2013-06-18 16:51:36

ശത്രുസ്നേഹം നമ്മെ ക്രിസ്തുവിനോട് അനുരൂപരാക്കുന്നു: മാര്‍പാപ്പ


18 ജൂണ്‍ 2013, വത്തിക്കാന്‍
ശത്രുക്കളെ സ്നേഹിക്കാന്‍ എളുപ്പമല്ല, എന്നാല്‍ തന്‍റെ അനുയായികളോട് ക്രിസ്തു ആവശ്യപ്പെടുന്ന പുണ്യമാണതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ചൊവ്വാഴ്ച രാവിലെ 7 മണിക്ക് പതിവുപോലെ വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ.
ശത്രുക്കളെ സ്നേഹിക്കാന്‍ നമുക്കെങ്ങനെ സാധിക്കും? എന്ന ചോദ്യത്തോടെ വചന സമീക്ഷ ആരംഭിച്ച മാര്‍പാപ്പ ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതാണ് അവരെ സ്നേഹിക്കുന്നതിന്‍റെ പ്രഥമ പടിയെന്ന് വിശദീകരിച്ചു. “ബോംബാക്രമണങ്ങളും കൂട്ടകൊലയും നടത്തുന്നവരെ സ്നേഹിക്കാന്‍ സാധിക്കുമോ”? “പണത്തോടുള്ള ആര്‍ത്തി മൂലം വയോധകര്‍ക്ക് ആവശ്യമുള്ള മരുന്ന് നല്‍കാതെ അവരെ കാലപുരിയ്ക്കയക്കുന്നവരെ എങ്ങനെയാണ് സ്നേഹിക്കുക”? “സ്വാര്‍ത്ഥ ലാഭവും സ്വന്തം നേട്ടവും മാത്രം ലക്ഷൃമാക്കി ജീവിക്കുന്നവരെ സ്നേഹിക്കാനാകുമോ”? “ശത്രുക്കളെ സ്നേഹിക്കുക എളുപ്പമല്ല”, പക്ഷെ അതാണ് യേശു നമ്മോട് ആവശ്യപ്പെടുന്നതെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. സീനായ് മലമുകളില്‍ വച്ച് ദൈവം നല്‍കിയ പത്തു കല്‍പ്പനകള്‍ക്കൊപ്പം സുവിശേഷഭാഗ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത യേശു നാഥന്‍ ശത്രു സ്നേഹത്തെക്കുറിച്ച് നമ്മെ പഠിപ്പിച്ചു.
നമുക്കെല്ലാവര്‍ക്കും ശത്രുക്കളുണ്ടെന്ന് പറഞ്ഞ പാപ്പ പലപ്പോഴും നാം തന്നെ അന്യര്‍ക്ക് ശത്രുക്കളായിത്തീര്‍ന്നേക്കാമെന്നും ചൂണ്ടിക്കാട്ടി. ശത്രുക്കളെ സ്നേഹിക്കുകയെന്നത് വിശുദ്ധര്‍ക്കും സന്ന്യസ്തര്‍ക്കും മാത്രമുള്ള ഉത്തരവാദിത്വമാണെന്നും അനുദിന ജീവിതത്തില്‍ അതൊക്കെ അസാധ്യമാണെന്നും കരുതരുത്. ബുദ്ധിമുട്ടേറിയ ഈ കല്‍പന പാലിക്കാന്‍ ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നു. ‘ശത്രുക്കളെ സ്നേഹിക്കുക’ എന്ന കല്‍പന പാലിക്കാത്തവര്‍ യഥാര്‍ത്ഥ ക്രിസ്ത്യാനികളല്ലെന്നും പാപ്പ പറഞ്ഞു.

ശത്രുക്കളെ സ്നേഹിക്കാന്‍ നമ്മോടാവശ്യപ്പെടുന്ന ക്രിസ്തു ദുഷ്ടനേയും ശിഷ്ടനേയും ഒരുപോലെ സ്നേഹിച്ച് കാത്തുപാലിക്കുന്ന ദൈവപിതാവിനെ നമുക്കു മാതൃകയായി അവതരിപ്പിക്കുന്നുമുണ്ട്. “നിങ്ങളുടെ പിതാവായ ദൈവം പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണ്ണരായിരിക്കുവിന്‍” എന്ന് ക്രിസ്തു നമ്മെ പഠിപ്പിച്ചു. ശത്രുക്കളെ സ്നേഹിക്കാന്‍ നാം ആത്മാര്‍ത്ഥമായി പരിശ്രമിക്കണം. സ്നേഹിക്കുന്നതിനു പകരം ശത്രുവിനോട് പ്രതികാരം ചെയ്യുന്നത് ക്രിസ്തീയമല്ലെന്ന് മാര്‍പാപ്പ പറഞ്ഞു. നമ്മെ വേദനിപ്പിക്കുന്നവര്‍ക്കുവേണ്ടി നാം ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുമ്പോള്‍ ക്രിസ്തു നമ്മുടെ ഹൃദയത്തിലെ മുറിവുകള്‍ സുഖപ്പെടുത്തി നമുക്ക് സമാധാനമേകും.
“നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍” എന്ന ക്രിസ്തുവചനം ഉദ്ധരിച്ച മാര്‍പാപ്പ ശത്രുക്കള്‍ക്കുവേണ്ടി ചൊല്ലാനായി ചെറിയൊരു പ്രാര്‍ത്ഥനയും വിശ്വാസ സമൂഹത്തോടു പങ്കുവയ്ച്ചു, “ആ വ്യക്തിയ്ക്ക് ഹൃദയ പരിവര്‍ത്തനം നല്‍കണമേ! എന്‍റെ ദൈവമേ, കല്ലുപോലെയുള്ള ഹൃദയമാണ് അയാളുടേത്. അയാളെ മാനസാന്തരപ്പെടുത്തി സ്നേഹവും സന്തോഷവുമുള്ള മാംസളമായ ഹൃദയം അയാള്‍ക്കു നല്‍കണമേ‍.”

ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന പതിവുള്ളവരോട് ആ ശീലം തുടരാന്‍ ആവശ്യപ്പെട്ട മാര്‍പാപ്പ ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ സാധിക്കാത്തവരോട് കര്‍ത്താവ് സഹതപിക്കുന്നുവെന്ന് പറഞ്ഞു. കാരണം മറ്റുള്ളവരുടെ ശത്രുവായി സ്വയം പ്രതിഷ്ഠിക്കുന്നവരാണ് അത്തരക്കാര്‍. അങ്ങനെയുള്ളവരുടെ ഹൃദയ പരിവര്‍ത്തനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മാര്‍പാപ്പ ദിവ്യബലിയില്‍ സംബന്ധിച്ച വത്തിക്കാന്‍ ജീവനക്കാരോട് പറഞ്ഞു. തങ്ങളെ വേദനിപ്പിച്ചവര്‍ക്കുവേണ്ടി ഈ ദിവ്യബലി സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാനും പാപ്പ അവരെ ക്ഷണിച്ചു.
“അയാള്‍ എന്നോട് വലിയ ദ്രോഹം ചെയ്തു” അയാളോട് ക്ഷമിച്ചിട്ട് എനിക്കൊരു ഗുണവുമില്ല. ക്ഷമിക്കുന്നത് ഒരു നഷ്ടക്കച്ചവടമാണെന്ന് തോന്നിയേക്കാം. ക്ഷമിക്കുന്നത് സ്വയം ചെറുതാകുന്നതിനു തുല്യമാണ്. തക്കതായ പ്രതികാരം ചെയ്യുന്നതാണ് ശരിയെന്ന് നാം ചിന്തിച്ചേക്കാം. എന്നാല്‍ തന്നെത്തന്നെ താഴ്ത്തി മനുഷ്യനായി നമുക്കിടയില്‍ ജീവിച്ച യേശു സ്വയം ചെറുതാകലിന്‍റേയും ക്ഷമയുടേയും മാതൃകയാണ് നമുക്ക് നല്‍കിയത്. ക്ഷമയുടെ ഈ മാതൃക പിന്തുടര്‍ന്നുകൊണ്ട് ക്രിസ്തുമാര്‍ഗത്തിലൂടെ നാം ചരിക്കണമെന്ന് മാര്‍പാപ്പ ക്രൈസ്തവരെ ഉത്ബോധിപ്പിച്ചു. വിഷമകരമായ ഈ കല അഭ്യസിക്കാന്‍ വേണ്ട ദൈവ കൃപയ്ക്കായി സ്വര്‍ഗ്ഗസ്ഥനായ പിതാവിനോട് പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളെ ക്ഷണിച്ചുകൊണ്ടാണ് പാപ്പ തന്‍െറ വാക്കുകള്‍ ഉപസംഹരിച്ചത്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.