2013-06-11 16:29:39

നമ്മെ കാത്തിരിക്കുന്ന കരുണാര്‍ദ്രമായ തിരുഹൃദയം


ക്രിസ്തുവിന്‍റെ തിരുഹൃദയ വണക്കത്തെ ആസ്പദമാക്കിയാണ് ജൂണ്‍ ഒന്‍പതാം തിയതി ഞായറാഴ്ച മാര്‍പാപ്പ ത്രികാല പ്രഭാഷണം നല്‍കിയത്. മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

“ദൈവിക സ്നേഹത്തിന്‍റെ പരമോന്നത പ്രകടനമായ യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ വണക്കമാസമാണ് ജൂണ്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ച നാം ആഘോഷിച്ച തിരുഹൃദയത്തിരുന്നാളിന്‍റെ പ്രതിധ്വനി ഈ മാസം മുഴുവന്‍ നീണ്ടു നില്‍ക്കുന്നു. യേശുവിന്‍റെ തിരുഹൃദത്തെ ഭക്തജനം പലതരത്തിലും വ്യഖ്യാനിക്കാറുണ്ടെങ്കിലും സര്‍വോപരി ദൈവിക കാരുണ്യത്തിന്‍റെ അടയാളമാണത്. സാങ്കല്‍പികമായ ഒരടയാളമല്ല, മനുഷ്യവംശത്തിന് രക്ഷപ്രദാനം ചെയ്യുന്ന ദൈവിക കാരുണ്യത്തിന്‍റെ ഉറവിടമാണ് യേശുവിന്‍റെ തിരുഹൃദയത്തില്‍ ദൃശ്യമാകുന്നത്.

യേശുവിന്‍റെ തിരുഹൃദയത്തെക്കുറിച്ചുള്ള പല സൂചനകളും സുവിശേഷത്തിലുണ്ട്. ഉദാഹരണമായി, ഒരു സന്ദര്‍ഭത്തില്‍ യേശു തന്നെക്കുറിച്ച് പറയുന്നതിങ്ങനെയാണ് : “അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീത ഹൃദയനുമാകയാല്‍ എന്‍റെ നുകം വഹിക്കുകയും എന്നില്‍ നിന്ന് പഠിക്കുകയും ചെയ്യുവിന്‍” (മത്തായി 11: 28-29). യേശുവിന്‍റെ ഹൃദയത്തെക്കുറിച്ചുള്ള അതിപ്രസക്തമായ മറ്റൊരു പരാമര്‍ശം വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തില്‍ കാണാവുന്നതാണ്. യേശുവിന്‍റെ മരണത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത് സുവിശേഷകന്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. യഹൂദരുടെ അഭ്യര്‍ത്ഥന പ്രകാരം, സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാന്‍ വേണ്ടി ക്രൂശിക്കപ്പെട്ടവരുടെ കാലുകള്‍ തകര്‍ത്ത് അവരെ കുരിശില്‍ നിന്ന് നീക്കം ചെയ്യാന്‍ പീലാത്തോസ് പടയാളികളെ അയച്ചു. പടയാളികള്‍ വന്ന് യേശുവിനോടു കൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടുപേരുടേയും കാലുകള്‍ തകര്‍ത്തു. “അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചു കഴിഞ്ഞു എന്ന് കാണുകയാല്‍ അവന്‍റെ കാലുകള്‍ തകര്‍ത്തില്ല. എന്നാല്‍ പടയാളികളിലൊരാള്‍ അവന്‍റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍ നിന്നു രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ. 19: 33 -34). സ്വാഭാവികം മാത്രമെന്ന് കരുതാവുന്ന ആ സംഭവം പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായിരുന്നുവെന്ന് വിശുദ്ധ യോഹന്നാന്‍ അപ്പസ്തോലന്‍ തിരിച്ചറിഞ്ഞു. യേശുവിന്‍റെ തിരുഹൃദയത്തില്‍ നിന്ന്, കുരിശാകുന്ന ഹോമയാഗപീഠത്തില്‍ ബലിയര്‍പ്പിക്കപ്പെട്ട കുഞ്ഞാടില്‍ നിന്ന്, സകല മനുഷ്യര്‍ക്കും പാപമോചനവും ജീവനും ലഭിക്കുന്നു.
യേശുവിന്‍റെ കാരുണ്യം വെറുമൊരു വൈകാരിക ഭാവമല്ല. മനുഷ്യനെ പുനരുദ്ധരിച്ച് ജീവന്‍ പകരുന്ന കരുത്താണത്. നായിനിലെ വിധവയുടെ (ലൂക്ക 7,11-17) കാര്യത്തില്‍ സംഭവിച്ചതെന്താണെന്ന് സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ടല്ലോ. യേശുവും ശിഷ്യന്‍മാരും അവര്‍ക്കൊപ്പമുണ്ടായിരുന്ന വന്‍ജനാവലിയും ഗലീലിയിലെ നായിന്‍ എന്ന ഗ്രാമത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു. നഗര കവാടത്തിനടുത്തെത്തിയപ്പോള്‍ ഒരു വിധവയുടെ ഏകപുത്രന്‍റെ മൃതശരീരവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര അവര്‍ കണ്ടു. വിലപിക്കുന്ന ആ അമ്മയുടെ മേലാണ് യേശുവിന്‍റെ ദൃഷ്ടി പതിഞ്ഞത്. അവളെ കണ്ട് യേശുവിന്‍റെ മനസലിഞ്ഞുവെന്ന്(ലൂക്ക 7,13) സുവിശേഷകനായ വി.ലൂക്ക രേഖപ്പെടുത്തിയിരിക്കുന്നു. യേശുവിന്‍റെ ഈ അനുകമ്പ ദൈവത്തിന് മനുഷ്യനോടുള്ള സ്നേഹത്തിന്‍റേയും കാരുണ്യത്തിന്‍റേയും പ്രകടനമാണ്. ദൈവിക കാരുണ്യത്തിന് മാനുഷിക പരാധീനതകളുമായി ഉറ്റസമ്പര്‍ക്കമുണ്ട്. നമ്മുടെ ദാരിദ്ര്യത്തിലും, വേദനയിലും ആകുലതകളിലുമാണ് ദൈവിക കാരുണ്യം പ്രകടമാകുന്നത്. ബൈബിളില്‍ ‘അനുകമ്പ’ എന്നപദം മാതാവിന്‍റെ ഉദരത്തെ അനുസ്മരിപ്പിക്കുന്നതാണ്. തന്‍റെ മക്കളുടെ വേദനകളോട് ഒരമ്മ പ്രതികരിക്കുന്നതുപോലെയാണ് ദൈവത്തിന്‍റെ അനുകമ്പ പ്രകടമാകുന്നത്. ഇപ്രകാരമാണ് ദൈവം നമ്മെ സ്നേഹിക്കുന്നതെന്ന് വിശുദ്ധ ഗ്രന്ഥം പറയുന്നു.

ഈ സ്നേഹത്തിന്‍റേയും കാരുണ്യത്തിന്‍റേയും ഫലമെന്താണ്? ജീവന്‍. ദൈവത്തിന്‍റെ സ്നേഹ കാരുണ്യം ജീവന്‍ പ്രദാനം ചെയ്യുന്നു. നായിനിലെ വിധവയോട് യേശു പറഞ്ഞു: “കരയേണ്ട”. പിന്നെ യേശു മുന്നോട്ടു വന്ന് മരണമടഞ്ഞ യുവാവിനെ വിളിച്ചു. മരിച്ചവന്‍ ഉടന്‍ തന്നെ ഉറക്കത്തില്‍ നിന്നെഴുന്നേറ്റപോലെ എഴുന്നേറ്റിരുന്ന് സംസാരിച്ചു തുടങ്ങി. ഒന്നാലോചിച്ചു നോക്കിയാല്‍ എത്ര മനോഹരമാണിത്. ദൈവത്തിന്‍റെ കാരുണ്യം മനുഷ്യനെ മരണത്തില്‍ നിന്ന് പുനരുദ്ധരിച്ച് ജീവന്‍ നല്‍കുന്നു. എല്ലായ്പ്പോഴും ഇതേ കാരുണ്യത്തോടെയാണ് കര്‍ത്താവ് നമ്മെ വീക്ഷിക്കുന്നത്. നാമതൊരിക്കലും വിസ്മരിക്കരുത്. ദയാപൂര്‍വ്വം നമ്മെ വീക്ഷിക്കുന്ന കര്‍ത്താവ് കരുണയോടെ നമ്മെ കാത്തിരിക്കുന്നു. അവിടുത്തെ സമീപിക്കാന്‍ നാം ഭയപ്പെടേണ്ടതില്ല. കരുണാര്‍ദ്രമാണ് അവിടുത്തെ ഹൃദയം. നമ്മുടെ ആന്തരിക മുറിവുകളും തെറ്റുകുറ്റങ്ങളും അവിടുത്തെ മുന്‍പില്‍ അവതരിപ്പിക്കുമ്പോള്‍ എല്ലായ്പ്പോഴും ദൈവം നമ്മോട് ക്ഷമിക്കുന്നു. കലര്‍പ്പില്ലാത്ത കാരുണ്യമാണത്. കാരുണ്യവാനായ യേശുവിന്‍റെ പക്കലേക്ക് നമുക്ക് പോകാം.

അതിനായി പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാദ്ധ്യസ്ഥം നമുക്കപേക്ഷിക്കാം. ദൈവിക കാരുണ്യം ഏറ്റവുമധികം പങ്കിട്ട മാതൃഹൃദയമാണ് മറിയത്തിന്‍റെ വിമല ഹൃദയം. വിശിഷ്യാ, യേശുവിന്‍റെ പീഡാനുഭവത്തിലും മരണത്തിലും അനുകമ്പാര്‍ദ്രമായിരുന്നു ആ മാതൃഹൃദയം. ശാന്തശീലരും വിനീത ഹൃദയരുമായിരിക്കാനും സഹജരോട് കാരുണ്യപൂര്‍വ്വം പെരുമാറാനും നമ്മെ സഹായിക്കണമെന്ന് പരിശുദ്ധ മറിയത്തോട് നമുക്കപേക്ഷിക്കാം”.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.