2013-06-12 12:52:19

മിഴികളിലെ ഇരുളും ആത്മാവിലെ പ്രകാശവും


11 ജൂണ്‍ 2013, വത്തിക്കാന്‍
“നിങ്ങളുടെ ആത്മാവ് ദൈവിക പ്രകാശത്താല്‍ നിറയട്ടെയെന്ന്” കാഴ്ച്ച ശക്തിയില്ലാത്തവര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശംസ. അന്ധരുടേയും കാഴ്ച്ചക്കുറവുള്ളവരുടേയും ഒരു വേനലവധിക്കാല സംഗമത്തിന് നല്‍കിയ ഓഡിയോ സന്ദേശത്തിലാണ് മാര്‍പാപ്പ ആന്തരിക പ്രകാശത്തെക്കുറിച്ച് അവരോട് സംവദിച്ചത്. കാഴ്ച്ച വൈകല്യമുള്ളവര്‍ക്കുവേണ്ടിയുള്ള ഇറ്റാലിയന്‍ സംഘടനയുടെ നേതൃത്വത്തില്‍ ടോസ്ക്കാന പ്രവിശ്യയില്‍ സംഘടിപ്പിച്ചിരിക്കുന്ന അവധിക്കാല സംഗമത്തില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും വയോധികരാണ്.
റോമില്‍ വന്ന് തന്നെ സന്ദര്‍ശിക്കാന്‍ അവരില്‍ ചിലര്‍ക്ക് ആഗ്രഹമുണ്ടെന്ന് തനിക്കറിയാമെന്ന് വെളിപ്പെടുത്തിയ പാപ്പ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ അവരുടെ പക്കലെത്താന്‍ സാധിച്ചതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് വെളിപ്പെടുത്തി. അവരുടെ പ്രാര്‍ത്ഥനയ്ക്കും സ്നേഹാദരവിനും മാര്‍പാപ്പ നന്ദി പറഞ്ഞു. അന്ധരായ വ്യക്തികള്‍ക്ക് യേശു പ്രത്യേക പരിഗണന നല്‍കിയിരുന്നു എന്ന് അനുസ്മരിച്ച പാപ്പ യേശു അന്ധര്‍ക്ക് കാഴ്ച്ച നല്‍കിയ അത്ഭുതങ്ങള്‍ വിശ്വാസമെന്ന ദാനം സമ്മാനിക്കുന്നതിന്‍റെ പ്രതീകമാണെന്നും തദവസരത്തില്‍ പരാമര്‍ശിച്ചു. ജീവന്‍റെ പാതയിലൂടെ സഞ്ചരിക്കാന്‍ നമുക്കെല്ലാവര്‍ക്കും വിശ്വാസത്തിന്‍റെ ഈ പ്രകാശം കൂടിയേത്തീരൂ.
വിശ്വാസത്തിന്‍റെ ദാനത്താല്‍ ദൈവം അവരെ നവീകരിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിച്ച മാര്‍പാപ്പ ദൈവിക സ്നേഹത്താല്‍ അവരുടെ അന്തരാത്മാവ് പ്രകാശിതമാകട്ടെയന്നും ആശംസിച്ചു. പ്രത്യാശയില്‍ ജീവിക്കാനും സാഹോദര്യ സ്നേഹത്തില്‍ അഭിവൃദ്ധിപ്പെടാനും അവരെ ആഹ്വാനം ചെയ്ത മാര്‍പാപ്പ ഐക്യദാര്‍ഡ്യത്തില്‍ അടിയുറച്ച ‘കൂടിക്കാഴ്ച്ചയുടെ സംസ്ക്കാരം’ കെട്ടിപ്പടുക്കുകയെന്ന ദൗത്യത്തില്‍ പങ്കുകാരാകാന്‍ അവരെ ക്ഷണിക്കുകയും ചെയ്തു.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.