2013-06-13 17:48:28

തേജോവധം നിന്ദ്യമായ പാപമെന്ന്
പാപ്പാ ഫ്രാന്‍സിസ്


13 ജൂണ്‍ 2013, വത്തിക്കാന്‍
വാക്കുകൊണ്ടു സഹോദരങ്ങളെ ഹനിക്കുന്ന ‘കായേന്‍റെ ക്രൂരത’ ചരിത്രത്തില്‍ തുടരുകയാണെന്ന്, പാപ്പാ ഫ്രാന്‍സിസ് തന്‍റെ വചനചിന്തയില്‍ പങ്കുവച്ചു. ജൂണ്‍ 13-ാം തിയതി പേപ്പല്‍ വസതി, കാസാ മാര്‍ത്തായില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ്, ‘നിങ്ങളുടെ നീതി ഫരീസേയരുടെ നീതിയെ മറികടക്കണം,’ എന്ന മത്തായിയുടെ സുവിശേഷഭാഗത്തെ അധികരിച്ച് പാപ്പ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ക്രൈസ്തവ അരൂപിക്ക് വിരുദ്ധമാണ് വിദ്വേഷമെന്നും, അത് മരണസംസ്ക്കാരം വളര്‍ത്തുന്നുവെന്നും പാപ്പ പ്രസ്താവിച്ചു. മറ്റുള്ളവരെക്കുറിച്ചുള്ള സംഭാഷണം ഗുണകരമാകുമ്പോള്‍ പ്രശ്നമില്ലെന്നും, എന്നാല്‍ വിശേഷണങ്ങള്‍ നിഷേധാത്മകവും ദോഷകരവുമാകുമ്പോഴാണ് പ്രശ്നമെന്നും, അത് മെല്ലെ അപരനെ തരംതാഴ്ത്തുന്നതും തേജോവധം ചെയ്യുന്നതുമായിത്തീരുമെന്നും പാപ്പ ചൂണ്ടിക്കാട്ടി.

ഞാന്‍ വലുതാണെന്ന സ്വാര്‍ത്ഥഭാവമാണ് സഹോദരനെ ബോദപൂര്‍വ്വം തരംതാഴ്ത്തുവാന്‍ ഒരുവനെ പ്രേരിപ്പിക്കുന്നതെന്ന് മനസ്സിലാക്കാന്‍ മനഃശാസ്ത്രജ്ഞന്‍റെ സഹായം ആവശ്യമില്ലെന്നും, അത് സ്വാര്‍ത്ഥതയുടെ ഹീനമായ പെരുമാറ്റമാണെന്നും പാപ്പ സമര്‍ത്ഥിച്ചു. സഹോദരന്‍റെമേല്‍ കുറ്റമാരോപിക്കുന്നതും, അവനെ തരംതാഴ്ത്തുന്നതും ജീവിതപാതയില്‍ ഒരുമിച്ചു സഞ്ചരിക്കേണ്ടവര്‍ക്ക് യോജിച്ചതല്ലെന്നും, കാരണം ജീവിതാന്ത്യംവരെ ഒരുമിച്ചു പോകേണ്ടവരല്ലോ നാം എന്നും പാപ്പാ സാന്താ മാര്‍ത്താ കപ്പേളയില്‍ തന്‍റെ പ്രഭാത ബലിയില്‍ പങ്കെടുത്തവരെ അനുസ്മരിപ്പിച്ചു.

വാക്കുകൊണ്ടു സഹോദരങ്ങളെ ഹനിക്കുന്ന ‘കായേന്‍റെ ക്രൂരത’ ചരിത്രത്തില്‍ തുടരുകയാണെന്നും, നമ്മള്‍ മോശമായതുകൊണ്ടല്ല മനുഷ്യന്‍റെ ബലഹീനതയും പാപസ്വഭാവവുമാണതെന്ന പാപ്പ വിവരിച്ചു.
നിന്ദയും അപവാദവും പ്രചരിപ്പിക്കാന്‍ എളുപ്പമാണ്, മറിച്ച് നല്ലതു പറയുക വിഷമകരവും. ആകയാല്‍ നമ്മുടെ ജീവിതങ്ങളെ ക്രിസ്തുവിന്‍റെ പുതിയ നിയമത്താല്‍ - അവിടുത്തെ എളിമയുടെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും പുതിയ നിയമത്താല്‍ ക്രമപ്പെടുത്താനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാമെന്നും, ഒപ്പം അധികപറ്റായ നമ്മുടെ വാക്കുകളെ ക്രമീകരിക്കാന്‍ പരിശ്രമിക്കണമെന്നും ഉദ്ബോദിപ്പിച്ചുകൊണ്ട് പാപ്പാ തന്‍റെ വചനചിന്ത ഉപസംഹരിച്ചു.








All the contents on this site are copyrighted ©.