2013-06-12 12:52:51

കാന്‍റബറി മെത്രാപ്പോലീത്തായുടെ റോമാ സന്ദര്‍ശനം


11 ജൂണ്‍ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പയും കാന്‍റബറി മെത്രാപ്പോലീത്തയും കൂടിക്കാഴ്ച്ച കത്തോലിക്കരും ആഗ്ലിക്കന്‍ സഭാംഗങ്ങളും തമ്മിലുള്ള സഹകരണത്തിന്ന് കരുത്തും നവോന്‍മേഷവും പകരുമെന്ന് സഭൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ആഗ്ലിക്കന്‍ സഭയുമായുള്ള സഭൈക്യസംരംഭങ്ങളുടെ ചുമതല വഹിക്കുന്ന മോണ്‍.മാര്‍ക്ക് ലങ്ഹാം. ജൂണ്‍ 14നാണ് ആഗ്ലിക്കന്‍ സഭയുടെ പരമാധ്യക്ഷനും കാന്‍റബറി മെത്രാപ്പോലീത്തയുമായ ജസ്റ്റിന്‍ വെല്‍ബി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ വത്തിക്കാനിലെത്തുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മാര്‍പാപ്പയും കാന്‍റബറി മെത്രാപ്പോലീത്തയും ഒരുമിച്ചു പ്രാര്‍ത്ഥിക്കും. തദന്തരം വി.പത്രോസിന്‍റെ ശവകുടീരവും വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ശവകുടീരത്തിലും ആര്‍ച്ചുബിഷപ്പ് വെല്‍ബി പ്രാര്‍ത്ഥിക്കാനെത്തുമെന്ന് സഭൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയും ആഗ്ലിക്കന്‍ സഭയുടെ പരമാധ്യക്ഷനായ ആര്‍ച്ചുബിഷപ്പ് വെല്‍ബ്ബിയും പുതുതായി സ്ഥാനമേറ്റവരാണ്. ആഗോള സാമൂഹ്യ സാമ്പത്തിക മണ്ഡലങ്ങളെക്കുറിച്ചും പൊതു ജീവിതത്തില്‍ അവയുടെ സ്വാധീനത്തെക്കുറിച്ചും അവബോധമുള്ളവരാണ് ഇരുവരും. അവരുടെ കൂടിക്കാഴ്ച്ച വലിയ ആവേശത്തോടെയാണ് ക്രൈസ്തവ സമൂഹം വീക്ഷിക്കുന്നതെന്ന് ആഗ്ലിക്കന്‍ സഭയുമായുള്ള സഭൈക്യസംരംഭങ്ങളുടെ ചുമതല വഹിക്കുന്ന മോണ്‍.മാര്‍ക്ക് ലങ്ഹാം വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുന്ന ഈ രണ്ട് മതനേതാക്കന്‍മാരും കൂടുതല്‍ ക്രൈസ്തവികമായ ഒരു സമൂഹ നിര്‍മ്മിതിയ്ക്കായി നിലകൊള്ളുന്നു. ഇന്ന് ലോകത്തിന്‍റെ പലഭാഗങ്ങളിലും കത്തോലിക്കരും ആഗ്ലിക്കന്‍ സഭാംഗങ്ങളും സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ നല്‍കുന്ന കൂട്ടായ്മയുടെ സാക്ഷൃത്തിന് മാര്‍പാപ്പയും കാന്‍റബറി ആര്‍ച്ചുബിഷപ്പും തമ്മിലുള്ള കൂടിക്കാഴ്ച്ച കൂടുതല്‍ പ്രോത്സാഹനവും പിന്തുണയും നല്‍കുമെന്ന് മോണ്‍. ലങ്ഹാം അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.