2013-06-19 11:11:27

റോമാ രൂപതാ കണ്‍വെന്‍ഷന്‍ മാര്‍പാപ്പ ഉത്ഘാടനം


18 ജൂണ്‍ 2013, വത്തിക്കാന്‍
റോമാ രൂപതയുടെ വാര്‍ഷിക അജപാലന ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ഘാടനം ചെയ്തു. റോമാ രൂപതയുടെ ആസ്ഥാനമായ ജോണ്‍ ലാറ്ററന്‍ ബസിലിക്കയിലാണ് പതിവായി റോമാ രൂപതയുമായി ബന്ധപ്പെട്ട സമ്മേളനങ്ങള്‍ നടക്കാറ്. റോമാ രൂപതയുടെ മെത്രാനും സഹായമെത്രാന്‍മാരും ഇടവക വൈദികരും അജപാലന ശുശ്രൂഷയില്‍ സഹകരിക്കുന്ന ഇതര വൈദികരും സന്ന്യസ്തരും അല്‍മായരും പങ്കെടുക്കുന്ന സമ്മേളനം പതിവില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിലാണ് നടത്തിയത്. രൂപതയുടെ അജപാലന ശുശ്രൂഷയില്‍ പങ്കെടുക്കുന്നവരുമായി ജൂണ്‍ 17ാം തിയതി തിങ്കളാഴ്ച വൈകീട്ട് പോള്‍ ആറാമന്‍ ഹാളില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തിയ മാര്‍പാപ്പ, മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ പ്രഭാഷണം മാറ്റിവച്ചാണ് പലകാര്യങ്ങളും അവരോട് സംസാരിച്ചത്. റോമാ രൂപത ഇക്കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ അജപാലന പദ്ധതികളെ കേന്ദ്രീകരിച്ചായിരുന്നു മാര്‍പാപ്പയുടെ പ്രഭാഷണം. ദൈവകൃപയുടെ കരുത്ത്, കൂദാശ ജീവിതം, വിശിഷ്യ ജ്ഞാനസ്നാന കൂദാശയിലൂടെ കരഗതമാകുന്ന ദൈവവരപ്രസാദം, പ്രസാദവരത്തില്‍ ജീവിക്കാന്‍ അനിവാര്യമായ വിശ്വാസ പരിശീലനം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് മാര്‍പാപ്പ അവരെ ഉത്ബോധിപ്പിച്ചു. ഹര്‍ഷാരവത്തോടെയാണ് കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തവര്‍ മാര്‍പാപ്പയുടെ വാക്കുകള്‍ എതിരേറ്റത്.
പ്രേഷിത തീക്ഷണതയെക്കുറിച്ചും ആത്മീയ ജീവിതത്തില്‍ അനിവാര്യമായ നിരന്തര പരിശീലനത്തെക്കുറിച്ചും അജപാലന ശുശ്രൂഷയില്‍ അവശ്യമായ ക്ഷമയെന്ന പുണ്യത്തെക്കുറിച്ചും മാര്‍പാപ്പ തദവസരത്തില്‍ അനുസ്മരിപ്പിച്ചു. ദൈവസ്നേഹത്തിന്‍റെ സന്ദേശവുമായി നഗരാതിര്‍ത്തികളിലേക്ക് കടന്നുചെല്ലാന്‍ അവര്‍ക്ക് പ്രോത്സാഹനം പകര്‍ന്ന മാര്‍പാപ്പ നിരാശയിലും ഏകാന്തതയിലും കഴിയുന്നവര്‍ക്ക് സ്നേഹസാന്ത്വനമേകാനും അവരെ ആഹ്വാനം ചെയ്തു. “പീഡിതനായ യേശുവിന്‍റെ ശരീരം” തൊട്ടറിയാന്‍ പാപ്പ അവരെ ക്ഷണിച്ചു. ദൈവിക കൃപയിലാണ് നാം ജീവിക്കുന്നതെന്ന് അവരെ അനുസ്മരിപ്പിച്ച പാപ്പ ദൈവം നല്‍കുന്ന ദാനം തുറന്ന ഹൃദയത്തോടെ സ്വീകരിക്കാനും അന്യരുമായി പങ്കുവയ്ക്കാനുമുള്ള സന്നദ്ധത അജപാലന ശുശ്രൂഷയില്‍ നിര്‍ണ്ണായകമാണെന്നും പ്രസ്താവിച്ചു. രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങളുമായി നിര്‍ഭയം മുന്നോട്ടു പോകാന്‍ അവരെ ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പ തന്‍റെ വാക്കുകള്‍ ഉപസംഹരിച്ചത്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.