2013-06-12 18:24:16

സ്നേഹത്തിന്‍റെ കൗദാശിക
കൂട്ടായ്മയാണ് സഭ


12 ജൂണ്‍ 2013, റോം
സഭയില്‍ വിശ്വസിക്കുകയല്ല, സഭയെ വിശ്വസിക്കുകയാണ് വേണ്ടത്.
കാരണം സഭ ക്രിസ്തുവിന്‍റെ മൗതിക ശരീരമാണെന്ന്, ദൈവശാസ്ത്രപണ്ഡിതന്‍, ഡേരിയൂസ് കൊവാല്‍സിക്ക് പ്രസ്താവിച്ചു. വിശ്വാസവര്‍ഷത്തോടനുബന്ധിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിക്കൊണ്ടിരിക്കുന്ന മതബോധന പരമ്പരയിലാണ് പ്രഫസര്‍ കൊവാല്‍സിക്ക് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

സഭയെക്കുറിച്ചുള്ള വിശ്വാസപ്രമാണം വാക്കുകളുടെ കസര്‍ത്തല്ലെന്നും, സഭ ദൈവത്തിന്‍റെ പദ്ധതിയാകയാല്‍, തന്‍റെ അനന്തതയില്‍ അവിടുന്നു നല്കിയ ദാനമാണെന്നും, അത് സ്നേഹത്തിന്‍റെ കൗദാശികമായ കൂട്ടായ്മയാണ്, ഭൗമിക സ്ഥാപനമല്ലെന്നും ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍ കൂടിയായ, ഫാദര്‍ കൊവാല്‍സിക്ക് വ്യക്തമാക്കി. സഭയുടെ അക്ഷരീകാര്‍ത്ഥം ‘വിളിക്കപ്പെട്ടവര്‍’ എന്നാണ്. പിതാവായ ദൈവത്താല്‍ വിളിക്കപ്പെട്ടവരാണ് സഭാമക്കള്‍. ക്രിസ്തുവിലും ജ്ഞാനസ്നാനത്തിലുമുള്ള വിശ്വാസമാണ് ജലത്താലും പരിശുദ്ധാരൂപിയാലും സഭയിലേയ്ക്ക് ഓരോരുത്തരേയും സ്നാനപ്പെടുത്തുന്നതും, പങ്കുചേര്‍ക്കുന്നതും. അതിനാല്‍ സഭ മാനുഷികമായൊരു വിദ്വത് സദസ്സല്ല, മറിച്ച് വിശ്വാസ സദസ്സും കൂട്ടായ്മയുമാണെന്നും ഫാദര്‍ കൊവാല്‍സിക്ക് സമര്‍ത്ഥിച്ചു.

സഭാ സ്ഥാപനം ക്രിസ്തുവാകുന്ന അടിത്തറയിലാകയാല്‍, സഭയുടെ വെളിച്ചം ക്രിസ്തുവാണെന്നും, അവളുടെ ശക്തി പരിശുദ്ധാത്മാവാണെന്നും, അതിനാല്‍ സഭാസ്ഥാപനത്തെ മനുഷ്യകുലത്തിന്‍റെ രക്ഷാകര പദ്ധതിയില്‍നിന്നും ഒഴിവാക്കാനാവില്ലെന്നും ഫാദര്‍ കൊവാല്‍സിക്ക് സമര്‍ത്ഥിച്ചു. സഭ പരിശുദ്ധാത്മാവിന്‍റെ ആലയമാണ്. സഭാഗാത്രത്തിന്‍റെ ആത്മാവ് പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവ് സഭയുടെ ജീവന്‍റെയും, ഐക്യത്തിന്‍റെയും സ്രേതസ്സാണ്. ക്രിസ്തുവാണ് സഭയെ ഈ ഭൂമിയില്‍ സ്ഥാപിച്ചതും ദൃശ്യമാക്കിയതും. എന്നിട്ട് ദൃശ്യമായ സഭാനൗകയുടെ അമരക്കാരനായി പത്രോസിനെ നിയോഗിച്ചു. പാപ്പാ ക്രിസ്തുവിന്‍റെ വികാരിയും, പത്രോസിന്‍റെ പിന്‍ഗാമിയുമാണ്.
“പത്രോസേ, നീ പാറയാണ് നിന്‍റെ പാറമേല്‍ ഞാന്‍ പള്ളി പണിയും നരകവാതിലുകള്‍ അതിനെതിരായി പ്രബലപ്പെടുകയില്ല” (മത്തായി 16, 18).
Reported : nellikal, sedoc








All the contents on this site are copyrighted ©.