2013-06-18 16:53:24

വെനിസ്വേലന്‍ പ്രസിഡന്‍റ് മദുറോ മാര്‍പാപ്പയെ സന്ദര്‍ശിച്ചു


18 ജൂണ്‍ 2013, വത്തിക്കാന്‍
വെനിസ്വേലന്‍ പ്രസിഡന്‍റ് നിക്കോളാസ് മദുറോ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ജൂണ്‍ 17ന് രാവിലെ 11 മണിക്കാണ് മാര്‍പാപ്പ മദുറോയുമായി കൂടിക്കാഴ്ച്ച നടത്തിയത്. വെനിസ്വേലയുടെ മുന്‍ പ്രസിഡന്‍റെ ഹ്യൂഗോ ഷാവേസിന്‍റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ സാമൂഹ്യ - രാഷ്ട്രീയ അരക്ഷിതത്വത്തെക്കുറിച്ചും ദാരിദ്ര്യം, മയക്കുമരുന്ന് കടത്ത്, അക്രമങ്ങള്‍ തുടങ്ങി രാജ്യം നേരിടുന്ന ഇതര വെല്ലുവിളികളെക്കുറിച്ചും മദുറോ മാര്‍പാപ്പയോട് പങ്കുവയ്ച്ചു.
വെനിസ്വേലന്‍ ജനതയ്ക്കുവേണ്ടി കത്തോലിക്കാ സഭ നല്‍കുന്ന ശുശ്രൂഷകളെക്കുറിച്ചും കൂടിക്കാഴ്ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടുവെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു. വെനിസ്വേലയിലെ കത്തോലിക്കാ സഭാ ചരിത്രത്തെക്കുറിച്ചും വിദ്യാഭ്യാസം, ആതുരസേവനം, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളില്‍ സഭയുടെ സംഭാവനകളും സംഭാഷണത്തില്‍ പരാമര്‍ശ വിധേയമായി. വെനിസ്വേലയുടെ സമഗ്രപുരോഗതിയ്ക്കുവേണ്ടി സര്‍ക്കാരും കത്തോലിക്കാ മെത്രാന്‍സമിതിയും കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും കൂടിക്കാഴ്ച്ചയില്‍ വിലയിരുത്തപ്പെട്ടു. ലാറ്റിനമേരിക്കയെ സംബന്ധിച്ച ചില സാമൂഹ്യ – സാംസ്ക്കാരിക – രാഷ്ട്രീയ വിഷയങ്ങളും, വിശിഷ്യ കൊളംബിയായില്‍ നടക്കുന്ന അനുരജ്ഞന – സമാധാന സംസ്ഥാപന ശ്രമങ്ങളും കൂടിക്കാഴ്ച്ചയില്‍ സംഭാഷണ വിഷയമായി.
മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബര്‍ത്തോണെ, വിദേശ ബന്ധകാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമെനിക് മെംബേര്‍ത്തി എന്നിവരുമായും പ്രസിഡന്‍റ് നിക്കോളാസ് മദുറോയും സംഘവും കൂടിക്കാഴ്ച്ച നടത്തി.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.