2013-06-22 12:56:11

വെള്ളിക്കുരിശ്, അപ്പസ്തോലിക സ്ഥാനപതിമാര്‍ക്ക് മാര്‍പാപ്പയുടെ സമ്മാനം


21 ജൂണ്‍ 2013, വത്തിക്കാന്‍
പേപ്പല്‍ പ്രതിനിധികളുടെ ആഗോള സംഗമത്തിനെത്തിയ സഭാമേലധ്യക്ഷന്‍മാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ സമ്മാനിച്ചത് വെള്ളിക്കുരിശ്. മാര്‍പാപ്പമാര്‍ പതിവായി ഉപയോഗിക്കുന്ന സ്വര്‍ണ്ണക്കുരിശിനു പകരം താന്‍ കര്‍ദിനാളായിരിക്കുമ്പോള്‍ ഉപയോഗിച്ചിരുന്ന വെള്ളിക്കുരിശു തന്നെ ഉപയോഗിക്കാന്‍ മാര്‍പാപ്പ തിരുമാനിച്ചത് ഏവരേയും അമ്പരപ്പിച്ചിരുന്നു. വിശ്വാസവര്‍ഷാചരണത്തോടനുബന്ധിച്ച് തന്നെ സന്ദര്‍ശിക്കാനെത്തിയ പേപ്പല്‍ പ്രതിനിധികള്‍ക്ക് മാര്‍പാപ്പ ഇപ്പോള്‍ സമ്മാനിച്ചിരിക്കുന്നതും ഓരോ വെള്ളിക്കുരിശാണ്. 85ഗ്രാം തൂക്കം വരുന്ന കുരിശിനോടൊപ്പം 10 x 7 സെന്‍റിമീറ്റര്‍ നീളമുള്ള കുരിശുമാലയുമുണ്ട്. വിശ്വാസവര്‍ഷാചരണത്തോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയ കുരിശില്‍ വിശ്വാസവര്‍ഷത്തിന്‍റേയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിന്‍റേയും ചിഹ്നങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.
മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമനാണ് വിശ്വാസവര്‍ഷാചരണത്തോടനുബന്ധിച്ച് പേപ്പല്‍ പ്രതിനിധികളുടെ ആഗോള സംഗമം വത്തിക്കാനില്‍ നടത്താന്‍ തീരുമാനിച്ചത്. ബെനഡിക്ട് പാപ്പയുടെ സ്ഥാനത്യാഗത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ പിന്‍ഗാമി ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ജൂണ്‍ 21,22 തിയതികളില്‍ വത്തിക്കാനില്‍ നടന്ന സംഗമത്തിന് അദ്ധ്യക്ഷം വഹിച്ചത്.
മാര്‍പാപ്പയുടെ പ്രതിനിധിയെന്ന നിലയില്‍ പ്രാദേശിക സഭകളിലും രാഷ്ട്രങ്ങളിലും അവര്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് കൃതജ്ഞത പ്രകടിപ്പിച്ച മാര്‍പാപ്പ കത്തോലിക്കാസഭയുടെ സാര്‍വ്വത്രികതയാണ് അവരില്‍ താന്‍ കാണുന്നതെന്നും പറഞ്ഞു. മാര്‍പാപ്പയുടെ സ്ഥാനപതികള്‍ സ്വന്തമായി ഒരു രൂപതയും അജഗണവും ഇല്ലാത്തവരാണെങ്കിലും ക്രിസ്തുവിനെ ലോകത്തിനു നല്‍കുന്ന അജപാലകരാണ് തങ്ങള്‍ എന്ന കാര്യം ഒരിക്കലും വിസ്മരിക്കരുതെന്ന് വെള്ളിയാഴ്ച്ച രാവിലെ നടത്തിയ കൂടിക്കാഴ്ച്ചയില്‍ മാര്‍പാപ്പ അവരെ ഉത്ബോധിപ്പിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.