2013-06-18 14:48:22

ഇസ്രായേല്‍ ദര്‍ശിച്ച ദൈവമഹത്വം (43)
മലയിലെ നാല്പതുരാവും നാല്പതുപകലും


സൃഷ്ടിയുടെ ആരംഭം മുതല്‍ ദൈവം മനുഷ്യനുമായി ബന്ധപ്പെടുന്നത് ഉടമ്പടികളിലൂടെയാണ്. രക്ഷാകര ചരിത്രത്തിലുടനീളം ഇത് വ്യക്തമാകുന്നുണ്ട്. മനോഹരമായ ഏദന്‍ തോട്ടം ഉപയോഗിക്കാനും സംരക്ഷിക്കാനും ഉടമ്പടിയിലൂടെയാണ് ദൈവം മനുഷ്യനെ ആദിയില്‍ ഭരമേല്പിച്ചത്. ദൈവം നന്മ-തിന്മകളുടെ അറിവന്‍റെ ഫലം മാത്രം ഉപോയഗിക്കരുതെന്ന് ആദി മനുഷ്യരോട് കല്പിച്ചതാണ് ആദ്യ ഉടമ്പടി. പിന്നീട് ജലപ്രളയത്തെ അതിജീവിച്ച നോഹും മക്കളുമായും ദൈവം ഉടമ്പടിയുണ്ടാക്കി. അബ്രാഹത്തോടും സന്തതികളോടും അവിടുന്ന് ഉടമ്പടിചെയ്തുകൊണ്ടാണ് ദൈവം മനുഷ്യകുലത്തെ രക്ഷകാര ചരിത്രത്തിന്‍റെ സംഭവബഹുലമായ രംഗങ്ങളിലേയ്ക്ക് നയിക്കുന്നത്. ദൈവം വിളിച്ച്, രൂപീകരിച്ച് നയിച്ച ഇസ്രായേല്‍ ജനത്തിന് സീനായ് മലയില്‍വച്ച് മോശയിലൂടെ കല്പനകള്‍ നല്കി. മനുഷ്യരുടെ ധാര്‍മ്മിക ജീവിതത്തില്‍ എന്നും വെളിച്ചമേകുന്ന ദൈവകല്പനകളുടെ മോശ നല്കുന്ന വ്യാഖ്യനങ്ങള്‍ തുടര്‍ന്നു പഠിക്കാം.

ഇസ്രായേലിന്‍റെ മതാത്മക ജീവിത്തിന് ഉണര്‍വ്വേകിയ നിര്‍ദ്ദേശങ്ങളാണ് ഇനി പഠിക്കുന്നത്. കര്‍ത്താവിന്‍റെ ബഹുമാനത്തിനായി വര്‍ഷംതോറും മൂന്നു തവണ നിങ്ങള്‍ ഉത്സവമാഘോഷിക്കണം. പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാള്‍ ആചരിക്കണം. കര്‍ത്താവു കല്പിച്ചിട്ടുള്ളതുപോലെ അബീബു മാസത്തിലെ ഏഴു നിശ്ചിത ദിവസങ്ങളില്‍ പുളിപ്പില്ലാത്ത അപ്പം നിങ്ങള്‍ ഭക്ഷിക്കണം. എന്തെന്നാല്‍ ആ മാസത്തിലാണ് നിങ്ങള്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടത്. ഇതെന്നും കര്‍ത്താവിന്‍റെ ഓര്‍മ്മയ്ക്കായ് നിങ്ങള്‍ അനുഷ്ഠിക്കുവിന്‍.
ദൈവസന്നിധിയില്‍ വെറും കൈയ്യായ് പോകരുത്. വയലിലെ
ആദ്യഫലങ്ങള്‍ കൊയ്തെടുക്കുമ്പോള്‍ പുത്തിരിപ്പെരുന്നാളും, വര്‍ഷാവസാനം വിളവെടുത്തു കഴിയുമ്പോള്‍ സംഭരണത്തിരുനാളും ആഘോഷിക്കണം. പുരുഷന്മാരെല്ലാവരും വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം ദൈവമായ കര്‍ത്താവിന്‍റെ സന്നിധിയില്‍ ഹാജരാവണം. ബലിമൃഗത്തിന്‍റെ രക്തം പുളിപ്പുള്ള അപ്പത്തോടൊന്നിച്ച് കര്‍ത്താവിനു സമര്‍പ്പിക്കരുത്. ഉത്സവദിനത്തില്‍ അര്‍പ്പിക്കുന്ന ബലിയുടെ കൊഴുപ്പ് പ്രഭാതംവരെ സൂക്ഷിക്കുയുമരുത്. വയലിലെ ആദ്യ വിളവിന്‍റെ ആദ്യഫലം ദേവാലയത്തില്‍ കൊണ്ടുവന്ന് കര്‍ത്താവിനു സമര്‍പ്പിക്കുക.
ദൈവമായ കര്‍ത്താവ് പിന്നെയും ഇസ്രായേലിന് വാഗ്ദാനങ്ങള്‍ നല്കി. ഇതാ, ഒരു ദൂതനെ നിനക്കു മുന്‍പേ കര്‍ത്താവ് അയയ്ക്കുന്നു.
അവന്‍ നിങ്ങളുടുെ വഴികളില്‍ നിന്നെ കാത്തുകൊള്ളും, കര്‍ത്താവു ഒരുക്കിയിരിക്കുന്ന സ്ഥലത്തേയ്ക്കു അവിടുന്നു നിങ്ങനെ നയിക്കുകയും ചെയ്യും. അവന്‍ പറയുന്നതെല്ലാം ആദരപൂര്‍വ്വം അനുസരിക്കണം. അവനെ പ്രകോപിപ്പിക്കരുത്. ദൈവനാമം അവന്‍റെ ഹൃദയത്തില്‍ ഉള്ളതു നിമിത്തം നിങ്ങള്‍ അതിക്രമങ്ങള്‍ അവന്‍ ക്ഷമിക്കുകയില്ല. കര്‍ത്താവിന്‍റെ വാക്കുകള്‍ നിങ്ങള്‍ കേള്‍ക്കുകയും, അവിടുന്ന് പറയുന്നവ അനുസരിക്കുകയും ചെയ്യുമെങ്കില്‍ നിങ്ങളുടെ ശത്രുക്കള്‍ക്കു കര്‍ത്താവുതന്നെ ശത്രുവായിരിക്കും,.. നിങ്ങളുടെ എതിരാളികള്‍ക്കു കര്‍ത്താവെന്നും എതിരാളിയുമായിരിക്കും.

കര്‍ത്താവിന്‍റെ ദൂതന്‍ നിനക്കുമുന്‍പേ പോയി നിങ്ങളെ അമോര്യര്‍, ഹീത്യര്‍, പെരീസ്യര്‍, കാനാന്ന്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ ഇടയിലേയ്ക്കു നയിക്കും. എന്നിട്ട് അവിടുന്ന് അവരെ നിശ്ശേഷം നശിപ്പിക്കും. നിങ്ങള്‍ അവിടെ അവരുടെ ദേവന്മാരെ കുമ്പിടുകയോ ആരാധിക്കുകയോ ചെയ്യരുത്.
അവരുടെ കൂടാരങ്ങള്‍പോലും അനുകരിച്ചു നിര്‍മ്മിക്കരുത്. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കുവിന്‍. അപ്പോള്‍ ദൈവം നിങ്ങളുടെ ഭക്ഷൃവും പാനീയവും സമൃദ്ധമായി നിങ്ങള്‍ക്ക് ആശീര്‍വ്വദിച്ചു നില്കും. അവിടുന്നു തന്‍റെ ജനത്തിന്‍റെ ഇടയില്‍നിന്നും രോഗങ്ങള്‍ മായിച്ചുകളയും. ഗര്‍ഭച്ഛിദ്രമോ വന്ധ്യതയോ നാട്ടില്‍ ഉണ്ടാവുകയില്ല, കര്‍ത്താവു തന്‍റെ ജനത്തിന് ദീര്‍ഘായുസ്സു നല്കി അനുഗ്രഹിക്കും.

നിങ്ങള്‍ ചെന്നെത്തും മുന്‍പേ നിങ്ങള്‍ ഏറ്റുമുട്ടേണ്ടി വരുന്ന ജനങ്ങള്‍ എന്നെ ഭയപ്പെടുന്നതിനു ഞാന്‍ ഇടയാക്കും. അവരുടെ ഇടയില്‍ ഞാന്‍ സംഭ്രമം ജനിപ്പിക്കും. നിന്‍റെ ശത്രുക്കള്‍ പന്തിരിഞ്ഞോടും. നിങ്ങള്‍ക്കു മുന്‍പേ ഞാന്‍ കടന്നലുകളെ അയയ്ക്കും. അവ ഹീവ്യര്‍, കാനാന്യര്‍, ഹീത്യര്‍ എന്നിവരെ നിങ്ങളുടെ മുന്‍പില്‍നിന്നു തുരത്തും. എന്നാല്‍ ഒറ്റ വര്‍ഷംകൊണ്ട് അവരെ നിങ്ങളുടെ മുന്‍പില്‍നിന്നു തുടച്ചുമാറ്റുകയില്ല. അങ്ങനെ ചെയ്താല്‍ നാടു വിജനമാകുകയും നിങ്ങള്‍ക്ക് ഉപദ്രവകാരികളായ വന്യമൃഗങ്ങള്‍ പെരുകുകയും ചെയ്യും. നിങ്ങള്‍ വര്‍ധിച്ച് നാടു കൈവശപ്പെടുത്തുന്നതനുസരിച്ച് അവരെ എന്‍റെ മുന്‍പില്‍നിന്ന് ഞാന്‍ പുറന്തള്ളിക്കൊണ്ടിരിക്കും. നിങ്ങളുടെ അതിര്‍ത്തികള്‍ ചെങ്കടല്‍ മുതല്‍ ഫിലിസ്ത്യാക്കടല്‍വരെയും, മരുഭൂമി മുതല്‍ യൂഫ്രട്ടീസ് നദിവരെയുമായി ഞാന്‍ നിശ്ചയിക്കും. തദ്ദേശവാസികളെ ഞാന്‍ നിങ്ങളുടെ കൈയില്‍ ഏല്പിക്കും. അവരെ നിങ്ങളുടെ മുന്‍പില്‍നിന്നും തുരത്തണം. അവരോടോ അവരുടെ ദേവന്മാരോടോ നിങ്ങള്‍ ഉടമ്പടിചെയ്യരുത്. അവര്‍ നിങ്ങളുടെ നാട്ടില്‍ വസിച്ചുകൂടാ. വസിച്ചാല്‍, എനിക്കെതിരായി പാപംചെയ്യാന്‍ ‍അവര്‍ നിങ്ങളെ പ്രോരിപ്പിക്കും. നിങ്ങള്‍ അവരുടെ ദേവന്മാരെ ആരാധിച്ചാല്‍ അതു എന്നും നിങ്ങള്‍ക്കൊരു കെണിയായിരിക്കുമെന്ന് ഓര്‍ത്തുകൊള്ളുവിന്‍.

കര്‍ത്താവ് മോശയോട് തുടര്‍ന്നും അരുള്‍ചെയ്തു. നീയും അഹറോനും നാദാബും അബിഹും ഇസ്രായേലിലെ എഴുപതു ശ്രേഷ്ഠന്മാരുംകൂടി കര്‍ത്താവിന്‍റെ അടുക്കലേയ്ക്കു കയറിവരുവിന്‍.
നിങ്ങള്‍ അകലെനിന്ന് കുമ്പിട്ടാരാധിക്കുവിന്‍. മോശ മാത്രം കര്‍ത്താവിനെ സമീപിക്കട്ടെ. മറ്റുള്ളവര്‍ സമീപിക്കരുത്. ജനം അവനോടൊപ്പം കയറി വരുകയുമരുത്. എന്നിട്ട് മോശ കര്‍ത്താവിന്‍റെ മലയില്‍ അവിടുത്തെ സ്വരം ശ്രവിച്ചു. മോശ കര്‍ത്താവിന്‍റെ മലയില്‍നിന്നും ഇറങ്ങി വന്നു. ദൈവം കല്പിച്ച എല്ലാ വാക്കുകളും നിയമങ്ങളും ജനത്തെ അറിയിച്ചു. കര്‍ത്തവു വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം തങ്ങള്‍ ചെയ്യുമെന്ന് അപ്പോള്‍ ജനങ്ങള്‍ ഏകസ്വരത്തില്‍ മറുപടി പറഞ്ഞു. മോശ കര്‍ത്താവിന്‍റെ വാക്കുകളെല്ലാം പിന്നീട് എഴുതിവ്ച്ചു. എഴുതിവച്ചു.

മോശയുടെ ആജ്ഞപ്രകാരം പിന്നീട് ജനം അതിരാവിലെ ഏഴുന്നേറ്റ് മലയുടെ അടിവാരത്തില്‍ ഒരു ബലിപീഠവും ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കായി പന്ത്രണ്ടു സ്തംഭങ്ങളും നിര്‍മ്മിച്ചു. മോശ അയച്ച ഇസ്രായേല്‍ യുവാക്കന്മാര്‍ കര്‍ത്താവിനു ദഹനബലികളും കാളകളെക്കൊണ്ടുള്ള സമാധാനബലികളും അര്‍പ്പിച്ചു. ബലിരക്തം മോശ പകുതി പാത്രങ്ങളിലാക്കുകയും പകുതി ബലിപീഠത്തിന്മേല്‍‍ തളിക്കുകയും ചെയ്തു. അനന്തരം, ഉടമ്പടി ഗ്രന്ഥമെടുത്ത് ജനങ്ങള്‍ കേള്‍ക്കെ വായിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു, “കര്‍ത്താവു കല്‍ല്പിച്ചതെല്ലാം ഞങ്ങള്‍ ചെയ്യും. ഞങ്ങള്‍ അനുസരണമുള്ളവരായിരിക്കും.” അപ്പോള്‍ മോശ രക്തമെടുത്ത് ജനങ്ങളുടെ മേല്‍ തളിച്ചുകൊണ്ടു വീണ്ടും പറഞ്ഞു. “ഈ വചനങ്ങളെല്ലാം ആധാരമാക്കി കര്‍ത്താവു നിങ്ങളോടു ചെയ്ത ഉടമ്പടിയുടെ രക്തമാകുന്നു ഇത്.” അനന്തരം, മോശയും അഹറോനും നാദാബും അബിഹൂമും ഇസ്രായേല്‍ ശ്രേഷ്ഠന്മാര്‍ എഴുപതു പേരും മലമുകളിലേയ്ക്കു കയറിപ്പോയി. അവര്‍ ഇസ്രായേലിന്‍റെ ദൈവത്തെ കണ്ടു. ആകാശതുല്യം പ്രകാശമാനമായ ഇന്ദ്രനീലക്കല്‍ത്തളംപോലെ അവിടുത്തെ പാദങ്ങളുടെ താഴേ എന്തോ കാണപ്പെട്ടു. അവര്‍ ദൈവത്തെ സ്തുതിച്ചു. അനന്തരം മലയിറങ്ങിയവര്‍ ജനങ്ങള്‍ക്കൊപ്പം ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തു.

ഒരുനാള്‍ കര്‍ത്താവു മോശയോട് അരുളിച്ചെയ്തു. “മലമുകളില്‍ എന്‍റെ സമീപത്തേയ്ക്കു കയറിവന്ന് കാത്തുനില്‍ക്കുക. ഞാന്‍ നിയമങ്ങളും കല‍പനകളും എഴുതിയ കല്‍ഫലകങ്ങള്‍ നിനക്കു തരാം. നീ അവ ജനത്തെ പഠിപ്പിക്കണം.” മോശ തന്‍റെ സേവകനായ ജോഷ്വായോടുകൂടെ എഴുന്നേറ്റ് ദൈവത്തിന്‍റെ മലയിലേയ്ക്കു കയറും മുന്‍പേ ശ്രേഷ്ഠന്മാരോടു പറഞ്ഞു. “ഞങ്ങള്‍ മടങ്ങും വരെ നിങ്ങള്‍ ഇവിടെ കാത്തുനില്‍ക്കുവിന്‍. അഹറോനും ഹൂറും നിങ്ങളോടുകൂടെ ഉണ്ടല്ലോ. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അവരെ സമീപിക്കുവിന്‍.” എന്നിട്ട് മോശ മലയിലേയ്ക്കു കയറിപ്പോയി. അപ്പോള്‍ ഒരു മേഘം വന്ന് മലയെ ആവരണം ചെയ്തു. കര്‍ത്താവിന്‍റെ മഹത്വം സീനായി മലയില്‍ ആവസിച്ചു. ആറുദിവസത്തേയ്ക്ക് മേഘം മലയെ മൂടിനിന്നു. ഏഴാം ദിവസം മേഘത്തില്‍നിന്നു കര്‍ത്താവ് മോശയെ വിളിച്ചു. ദഹിപ്പിക്കുന്ന അഗ്നിക്കു തുല്യം മലമുകളില്‍ കര്‍ത്താവിന്‍റെ മഹത്വം ഇസ്രായേല്യര്‍ക്കു കാണപ്പെട്ടു. മോശ മേഘങ്ങള്‍ക്കപ്പുറം കടന്ന് മലമുകളിലേയ്ക്കു കയറി. നാല്പതു രാവും നാല്പതു പകലും മലമുകളില്‍ ദൈവമഹത്വത്തില്‍ കഴിഞ്ഞു.

പുറപ്പാടിന്‍റെ വിശദാംശങ്ങലിലേയ്ക്കു കടക്കുമ്പോള്‍, ഗ്രന്ഥത്തിന്‍റെ നല്ലൊരു ഭാഗം പത്തുകല്പനകളുടെ വ്യാഖ്യാനങ്ങളാണ്. ഒരു ജനത്തെ രൂപീകരിച്ച് കല്പനകള്‍ നല്കി ദൈവം നയിക്കുന്നതാണ് ഈ ഗ്രന്ഥത്തിന്‍റെ നടുത്തുണ്ടം. ചരിത്രത്തില്‍ മനുഷ്യകുലത്തിന്‍റെ ക്രമമായ ജീവിതത്തിന് അനിവാര്യമായ പ്രകൃതി നിയമങ്ങളുടെയും ധാര്‍മ്മിക നിയമങ്ങളുടെയും സത്താരൂപങ്ങള്‍ ആദ്യമായി രേഖപ്പെടുത്തപ്പെട്ടത് പുറപ്പാടിന്‍റെ ഏടുകളിലാണെന്നത് ഈ പഠനത്തില്‍ വ്യാക്തമാകുന്നുണ്ട്.









All the contents on this site are copyrighted ©.