2013-06-19 17:13:24

ജീവന്‍റെ അലംഘനീയത പ്രഘോഷിക്കുന്ന
പ്രബോധനം : ജീവന്‍റെ സുവിശേഷം


19 ജൂണ്‍ 2013, വത്തിക്കാന്‍
ഭൗമികതയുടെ അതിരുകളെ അതിലംഘിക്കുന്ന ജീവിത പൂര്‍ണ്ണിമയിലേയ്ക്കാണ് മനുഷ്യന്‍ വിളിക്കപ്പെട്ടിരിക്കുന്നു, എന്നതാണ് ‘ജീവന്‍റെ സുവിശേഷ’മെന്ന്, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റയ്നോ ഫിസിക്കേല്ലാ പ്രസ്താവിച്ചു.
1995-ല്‍ വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ പുറപ്പെടുവിച്ചു Evangelium Vitae ‘ജീവന്‍റെ സുവിശേഷം’ എന്ന ചാക്രികലേഖനത്തെ അനുസ്മരിച്ചു നടത്തിയ പ്രസ്താവനയിലാണ് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ ഇങ്ങനെ സമര്‍ത്ഥിച്ചത്.

മനുഷ്യജീവന്‍റെ മൂല്യവും അലംഘനീയതയും പ്രഘോഷിക്കുന്ന സഭയുടെ അടിസ്ഥാനപഠനമാണ് ഈ ചാക്രികലേഖനമെന്നും, ഗര്‍ഭഛിദ്രം കാരുണ്യവധം മരണശിക്ഷ എന്നിങ്ങനെ ജീവനെ നിഷേധിക്കുന്ന സാമൂഹ്യ നിലപാടുകള്‍ക്കെതിരായ സഭയുടെ ശക്തമായ ശബ്ദമാണ് ഈ ചാക്രിക ലേഖനമെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ വ്യക്തമാക്കി. അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്ന നിമിഷം മുതല്‍ അവസാനം അന്ത്യശ്വാസം വെടിയുംവരെ ദൈവിക ദാനമായ ജീവന്‍ ആദരിക്കപ്പടേണ്ടതും പരിരക്ഷിക്കപ്പെടേണ്ടതുമാണ് എന്ന അടിസ്ഥാന തത്വം, ക്രൈസ്തവരുടെ വിശേഷാധികാരമോ കുത്തകയോ അല്ല, മറിച്ച് വിശ്വാസവര്‍ഷത്തില്‍ സകലരോടും ഏറ്റുപറയേണ്ടതും എന്നും നവീകരിക്കപ്പെടേണ്ടതുമായ അടിസ്ഥാന മൂല്യവും നിലപാടും ‘ജീവന്‍റെ സുവിശേഷ’വുമാണെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ ചൂണ്ടിക്കാട്ടി.

കുടുംബങ്ങളെ കേന്ദ്രീകരിച്ച് വളരുകയും സ്നേഹിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ട മനുഷ്യജീവന്‍റെ, അത് ഏതു അവസ്ഥയിലായിരുന്നാലും, സാമൂഹ്യ-പാരിസ്ഥിതിക ഘടകങ്ങളെ സമഗ്രമായി വിക്ഷിക്കുന്ന ഈ സഭാപഠനം ഇന്നും പ്രസക്തമാണെന്ന് ആര്‍ച്ചുബിഷിപ്പ് ഫിസിക്കേല്ലാ പ്രസ്താവിച്ചു. മനുഷ്യമനസ്സാക്ഷിയില്‍ ദൈവം കോറിയിട്ടിരിക്കുന്ന ‘കൊല്ലരുത്’ എന്ന അടിസ്ഥാന കല്പനയെ ചാക്രികലേഖനം യുക്തിയുടെയും വചനത്തിന്‍റെയും, സഭാ പാരമ്പര്യത്തിന്‍റെയും പ്രബോധനാധികാരത്തിന്‍റെയും വെളിച്ചത്തില്‍ മനോഹരമായി വ്യാഖ്യാനിക്കുകയും പുനഃര്‍പ്രതിഷ്ഠിക്കുകയുമാണ് ‘ജീവിന്‍റെ സുവിശേഷ’മെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ വിവരിച്ചു.
ജൂണ്‍ 16-ാം തിയതി ഞായറാഴ്ച പാപ്പായുടെ മുഖ്യകാര‍മ്മികത്വത്തില്‍ ദിവ്യബലിയോടു ചേര്‍ന്നു ആചരിച്ച ജീവന്‍റെ സുവിശേഷ ദിനത്തോട് ആഗോളതലത്തില്‍ നല്കിയ നല്ല പ്രതികരണത്തിനും സഹകരണത്തിനും നന്ദിപറഞ്ഞുകൊണ്ടിറക്കിയ പ്രസ്താവനയിലാണ് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ ഇങ്ങനെ പ്രസ്താവിച്ചത്.
Reported : nellikal, Sedoc








All the contents on this site are copyrighted ©.