2013-06-19 11:12:07

സിറിയയ്ക്കാവശ്യം ആയുധമല്ല സന്ധിസംഭാഷണമെന്ന് ജി 8 നേതാക്കളോട് അലെപ്പോ മെത്രാപ്പോലീത്താ


18 ജൂണ്‍ 2013, വത്തിക്കാന്‍
കലാപകെടുതിയില്‍ വലയുന്ന സിറിയയ്ക്ക് ആവശ്യം കൂടുതല്‍ ആയുധങ്ങളല്ല, സന്ധി സംഭാഷണമാണെന്ന് ജി 8 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ലോക നേതാക്കളോട് അലെപ്പോയിലെ ഗ്രീക്ക് മെല്‍ക്കൈറ്റ് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജീന്‍ ക്ലമെന്‍റ് ജീന്‍ബര്‍ട്ട് പ്രസ്താവിച്ചു. വടക്കന്‍ അയര്‍ലന്‍ഡിലെ ലോഫ് ഏണില്‍ നടക്കുന്ന ജി 8 ഉച്ചകോടിയില്‍ സിറിയന്‍പ്രശ്‌നം ചര്‍ച്ചചെയ്യുന്ന പശ്ചാത്തലത്തിലാണ് അലെപ്പോയിലെ മെത്രാപ്പോലീത്ത ഈ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.
സിറിയയില്‍ ബന്ധികളാക്കപ്പെട്ട ഓര്‍ത്തോഡോക്സ് മെത്രാന്‍മാരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് സാര്‍ വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തില്‍ ആര്‍ച്ചുബിഷപ്പ് ജീന്‍ബര്‍ട്ട് പറഞ്ഞു. അലപ്പോയിലെ സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ബിഷപ്പ് യോഹന്നാന്‍ ഇബ്രാഹിം മാര്‍ ഗ്രിഗോറിയോസ്, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ബിഷപ്പ് ബൗലോസ് യസ്ജി എന്നിവരെയാണ് ഏപ്രില്‍ 22ന് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയത്. മ‍െത്രാന്‍മാര്‍ക്കു പുറമേ രണ്ട് ഓര്‍ത്തഡോക്സ് വൈദികരും ബന്ധികളാക്കപ്പെട്ടിട്ടുണ്ട്.
സന്ധിസംഭാഷണം മാത്രമാണ് സിറിയന്‍ പ്രശ്നപരിഹാരത്തിനുള്ള ഏക പ്രായോഗിക മാര്‍ഗമെന്ന് ചൂണ്ടിക്കാട്ടിയ ആര്‍ച്ചുബിഷപ്പ് ജീന്‍ ക്ലമെന്‍റ് ജീന്‍ബര്‍ട്ട്, കൂടുതല്‍ ആയുധങ്ങളല്ല സമാധാന ചര്‍ച്ചയാണ് സിറിയ്ക്കാവശ്യമെന്ന് ആവര്‍ത്തിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.