭുതമെന്ന് വിശേഷിപ്പിക്കുന്ന സംഗതിയാണ്. എല്ലാം നശിപ്പിക്കപ്പ‍െട്ടതിന്‍റെ ഇടയിലും ക്രിസ്തുവിന്‍റെ കുരിശ് പൊന്തിവന്നിരിക്കുന്നു. കണ്ടവരൊക്കെ കുരിശിനു ചുറ്റുംനിന്ന് വാവിട്ടു കരഞ്ഞു. പുത്രിയെ നഷ്ടപ്പെട്ട ബാര്‍ബരാ വാള്‍ട്ടേഴ്സ് പറഞ്ഞു,
“എന്‍റെ മകള്‍ ഈ കെട്ടിടക്കൂമ്പാരത്തില്‍ നഷ്ടപ്പെട്ടു. എന്നാല്‍ ഇതാ, ഇവിടെ ദൈവത്തിന്‍റെ നവമായ പ്രത്യാശ പൊന്തിവന്നിരിക്കുന്നു. ഇനിയും ഇവിടെ വരുന്നവര്‍ക്ക് കുരിശില്‍നിന്നും ആന്തരികസൗഖ്യവും പ്രത്യാശയും ലഭിക്കും.”

‘മിശിഹാ,’ എന്ന പ്രേമയമാണ് ഇന്നത്തെ സുവിശേഷ ഭാഗം ചര്‍ച്ചചെയ്യുന്നത്.
യേശുവും ശിഷ്യന്മാരും തമ്മിലുള്ള സംഭാഷണമാണ് ഇവിടെ. ഒന്നാം ഭാഗത്ത് രണ്ടു ചോദ്യങ്ങളാണ്. യേശു ആരാണ് എന്നതിനെ ചൊല്ലിയാണ് രണ്ടു ചോദ്യങ്ങളും.
“ഞാന്‍ ആരെന്നാണ് ജനങ്ങള്‍ പുറയുന്നത്?” എന്ന ആദ്യചോദ്യത്തിന് മൂന്നു ഉത്തരങ്ങള്‍ നല്കപ്പെട്ടു.
“സ്നാപകയോഹന്നാന്‍, ഏലിയ, പ്രവാചകന്മാരില്‍ ഒരുവന്‍!!”
മൂന്നു ഉത്തരങ്ങളും തെറ്റായിരുന്നു. അതിനാല്‍ അടുത്ത ചോദ്യം,
“ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?”
“ദൈവത്തിന്‍റെ മിശിഹാ!” എന്ന് പത്രോസാണ് മറുപടി പറഞ്ഞത്.

“ഇക്കാര്യം ആരോടും തല്ക്കാലം പറയേണ്ട,” എന്ന് ഉടനെ ക്രിസ്തു താക്കീതു നല്കുന്നു. മനുഷ്യപുത്രന്‍ സഹിച്ചു മരിക്കണമെന്നും, അവസാനമായി അതിനായി, താന്‍ ജരൂസലേമിലേയ്ക്ക് പോകുമെന്നും ക്രിസ്തു വെളിപ്പെടുത്തുന്നു (9, 21-22). പിന്നെ മനുഷ്യപുത്രന്‍റെ ശിഷ്യന്മാര്‍ എങ്ങനെയുള്ളവര്‍ ആയിരിക്കണമെന്നാണ് അവിടുന്ന് ശിഷ്യന്മാരെ പഠിപ്പിക്കുന്നത് (9, 23-27).

“ഇങ്ങനെയെല്ലാം ചെയ്യാന്‍ ഇയാള്‍ ആരാണ്?” എന്ന് പല സന്ദര്‍ഭങ്ങളിലും ജനവും ജനപ്രമാണികളും ചോദിക്കുന്നുണ്ട്. പത്രോസ് കണ്ടുപിടിച്ച ഏറ്റവും നല്ല ഉത്തരമായിരുന്നു, “ദൈവത്തിന്‍റെ മിശിഹാ!”
പക്ഷേ, അതുപോരാ. ക്രിസ്തു സഹിക്കാനിരിക്കുന്ന സംഘര്‍ഷവും ദുരന്തവും വ്യാഖ്യാനിക്കാന്‍ ദൈവത്തിന്‍റെ മിശിഹാ എന്ന ശീര്‍ഷകത്തിനു സാധിക്കില്ല. അതിന് ‘മനുഷ്യപുത്രന്‍, സഹനപുത്രന്‍, സഹനദാസന്‍’ എന്നീ ശീര്‍ഷകങ്ങള്‍ തന്നെവേണം. തുടര്‍ന്നു നാം കേള്‍ക്കുന്നത്, പത്രോസ് ഏറ്റുപറഞ്ഞ മിശിഹായെ മനുഷ്യപുത്രനും സഹനദാസനുമായി വ്യാഖ്യാനിക്കുന്നതാണ്. മാത്രമല്ല, സഹനത്തിന്‍റെ ഈ വിശ്വാസപ്രമാണം പത്രോസോ, ആരുതന്നെ ഏറ്റുപറഞ്ഞാലും അവര്‍ പീഡിപ്പിക്കപ്പെടും, കൊല്ലപ്പെടും എന്ന സത്യവും തുടര്‍ന്നു വെളിപ്പെടുത്തപ്പെടുന്നുണ്ട്. ക്രിസ്തു ഇങ്ങനെ പറഞ്ഞുവച്ചു, “ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സ്വജീവന്‍ നഷ്ടപ്പെടുത്തണം” (9, 24).

യേശുവിനെ അനുഗമിക്കുക, യേശുവില്‍ വിശ്വസിക്കുക എന്നൊക്കെ പറഞ്ഞാല്‍ ക്രിസ്തു നല്കിയിട്ടുള്ള മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും കൊല്ലപ്പെടുകയും, അങ്ങനെ കൊല്ലപ്പെട്ടസ്ഥാനത്ത് ക്രിസ്തുവിന്‍റെ കുരിശ് ഉയര്‍ന്നുവരികയും ചെയ്യും, എന്നാണ് ഇന്നത്തെ വചനം വ്യക്തമാക്കുന്നത്.

ജീവനിലേയ്ക്കുള്ളവഴി എന്നും ഇടുങ്ങിയതായിരിക്കും. അങ്ങനെയെങ്കില്‍ നിശ്ചയമായും സ്വാതന്ത്യത്തിലേയ്ക്കുള്ള വഴിയും ഒറ്റയടിപ്പാതയാകാതെ തരമില്ല. ജീവന്‍റെ ആഘോഷമാണ് സ്വാതന്ത്ര്യം. ആകാശത്ത് കിനാവുകാണുന്ന പ്രക്രിയ. അതു കണ്ടെത്താനും നിലനിര്‍ത്താനും ഓരോരുത്തര്‍ നല്കിയ വിലയോര്‍ത്താല്‍ ആത്മനിന്ദയില്‍ ശിരസ്സു കുനിയ്ക്കാതെ തരമില്ല. സ്വാതന്ത്ര്യത്തിന്‍റെ കാനാനും കഠിനനുകങ്ങളുടെ ഈജിപ്തിനുമിടയില്‍ നാല്പതു സംവത്സരങ്ങളുടെ മരുഭൂമിയുണ്ടാകണം. ശിപായി ലഹളയെ ആദ്യത്തെ പോരാട്ടമായി ഗണിച്ചാല്‍ ഭാരതത്തില്‍, അസ്വാതന്ത്ര്യം ഏതാണ്ട് തൊണ്ണൂറു വര്‍ഷങ്ങളുടെ മരുഭൂമിയായിരുന്നു. ചരിത്രത്തിലെ മനുഷ്യസമൂഹങ്ങളുടെ അസ്വാതന്ത്യത്തിന്‍റെയും പീഡനങ്ങളുടെയും സംഭവങ്ങളില്‍ പുറപ്പാട് പുസ്തകത്തിന്‍റെ പുതിയ പതിപ്പുകള്‍ കാണാം.

ഓരോ പുല്‍നാമ്പിനും സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയാണ് ദൈവത്തിന്‍റെ പദ്ധതി. ദൈവം എല്ലാ നുകങ്ങള്‍ക്കും എതിരാണ്. നസ്രത്തിലെ സിനഗോഗില്‍നിന്ന് ചുരളുകള്‍ ഉയര്‍ത്തി മുപ്പതു വയസ്സുകരാന്‍ ആശാരി അത് ഉറപ്പിക്കുന്നുണ്ട്. “കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെമേല്‍ ഉണ്ട്.
ദരിദ്രന് സുവിശേഷവും, ബന്ധിതന് മോചനവും അന്ധന് കാഴ്ചയും, അടിച്ചമര്‍ത്തപ്പെട്ടവന് സ്വാതന്ത്ര്യവും കര്‍ത്താവിന്‍റെ സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കുവാന്‍ ദൈവം എന്നെ അയച്ചിരിക്കുന്നു.”
വിമോചനത്തിനു വേണ്ടിയുള്ള വേദിനിക്കുന്നവന്‍റെ നിലവിളിയില്‍ ദൈവം പക്ഷംചേരുന്നു എന്നതിനെക്കാള്‍ ഭൂമിക്ക് മറ്റൊരു സുവിശേഷം എന്തുണ്ട്? മനുഷ്യര്‍ വിളുമ്പിലേയ്ക്കു തള്ളിമാറ്റിയവരോട് ഒപ്പമായിരുന്നു ക്രിസ്തു. അവിടുന്ന് ദുര്‍ബ്ബലരുടെ ആനന്ദമായിരുന്നു. ആ ഒറ്റക്കാരണംകൊണ്ടു മാത്രം അവന്‍റെ കാലത്തിന് ക്രിസ്തു അനഭിമതനായി, ഇഷ്ടമില്ലാത്തവനായി.

മനുഷ്യനു വിശന്നപ്പോഴൊക്കെ തനിക്കു വിശന്നുവെന്നും, എവിടെ മനുഷ്യന്‍ പരദേശിയായിരുന്നു അവിടൊക്കെ താനാണ് അലഞ്ഞതെന്നുമുള്ള ക്രിസ്തുമൊഴികളോട് ചേര്‍ത്തു വായിക്കേണ്ട മറ്റൊരു ഭാഗമുണ്ട് നടപടി പുസ്തകത്തില്‍. മനുഷ്യനെ കൈയ്യാമം വയ്ക്കാനുള്ള തിട്ടൂരവുമായി ഡമാസ്ക്കസിലേയ്ക്കു പോയ ചെറുപ്പക്കാരനെ ഒരു ഇടിമിന്നല്‍ ആദ്യം അന്ധനാക്കി, പിന്നെ പ്രകാശിപ്പിച്ചു. “സാവൂള്‍, സാവൂള്‍, നീ എന്തിനാണ് എന്നെ പീഡിപ്പിക്കുന്നത്?”

എവിടെ മനുഷ്യന് പ്രഹരമേറ്റാലും ദൈവത്തിന്‍റെ ചുമലുകളാണ് കരിവാളിക്കുന്നത്. എവിടെ മനുഷ്യന്‍ നുകം ചുമക്കുന്നുവോ, അവിടെല്ലാം ദൈവവും കൂനിപ്പോകുന്നു. ഏതൊരു കാലത്തിലെയും വിമോചകരുടെ കൈപ്പുസ്തകമായി മാറേണ്ടതാണ് വിശുദ്ധ ബൈബിളിലെ പുറപ്പാടിന്‍റെ ഭാഗം. കിടക്കയ്ക്ക് തീപിടിക്കുമ്പോള്‍ മനുഷ്യനോ ദൈവത്തിനോ ‘അരാഷ്ട്രീയവാദിയായി’ തുടരുക സാദ്ധ്യമല്ലെന്ന ഓര്‍മ്മപ്പെടുത്തലാണിത്. മൂന്നു നൂറ്റാണ്ടു കഴിഞ്ഞ അടിമത്തത്തിന് ശേഷമായിരുന്നു ദൈവത്തിന്‍റെ ഇടപെടല്‍. എന്തിനായിരുന്നു അവിടുന്ന് ഇത്രം കാലം നിശ്ശബ്ദനായിരുന്നത്? ആദ്യത്തെ തലമുറകള്‍ സ്വാഭാവികമായും സ്വാതന്ത്ര്യത്തിനുവേണ്ടി കൊടുക്കേണ്ട കഠിനവിലയില്‍ പരുവപ്പെട്ട മനസ്സോ ഇടമോ ഉള്ളവരല്ല. എന്നാല്‍, ഇപ്പോഴാകട്ടെ കഠിനമായി ജീവിതപാഠങ്ങള്‍ അവരുടെ ഇച്ഛാശക്തിയെ ബലപ്പെടുത്തി.

കൂട്ടായ്മയുടെയും സംഘബോധത്തിന്‍റെ ഏകാഗ്രതയെ മൂര്‍ച്ചപ്പെടുത്തി. ഇനി ചുട്ടുപൊള്ളുന്ന മണ്ണിനും ആകാശത്തിനും ഇടയിലൂടെ കാലുപതറാതെ അവര്‍ക്ക് നടന്നുപോകാനായേക്കും.
ഓര്‍മ്മിക്കണം, എന്നിട്ടും അവര്‍ക്കുപോലും പാളിയിട്ടുണ്ട്! ഒരാള്‍ക്കൂട്ടത്തിന് ഏറെക്കാലം ഏകാഗ്രമായി നില്‍ക്കുക സാദ്ധ്യമല്ല. അവര്‍ക്ക് കാത്തുനില്‍ക്കാനുള്ള ധ്യാനവുമില്ല. അതുകൊണ്ടുതന്നെ അവര്‍ നിരന്തരം കലഹിച്ചുകൊണ്ടേയിരുന്നു. ഈജിപ്തിലെ ഇറച്ചിക്കലങ്ങളെയോര്‍ത്ത് അവര്‍ വ്യാകുലപ്പെട്ടിരുന്നു. അപ്പം വേണോ, സ്വാതന്ത്ര്യം വേണോ എന്ന പ്രതിസന്ധിയില്‍‍ മനുഷ്യര്‍ അവരുടെ സ്വാതന്ത്യം കങ്കാണികളുടെ പാദങ്ങളില്‍ അര്‍പ്പിച്ചിട്ട് ഞങ്ങള്‍ അടിമകളാകാം, ഞങ്ങള്‍ക്ക് അപ്പം മതിയേ, അതു നിഷേധിക്കരുതേ, എന്ന് ഇന്നും വാവിട്ടു കരയുന്നില്ലേ....!?

Posted : nellikal, Radio Vatican








All the contents on this site are copyrighted ©.