2013-06-22 11:52:03

മെത്രാന്‍പദവി ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി ശുപാര്‍ശ ചെയ്യരുത്: അപ്പസ്തോലിക സ്ഥാനപതികളോട് മാര്‍പാപ്പ


21 ജൂണ്‍ 2013, വത്തിക്കാന്‍
മെത്രാന്‍ സ്ഥാനം ആഗ്രഹിക്കുകയും സ്ഥാനമാനങ്ങള്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നവരെ മെത്രാന്‍മാരാക്കാന്‍ ശുപാര്‍ശ ചെയ്യരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിവിധരാജ്യങ്ങളിലെ അപ്പസ്തോലിക സ്ഥാനപതികളോട് ആവശ്യപ്പെട്ടു. ജൂണ്‍ 21ന് പേപ്പല്‍ പ്രതിനിധികളുടെ ആഗോളസംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമനാണ് വിശ്വാസവര്‍ഷാചരണത്തോടനുബന്ധിച്ച് പേപ്പല്‍ പ്രതിനിധികളുടെ ആഗോള സംഗമം വത്തിക്കാനില്‍ നടത്താന്‍ തീരുമാനിച്ചത്. ബെനഡിക്ട് പാപ്പയുടെ സ്ഥാനത്യാഗത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ പിന്‍ഗാമി ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ജൂണ്‍ 21,22 തിയതികളില്‍ വത്തിക്കാനില്‍ നടന്ന സംഗമത്തിന് അദ്ധ്യക്ഷം വഹിച്ചത്.

മാര്‍പാപ്പയുടെ പ്രതിനിധിയെന്ന നിലയില്‍ പ്രാദേശിക സഭകളിലും രാഷ്ട്രങ്ങളിലും അവര്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് കൃതജ്ഞത പ്രകടിപ്പിച്ച മാര്‍പാപ്പ കത്തോലിക്കാസഭയുടെ സാര്‍വ്വത്രികതയാണ് അവരില്‍ താന്‍ കാണുന്നതെന്നും പറഞ്ഞു. മാര്‍പാപ്പയുടെ സ്ഥാനപതികള്‍ സ്വന്തമായി ഒരു രൂപതയും അജഗണവും ഇല്ലാത്തവരാണെങ്കിലും ക്രിസ്തുവിനെ ലോകത്തിനു നല്‍കുന്ന അജപാലകരാണ് തങ്ങള്‍ എന്ന കാര്യം ഒരിക്കലും വിസ്മരിക്കരുതെന്ന് വെള്ളിയാഴ്ച്ച രാവിലെ നടത്തിയ കൂടിക്കാഴ്ച്ചയില്‍ മാര്‍പാപ്പ അവരെ ഉത്ബോധിപ്പിച്ചു.

ഈ ലോകത്തിന്‍റെ അരൂപിയില്‍ നിന്നകന്നു നിന്നുകൊണ്ട് ക്രിസ്തുവുമായി ഗാഢബന്ധത്തില്‍ ജീവിക്കാനും തങ്ങളുടെ പ്രവര്‍ത്തികളിലൂടെ ദൈവത്തെ മഹത്വപ്പെടുത്താനും പാപ്പ അവരെ ആഹ്വാനം ചെയ്തു. പേപ്പല്‍ പ്രതിനിധികളായി സേവനമനുഷ്ഠിച്ചിട്ടുള്ള മുന്‍മാര്‍പാപ്പമാര്‍ പോള്‍ ആറാമന്‍റേയും ജോണ്‍ ഇരുപത്തിമൂന്നാമന്‍റേയും മാതൃകകളും ഉത്ബോധനങ്ങളും പാപ്പ തദവസരത്തില്‍ അനുസ്മരിച്ചു. പേപ്പല്‍ പ്രതിനിധികളായി ശുശ്രൂഷചെയ്ത കാലം തങ്ങളുടെ ജീവിത വിശുദ്ധീകരണത്തിന്‍റെ ഭാഗമായാണ് അവര്‍ കണക്കാക്കിയതെന്ന് പാപ്പ ചൂണ്ടിക്കാട്ടി.
പേപ്പല്‍ പ്രതിനിധികള്‍ തങ്ങള്‍ ശുശ്രൂഷചെയ്യുന്ന രാജ്യങ്ങളിലെ സഭാമേലധ്യക്ഷന്‍മാരേയും ഭരണാധികാരികളേയും വിശ്വാസസമൂഹത്തേയും വ്യക്തിപരമായി മനസിലാക്കണം. അതോടൊപ്പം മാര്‍പാപ്പയോടും അവര്‍ക്ക് വ്യക്തിപരമായ ബന്ധമുണ്ടായിരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ ഉത്ബോധിപ്പിച്ചു. പേപ്പല്‍ പ്രതിനിധികളുടെ നിരവധിയായ ചുമതകളെക്കുറിച്ച് പരാമര്‍ശിക്കവേ, മെത്രാന്‍നിയമനത്തിനായി അവര്‍ നടത്തുന്ന അന്വേഷണത്തിന്‍റെ പ്രസക്തിയെക്കുറിച്ച് മാര്‍പാപ്പ എടുത്തു പറഞ്ഞു. നിസ്വാര്‍ത്ഥരും, ജീവിത വിശുദ്ധിയുള്ളവരും ലാളിത്യത്തില്‍ ജീവിക്കുന്നവരുമായവരേയാണ് മെത്രാന്‍ സ്ഥാനത്തിന് തിരഞ്ഞെടുക്കേണ്ടത്. ക്ഷമ, കാരുണ്യം, സൗമ്യത, എന്നീ പുണ്യങ്ങളുള്ളവരും അജഗണത്തെ ആത്‍മാര്‍ത്ഥമായി സ്നേഹിക്കുന്നവരുമായിരിക്കണം അവര്‍. അധികാര മോഹികളേയും, സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നവരേയും മെത്രാന്‍മാരാക്കാന്‍ ശുപാര്‍ശ ചെയ്യരുതെന്നു പറഞ്ഞ പാപ്പ മെത്രാന്‍മാര്‍ക്കുണ്ടായിരിക്കേണ്ട ഗുണഗണങ്ങളെക്കുറിച്ച് വളരെ വിശദമായി അവരോട് പ്രതിപാദിച്ചു.

ഏറെ പ്രാര്‍ത്ഥനയ്ക്കും വിചിന്തനത്തിനും ശേഷമാണ് അവര്‍ക്കുവേണ്ടിയുള്ള പ്രഭാഷണം താന്‍ എഴുതിത്തയ്യാറാക്കിയതെന്ന് വെളിപ്പെടുത്തിയ മാര്‍പാപ്പ ഔപചാരികതകള്‍ കൂടാതെ ഹൃദയത്തിന്‍റെ ഭാഷയില്‍ സംസാരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.