2013-06-21 16:51:46

അമേരിക്കയില്‍ ‘സ്വാതന്ത്ര്യ വാരാചരണം’


21 ജൂണ്‍ 2013, ന്യൂയോര്‍ക്ക്
മതസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികളില്‍ പ്രതിഷേധിച്ചുകൊണ്ട് അമേരിക്ക‍ന്‍ കത്തോലിക്കര്‍ സ്വാതന്ത്ര്യ വാരാചരണം നടത്തുന്നു. ജൂണ്‍ 21 മുതല്‍ ജൂലൈ 4വരെ രണ്ടു വാരമാണ് ‘സ്വാതന്ത്ര്യ ദ്വിവാര’മായി അമേരിക്കന്‍ കത്തോലിക്കര്‍ ആചരിക്കുന്നത്. മതസ്വാതന്ത്ര്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുക, മതസ്വാതന്ത്ര്യത്തിനെതിരേയുള്ള ആനുകാലിക വെല്ലുവിളികളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക, മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിനെതിരേ കര്‍മ്മപദ്ധതികള്‍ തയ്യാറാക്കുക തുടങ്ങിയ ബഹുമുഖ പരിപാടികളോടെയാണ് അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്. കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ കത്തോലിക്കാ സ്ഥാപനങ്ങളെ പരോക്ഷമായി നിര്‍ബന്ധിക്കുന്ന ആരോഗ്യനയം, സ്വവര്‍ഗവിവാഹത്തെ അനുകൂലിക്കുന്ന നിയമ നിര്‍മ്മാണം, കുടിയേറ്റത്തെ സംബന്ധിച്ച ചില നയങ്ങള്‍ എന്നിവയ്ക്കെതിരേയുള്ള പ്രതിഷേധ പ്രകടനം കൂടിയാണ് ഇക്കൊല്ലത്തെ സ്വാതന്ത്ര്യവാരാചരണത്തിലൂടെ ലക്ഷൃമിടുന്നതെന്ന് സംഘാടക സമിതി അറിയിച്ചു.








All the contents on this site are copyrighted ©.