2013-06-15 16:13:44

സാഹോദര്യത്തിന്‍റെ കൂടിക്കാഴ്ച്ച


14 ജൂണ്‍ 2013, വത്തിക്കാന്‍
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ആഗ്ലിക്കന്‍ സഭയുടെ പരമാധികാരി ആര്‍ച്ചുബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയും കൂടിക്കാഴ്ച്ച നടത്തി. മാര്‍ച്ചുമാസത്തില്‍ സ്ഥാനാരോഹണം ചെയ്ത ഇരുവരുടേയും പ്രഥമ കൂടിക്കാഴ്ച്ചയാണ് ജൂണ്‍ 14ന് വത്തിക്കാനില്‍ നടന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ വത്തിക്കാനിലെത്തിയ കാന്‍റര്‍ബറി ആര്‍ച്ചുബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുമായി വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിക്കാണ് മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തിയത്. ആര്‍ച്ചുബിഷപ്പുമായി ഏതാനും നിമിഷനേരം സ്വകാര്യ സംഭാഷണത്തിലേര്‍പ്പെട്ട മാര്‍പാപ്പ തദനന്തരം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ആഗ്ലിക്കന്‍ പ്രതിനിധിസംഘവുമായും കൂടിക്കാഴ്ച്ച നടത്തി. ഇംഗ്ലണ്ടിലെ വെസ്റ്റ്മിനിസ്റ്റര്‍ കത്തോലിക്കാ രൂപതാധ്യക്ഷനും ഇംഗ്ലണ്ടിലേയും വെയില്‍സിലേയും കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് നിക്കോള്‍സും ആഗ്ലിക്കന്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
ആഗ്ലിക്കന്‍ സംഘത്തെ സസന്തോഷം സ്വാഗതം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ, കത്തോലിക്കാസഭയും ആഗ്ലിക്കന്‍ സമൂഹവും തമ്മിലുള്ള സുദീര്‍ഘവും അതിസങ്കീര്‍ണ്ണവുമായ ബന്ധത്തില്‍ വേദനിപ്പിക്കുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ഏറ്റുപറയാനും മടിച്ചില്ല. അതേ സമയം, കഴിഞ്ഞ ഏതാനും ദശകങ്ങളായി സാഹോദര്യത്തിന്‍റേയും സഹകരണത്തിന്‍റേയും പാതയില്‍ കത്തോലിക്കാ – ആഗ്ലിക്കന്‍ കൂട്ടായ്മ ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. ആഗ്ലിക്കന്‍ കൂട്ടായ്മ ഉപേക്ഷിച്ച് കത്തോലിക്കാ സഭയെ ആശ്ലേഷിക്കാന്‍ ആഗ്രഹിക്കുന്നവരെ സ്വീകരിക്കാനായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പുതിയ കാനോനിക ഘടനയ്ക്ക് രൂപം നല്‍കിയതിനു പിന്നിലുള്ള കാരണങ്ങള്‍ മനസിലാക്കാന്‍ ആഗ്ലിക്കന്‍ സമൂഹം തയ്യാറായതില്‍ ഹൃദയംഗമമായ കൃതജ്ഞതയും പാപ്പ രേഖപ്പെടുത്തി. ആഗ്ലിക്കന്‍ ആരാധനാക്രമത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കും ആദരണീയമായ സ്ഥാനമാണ് കത്തോലിക്കാ സഭ നല്‍കുന്നതെന്നും പാപ്പ വിശദീകരിച്ചു.
കത്തോലിക്കാ – ആഗ്ലിക്കന്‍ സമൂഹങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ലോകത്തിന് ഐക്യത്തിന്‍റെ സാക്ഷൃം നല്‍കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും പാപ്പ തദവസരത്തില്‍ പ്രതിപാദിച്ചു. ദരിദ്രരേയും അടിച്ചമര്‍ത്തപ്പെട്ടവരേയും ശുശ്രൂഷിച്ചുകൊണ്ട് ക്രിസ്തു സ്നേഹത്തിന് സാക്ഷൃം നല്‍കേണ്ടത് നമ്മുടെ കൂട്ടുത്തരവാദിത്വമാണ്. അതേസമയം ഇരുവിഭാഗങ്ങളും തമ്മിലുള്ള സഹകരണം പ്രായോഗിക കാര്യങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോകരുത്. ദൈവിക ദാനമായ ഐക്യത്തിനുവേണ്ടിയുള്ള ആത്മാര്‍ത്ഥമായ പരിശ്രമം ഇരുഭാഗത്തുനിന്നുമുണ്ടാകണെന്നും മാര്‍പാപ്പ വ്യക്തമാക്കി.
കൂടിക്കാഴ്ച്ചയ്ക്കുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയും ആര്‍ച്ചുബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയും കത്തോലിക്കാ – ആഗ്ലിക്കന്‍ പ്രതിനിധി സംഘങ്ങള്‍ക്കൊപ്പം കുറച്ചു നേരം പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചു. വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ മാര്‍പാപ്പയ്ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചതിനുശേഷമാണ് കാന്‍റര്‍ബറി ആര്‍ച്ചുബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയും സംഘവും വിടവാങ്ങിയത്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.