2013-06-15 16:14:43

സഹാനുഭാവം സമാധാനസ്ഥാപനത്തിന് നിര്‍ണ്ണായകം


14 ജൂണ്‍ 2013, ലണ്ടന്‍
ഹൈന്ദവരും ക്രൈസ്തവരും ഒരുപോലെ പ്രാധാന്യം നല്‍കുന്ന മൂല്യമാണ് സഹാനുഭാവമെന്ന് മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ഷീന്‍ ലൂയി തൗറാന്‍. ‘സഹാനുഭാവം സമാധാന സംസ്ഥാപനത്തിന് നല്‍കുന്ന നിര്‍ണ്ണായക സംഭാവന’ എന്ന പ്രമേയത്തെ കേന്ദ്രമാക്കി ലണ്ടനില്‍ നടന്ന ഒരു മതാന്തര സംവാദ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടണിലെ മതാന്തര സംവാദ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം പകരാനായാണ് കര്‍ദിനാള്‍ തൗറാന്‍ പഞ്ചദിന സന്ദര്‍ശനത്തിന് ബ്രിട്ടണിലെത്തിയിരിക്കുന്നത്. ബ്രിട്ടണിലെ ഹൈന്ദവ, ഇസ്ലാം, ജൈന മതനേതാക്കളുമായി കര്‍ദിനാള്‍ തൗറാന്‍ സൗഹൃദ സംഭാഷണം നടത്തി. ബുധനാഴ്ച ഉത്തര ലണ്ടനിലെ ഹൈന്ദവ സമൂഹത്തെ സന്ദര്‍ശിച്ച അദ്ദേഹം സമാധാനസംസ്ഥാപനത്തില്‍ നിര്‍ണ്ണായക പങ്കുള്ള സഹാനുഭാവമെന്ന മൂല്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് തദവസരത്തില്‍ പ്രതിപാദിച്ചു. സഹാനുഭൂതിയെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉള്‍ക്കാഴ്ച്ച അന്യരോടുള്ള സ്നേഹത്തിനും അനുകമ്പയ്ക്കും ഉപരിയായി ദരിദ്രരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുമുള്ള സവിശേഷമായ ദയാവായ്പിലേക്ക് നയിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവര്‍ മാത്രമല്ല ഹൈന്ദവരും ഏറെ പ്രാധാന്യം നല്‍കുന്ന മൂല്യമാണ് സഹാനുഭൂതി. ഹൈന്ദവ – ക്രൈസ്തവ പുണ്യഗ്രന്ഥങ്ങളുടെ സ്വാധീനം മഹാത്മാഗാന്ധി അഹിംസാമാര്‍ഗം ആശ്ലേഷിച്ചതിനു പിന്നിലുണ്ടെന്നും കര്‍ദിനാള്‍ തൗറാന്‍ ചൂണ്ടിക്കാട്ടി.
ഉത്തര ലണ്ടനിലെ ഹൈന്ദവമന്ദിര സന്ദര്‍ശനത്തെ തുടര്‍ന്ന് ഇംഗ്ലണ്ടിലെ കത്തോലിക്കാസമൂഹത്തിന്‍റെ സിരാകേന്ദ്രമായ വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലും കര്‍ദിനാള്‍ തൗറാന്‍ സന്ദര്‍ശിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.