2013-06-15 16:13:25

സ്വയം ന്യായീകരിക്കാതെ പാപമേറ്റുപറഞ്ഞ് ക്രിസ്തുവില്‍ രക്ഷപ്രാപിക്കുക


14 ജൂണ്‍ 2013, വത്തിക്കാന്‍
സ്വയം ന്യായീകരിക്കാതെ, സ്വന്തം തെറ്റുകുറ്റങ്ങള്‍ ആത്മാര്‍ത്ഥമായി ഏറ്റുപറയുമ്പോഴാണ് ക്രിസ്തുവിലുള്ള രക്ഷ സ്വന്തമാക്കാന്‍ നമുക്ക് സാധിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജൂണ്‍ 14ന് രാവിലെ വത്തിക്കാനിലെ സാന്താ മാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. വൈദികര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ മൗറോ പിയാച്ചെന്‍സോയും ഇതര ഉദ്യോഗസ്ഥരും വെള്ളിയാഴ്ച മാര്‍പാപ്പയുടെ ദിവ്യബലിയില്‍ സംബന്ധിച്ചു. ദിവ്യബലിയില്‍ വായിച്ച വിശുദ്ധ ഗ്രന്ഥഭാഗത്തെ ആസ്പദമാക്കിയായിരുന്നു പതിവുപോലെ മാര്‍പാപ്പയുടെ വചന സമീക്ഷ. വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ കൊറീന്ത്യര്‍ക്കെഴുതിയ ലേഖനത്തില്‍ നിന്നുള്ള (2 കൊറി. 4:7-15) ഒന്നാം വായനയെ കേന്ദ്രമാക്കിയാണ് പാപ്പ പ്രഭാഷണം ആരംഭിച്ചത്.
നിരവധി തവണ വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ തന്‍റെ പാപങ്ങളെക്കുറിച്ച് പരസ്യമായി പറഞ്ഞിട്ടുണ്ട്. ക്രിസ്തുവിന്‍റെ സഭയെ താന്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് ഏറ്റുപറഞ്ഞ അദ്ദേഹം പിന്നീട് താനൊരു വിശുദ്ധനായെന്ന് അവകാശവാദം നടത്തുന്നില്ല. നേരെ മറിച്ച്, ഇപ്പോഴും തന്‍റെ ശരീരത്തില്‍ ഒരു മുള്ളുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു പാപിയായി അദ്ദേഹം സ്വയം അവതരിപ്പിക്കുന്നു. തന്‍റെ ദൗര്‍ബല്യവും പാപങ്ങളും ഏറ്റുപറഞ്ഞ വി.പൗലോസ്, യേശു ക്രിസ്തുവിനെ സ്വീകരിച്ച് അവിടുത്തോട് സ്നേഹ സംവാദത്തിലേര്‍പ്പെട്ടു. ദൈവകൃപയിലേക്ക് പ്രവേശിക്കുന്നത് എളിമയുടെ മാര്‍ഗത്തിലൂടേയാണെന്ന് പൗലോസ്ശ്ലീഹയുടെ ജീവിത മാതൃക നമ്മെ പഠിപ്പിക്കുന്നു. അദ്ദേഹം തന്‍റെ ശുശ്രൂഷകളെക്കുറിച്ച് വിവരിക്കുന്നത് യേശുവിനാല്‍ അയക്കപ്പെട്ട എളിയ ദാസന്‍റെ ദൗത്യനിര്‍വ്വഹണമെന്ന നിലയിലാണ്. വി.പൗലോസ്ശ്ലീഹായുടെ ഈ മാതൃക അനുകരിക്കാന്‍ വൈദികരെ ക്ഷണിച്ച മാര്‍പാപ്പ എളിമയുള്ള ശുശ്രൂഷകരായിരിക്കാന്‍ അവരെ ആഹ്വാനം ചെയ്തു. സ്വന്തം പ്രവര്‍ത്തനപരിചയത്തില്‍ (curriculum) മാത്രം അഭിമാനം കൊള്ളുന്ന വൈദികര്‍ക്ക് വഴിതെറ്റിപ്പോയിരിക്കുന്നുവെന്നും പാപ്പ ചൂണ്ടിക്കാട്ടി. വി.പൗലോസ് അപ്പസ്തോലനെപ്പോലെ സ്വന്തം തെറ്റുകുറ്റങ്ങള്‍ ഏറ്റുപറഞ്ഞ്, എളിമയില്‍ ചരിക്കേണ്ടവരാണവര്‍. എളിമയുടെ പ്രതിച്ഛായയല്ല, യഥാര്‍ത്ഥ എളിമയാണ് അവര്‍ക്കുണ്ടായിരിക്കേണ്ടത്. ക്രൈസ്തവരെ സംബന്ധിച്ച് എളിമ എന്ന പുണ്യം സുദൃഢവും വ്യക്തവുമാണെന്ന് മാര്‍പാപ്പ വിശദീകരിച്ചു.
കളിമണ്‍പാത്രമാകുന്ന നമ്മുടെ ജീവിതത്തിലെ യഥാര്‍ത്ഥ നിധി ക്രിസ്തുവും അവിടുത്തെ കുരിശുമാണ്. ക്രിസ്തുവിന്‍റെ കുരിശിലാണ് നാം അഭിമാനം കൊള്ളേണ്ടതെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.