2013-06-20 17:52:02

മരണം വിതച്ച മണ്ണില്‍
അനുരഞ്ജനത്തിലൂടെ ജീവന്‍ കൊയ്തെടുക്കാം


20 ജൂണ്‍ 2013, വത്തിക്കാന്‍
സഭയുടെ സാമ്പത്തിക സഹായ പദ്ധതികള്‍ ദൈവസ്നേഹത്തിന്‍റെ പ്രഘോഷണവും, ക്രൈസ്തവ ജീവിതത്തിന്‍റെ മുഖമുദ്രയുമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ജൂണ്‍ 20-ാം തിയതി രാവിലെ പൗരസ്ത്യ സഭകളുടെ സഹായത്തിനായുള്ള സംഘടന roaco-യിലെ അംഗങ്ങളെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവേയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

വിശ്വാസത്തില്‍നിന്നും സ്നേഹത്തെ വേര്‍പെടുത്താനാവില്ലെന്നും, അതിനാല്‍ ഈ വിശ്വാസവര്‍ഷത്തില്‍ ക്രിസ്തുവില്‍ ഉതിര്‍ക്കൊണ്ട് ദൈവസ്നേഹം ഉപവിപ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ പ്രഘോഷിക്കാന്‍
നാം സന്നദ്ധരാവണമെന്നും പാപ്പാ സംഘത്തെ ഉദ്ബോധിപ്പിച്ചു.
ഉപവി പ്രവര്‍ത്തനങ്ങള്‍ ദൈവസ്നേഹത്തില്‍നിന്ന് ഉതിര്‍ക്കൊള്ളണമെന്നും, ക്രിസ്തുവിന്‍റെ ലംബമാനമായ കുരിശ് ദൈവസ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും അടയാളമായി എല്ലാ പ്രവര്‍ത്തനങ്ങളുടെയും മുന്നില്‍ വിരിഞ്ഞുനില്ക്കണമെന്നും, മദ്ധ്യപൂര്‍വ്വദേശത്തും ഇതര പൗരസ്ത്യ സഭാ പ്രവിശ്യകളിലും ഉപവി പ്രവര്‍ത്തനത്തില്‍ വ്യാപൃതരായിരിക്കുന്ന സംഘത്തോട് പാപ്പാ ആഹ്വാനംചെയ്തു.

മദ്ധ്യപൂര്‍വ്വദേശത്ത് വിശിഷ്യാ, സിറിയയില്‍ സമാധാനത്തിനായി കേഴുന്ന ജനതയെ കൂടിക്കാഴ്ചയില്‍ അനുസ്മരിച്ച പാപ്പാ, പങ്കുവയ്ക്കലിലൂടെയും സഹാനുഭാവത്തിലൂടെയും നമ്മെ അവരുമായി ഒന്നിപ്പിക്കണമെന്നും, മരണം വിതയ്ക്കുന്ന മണ്ണില്‍, അനുരഞ്ജനത്തിലൂടെ ജീവന്‍റെസമൃദ്ധി വിരിയിക്കണമെന്നും പ്രസ്താവിച്ചുകൊണ്ടും സംഘത്തിലെ അംഗങ്ങള്‍ക്ക് അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടും പാപ്പ തന്‍റെ കൂടിക്കാഴ്ച ഉപസംഹരിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.