2013-06-20 18:24:30

ചലിക്കുന്ന ജനസഞ്ചയത്തോടുള്ള
പ്രതിബദ്ധത - അഭയാര്‍ത്ഥിദിനം


20 ജൂണ്‍ 2013, റോം
ജീവനോടുള്ള ആദരവില്‍നിന്നും ഉയരേണ്ട പൊതുഉത്തരവാദിത്വമാണ് ആഭയാര്‍ത്ഥികളായവരോടുള്ള അനുകമ്പയെന്ന്, പ്രവാസികാര്യങ്ങല്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പ്രസ്താവിച്ചു. ജൂണ്‍ 20-ാം തിയതി വ്യാഴാഴ്ച ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്ന അഭയാര്‍ത്ഥി ദിനത്തോടനുബന്ധിച്ച് വത്തിക്കാന്‍ റോഡിയോയ്ക്കു നല്കിയ സന്ദേശത്തിലാണ് ബിഷപ്പ് കളത്തിപ്പറമ്പില്‍ ഇങ്ങനെ പ്രസ്താവിച്ചത്.

മനുഷ്യജീവനോടുള്ള ആദരവില്‍നിന്നും, മനുഷ്യാന്തസ്സു മാനിക്കാനുള്ള അഭിവാച്ഛയില്‍നിന്നും ഉയരുന്ന ധാര്‍മ്മിക ഉത്തരവാദിത്വത്തെ ആധാരമാക്കിയാണ് കുടിയേറ്റ മേഖലയില്‍ സഭ പ്രവര്‍ത്തുക്കുന്നത്. അഭയാര്‍ത്ഥികളായെത്തുന്നവര്‍ക്ക് ഇനിയും സംരക്ഷണ നയങ്ങളും, ആഗോള പ്രതിബദ്ധതയും വളര്‍ത്തുവാനുള്ള സഭയുടെ പരിശ്രമങ്ങള്‍ പ്രായോഗികമായി അന്താരാഷ്ട്ര തലത്തില്‍ തുടരുകയാണെന്നും ബിഷപ്പ് കളത്തിപ്പറമ്പില്‍ അഭിമുഖത്തില്‍ വിവരിച്ചു. തീര്‍ത്ഥാടകയാണ് സഭ, എന്ന സംജ്ഞ ഉള്ളിരുത്തിക്കൊണ്ടും, ചലിക്കുന്ന ജനസഞ്ചയത്തോട് എവിടെയും പ്രതിബദ്ധത ഉള്ളവളായിരുന്നുകൊണ്ടും ഇന്നു സാധാരണമായിരിക്കുന്ന നിര്‍ബന്ധിത കുടിയേറ്റത്തെയും അഭയാര്‍ത്ഥി പ്രശ്നത്തെയും കാണണമെന്നും, രാഷ്ട്രങ്ങളുടെ ‘അഭയാര്‍ത്ഥി ദിനാ’ചരണ സന്ദേശത്തില്‍ ബിഷപ്പ് കളത്തിപ്പറമ്പില്‍ അഭിപ്രായപ്പെട്ടു. വര്‍ദ്ധിച്ച ബോധവത്ക്കരണം, അവബോധം വളര്‍ത്തല്‍ പിന്‍തുണ എന്നിവ നിര്‍ബന്ധിത കുടിയേറ്റത്തെക്കുറിച്ചും അതിന്‍റെ സമഗ്രമായ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും, അതിനെ ക്രമീകരിക്കാനുള്ള നിരന്തരമായ പരിശ്രമങ്ങളെയുംകുറിച്ച് ജനങ്ങള്‍ക്കു നല്കിക്കൊണ്ട് ഈ കൂട്ടുത്തരവാദിത്തം യാഥാര്‍ത്ഥ്യമാക്കാനാവുമെന്നും ബിഷപ്പ് കളത്തിപ്പറമ്പില്‍ വ്യക്തമാക്കി.

ഇങ്ങനെ പരസ്പര ബഹുമാനത്തിന്‍റേതായ കാഴ്ചപ്പാട് ജനങ്ങളില്‍ സൃഷ്ടിച്ചുകൊണ്ട്, മനുഷ്യാന്തസ്സിനോട് കൂടുതല്‍ ആദരവു വളര്‍ത്തുകയും അഭയാര്‍ത്ഥികളായവരെ തങ്ങളുടെ ജീവിതചുറ്റുപാടുകളില്‍ സ്വീകരിക്കാനും സഹായിക്കുവാനുള്ള മനോഭാവം വളര്‍ത്തിയെടുക്കാനാവൂ എന്നും ബിഷപ്പ കളത്തിപ്പറമ്പില്‍ വിവരിച്ചു.
Reported : nellikal, RV








All the contents on this site are copyrighted ©.