2013-06-19 11:11:55

മധ്യപൂര്‍വ്വ ദേശത്തെ സമാധാന സ്ഥാപനം അടിയന്തരം: വത്തിക്കാന്‍


18 ജൂണ്‍ 2013, വത്തിക്കാന്‍
മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവരുടെ ജീവിതാവസ്ഥ വിലയിരുത്തിക്കൊണ്ട് പൗരസ്ത്യ സഭകള്‍ക്ക് സഹായമേകുന്ന സംഘങ്ങളുടെ സംയുക്ത സമിതി റോക്കോ (Roaco)യുടെ 86ാം പൊതുസമ്മേളനം റോമില്‍ ആരംഭിച്ചു. “ഈജിപ്ത്, ഇറാക്ക്, സിറിയ, വിശുദ്ധ നാടുകള്‍ എന്നിവിടങ്ങളിലെ ക്രൈസ്തവ സഭകളേയും സഭാംഗങ്ങളുടെ ജീവിതാവസ്ഥയുമാണ്” ജൂണ്‍ 17ന് ആരംഭിച്ച സമ്മേളനം വിശകലന വിധേയമാക്കുന്നത്.
മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവരെ നേരിട്ട് ബാധിക്കുന്ന സാമൂഹ്യ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് സമ്മേളനം വിശകലനം ചെയ്തു. കലാപ ഭൂമിയായി മാറിക്കൊണ്ടിരിക്കുന്ന സിറിയയിലെ അവസ്ഥ ഡമാസ്ക്കസിലെ അപ്പസ്തോലിക സ്ഥാനപതി ആര്‍ച്ചുബിഷപ്പ് മരിയോ സെനാരി സമ്മേളനത്തില്‍ പങ്കുവയ്ച്ചു. ജറുസലേമിലെ അപ്പസ്തോലിക പ്രതിനിധി ആര്‍ച്ചുബിഷപ്പ് ജ്യുസപ്പെ ലാസ്സറോത്തൊ, വിശുദ്ധ നാടുകളുടെ സംരക്ഷചുമതലയുള്ള ഫാ.പിയര്‍ബാത്തിസ്ത പിത്സബാല എന്നിവരും മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവരുടെ ജീവിതാവസ്ഥയെക്കുറിച്ച് വിവരിച്ചു.
മധ്യപൂര്‍വ്വദേശത്ത് സമാധാനം പുനസ്ഥാപിക്കപ്പെടുന്നതിനായി പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ലെയനാര്‍ഡോ സാന്ദ്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. ജൂണ്‍ 18ന് രാവിലെ റോമിലെ സാന്താ മരിയ ട്രാന്‍സ്പോന്തീന ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തില്‍ മധ്യപൂര്‍വ്വദേശത്ത് സമാധാനം സ്ഥാപിക്കേണ്ടത് അടിയന്തര ആവശ്യമാണെന്ന് കര്‍ദിനാള്‍ സാന്ദ്രി പ്രസ്താവിച്ചു. ക്രിസ്തു ജനിച്ചു വളര്‍ന്ന ഭൂപ്രദേശത്ത് ഇന്നുള്ള അശാന്തിയും സംഘര്‍ഷവും കത്തോലിക്കാസഭയെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്‍റെ വാക്കുകള്‍ വ്യക്തമാക്കി. പൗരസ്ത്യ സഭകള്‍ക്ക് സഹായമേകുന്ന സംഘങ്ങളോടുള്ള കൃതജ്ഞതയും കര്‍ദിനാള്‍ സാന്ദ്രി തദവസരത്തില്‍ അറിയിച്ചു. പൗരസ്ത്യ സഭകള്‍ക്ക് സഹായമേകുന്ന സംഘങ്ങളുടെ സംയുക്ത സമിതി റോക്കോ (Roaco)യ്ക്ക് നേതൃത്വം നല്‍കുന്നത് പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘമാണ്.
ഫ്രാന്‍സിസ് മാര്‍പാപ്പ ജൂണ്‍ 20ന് അനുവദിച്ചിരിക്കുന്ന പ്രത്യേക കൂടിക്കാഴ്ച്ചയോടെ റോക്കോയുടെ 86ാമത് പൊതുസമ്മേളനം സമാപിക്കും.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.