2013-06-11 17:15:00

ദാനമായി കിട്ടിയത് ദാനമായി നല്‍കുന്നവര്‍


11 ജൂണ്‍ 2013, വത്തിക്കാന്‍
ദാനമായി ലഭിച്ചത് ദാനമായി നല്‍കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് ക്രൈസ്തവരെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസസമൂഹത്തെ അനുസ്മരിപ്പിക്കുന്നു. ജൂണ്‍ 11ന് വത്തിക്കാനിലെ സാന്താ മാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് കത്തോലിക്കര്‍ ജീവിക്കേണ്ട ദാരിദ്ര്യാരൂപിയെക്കുറിച്ച് മാര്‍പാപ്പ പ്രതിപാദിച്ചത്. തന്‍റെ പന്ത്രണ്ട് അപ്പസ്തോലന്‍മാരെ പ്രേഷിത പ്രവര്‍ത്തനത്തിനായി അയച്ച ക്രിസ്തു അവര്‍ക്കു നല്‍കിയ ഉപദേശം ആസ്പദമാക്കിയായിരുന്നു പാപ്പായുടെ പ്രഭാഷണം “ദാനമായി നിങ്ങള്‍ക്കു കിട്ടി, ദാനമായിത്തന്നെ കൊടുക്കുവിന്‍. നിങ്ങളുടെ അരപ്പട്ടയില്‍ സ്വര്‍ണ്ണമോ വെള്ളിയോ ചെമ്പോ കരുതി വയ്ക്കരുത്, യാത്രയ്ക്ക് സഞ്ചിയോ രണ്ട് ഉടുപ്പുകളോ, ചെരിപ്പോ, വടിയോ കൊണ്ടു പോകരുത്” (മത്താ 17, 9-10) എന്ന് യേശു തന്‍റെ ശിഷ്യന്‍മാരോട് കല്‍പിച്ചു. അപ്പസ്തോലന്‍മാര്‍ ലാളിത്യത്തോടെ ക്രിസ്തു വചനം ശിരസ്സാവഹിച്ചു. ദൈവ വചനത്തില്‍ വിശ്വസിക്കാതെ അവര്‍ ഇതര പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നെങ്കില്‍ വചന പ്രഘോഷണം മറ്റെന്തെങ്കിലുമായി തീര്‍ന്നേനെയെന്ന് പാപ്പ പറഞ്ഞു.
വി.പത്രോസ് അപ്പസ്തോലന് ബാങ്ക് അക്കൗണ്ടൊന്നും ഉണ്ടായിരുന്നില്ല. നികുതികൊടുക്കാനുള്ള പണം ആവശ്യപ്പെട്ട അദ്ദേഹത്തോട് ചൂണ്ടയിട്ട് മത്സ്യത്തെ പിടിക്കാനും അതിന്‍റെ വായില്‍ നിന്നു ലഭിക്കുന്ന നാണയം നികുതിയായി കൊടുക്കാനും യേശു നിര്‍ദേശിച്ചത് നാം സുവിശേഷത്തില്‍ വായിക്കുന്നുണ്ട്. എത്യോപ്യാ രാജ്ഞിയായ കന്‍ദാക്കെയുടെ ഭണ്‍ഡാരവിചാരിപ്പുകാരന്‍ സുവിശേഷം ശ്രവിക്കാന്‍ തന്‍റെ പക്കലെത്തിയപ്പോള്‍, സുവിശേഷപ്രചരണത്തിനുവേണ്ടി സംഭാവന ചോദിക്കാമെന്നൊന്നും പീലിപ്പോസ് കരുതിയില്ല. അയാളോട് സുവിശേഷം പ്രഘോഷിച്ച്, അയാള്‍ക്ക് ജ്ഞാനസ്നാനം നല്‍കിയ ശേഷം പീലിപ്പോസ് അയാളെ വിട്ടുപോയി.
ദാനമായി ലഭിച്ച ദൈവരാജ്യം ദാനമായിത്തന്നെ പങ്കുവയ്ക്കുകയെന്ന ദൗത്യത്തില്‍ പല പ്രലോഭനങ്ങളും സഭയുടെ ആരംഭകാലം മുതല്‍ക്കേ ഉണ്ടായിട്ടുണ്ടെന്നും ഫ്രാന്‍സ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. പ്രലോഭനങ്ങള്‍ക്ക് വശംവദരാകാതെ സുവിശേഷത്തിന്‍റെ കരുത്തില്‍ വിശ്വാസമര്‍പ്പിച്ച് സുവിശേഷപ്രഘോഷണം നടത്തേണ്ടവരാണ് നാം. സുവിശേഷ പ്രചരണം മതപരിവര്‍ത്തനത്തിന്‍റെ മാര്‍ഗ്ഗമല്ലെന്നും മാര്‍പാപ്പ തദവസരത്തില്‍ വ്യക്തമാക്കി. സഭ വളരുന്നത് മതപരിവര്‍ത്തനത്തിലൂടെയല്ല, സുവിശേഷത്തിന്‍റെ ആകര്‍ഷണ ശക്തിയാണ് സഭയെ വളര്‍ത്തുന്നതെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ പ്രസ്താവിച്ചു.
ദാനമായി ലഭിച്ചത് ദാനമായി നല്‍കുന്ന ക്രൈസ്തവരെ വ്യതിരിക്തരാക്കുന്ന രണ്ട് സവിശേഷതകളെക്കുറിച്ചും പാപ്പ തദവസരത്തില്‍ പ്രതിപാദിച്ചു. ദാരിദ്ര്യാരൂപിയും ദൈവസ്തുതിയുമാണ് അവരെ വ്യത്യസ്തരാക്കുന്നത്. കത്തോലിക്കാ സഭയുടെ കീഴിലുള്ള അതിസങ്കീര്‍ണ്ണമായ സ്ഥാപനങ്ങള്‍പോലും വ്യാവസായിക – നിക്ഷേപക മനോഭാവത്തോടെയല്ല, നേരെമറിച്ച്, ദാരിദ്ര്യാരൂപിയോടെയാണ് കൈകാര്യം ചെയ്യേണ്ടത്. ദാരിദ്ര്യാരൂപിയും ദൈവസ്തുതിയുമില്ലാതെ സമ്പന്നയായ ഒരു സഭയെ പടുത്തുയര്‍ത്താന്‍ ശ്രമിച്ചാല്‍ സഭ ജീര്‍ണ്ണിച്ചുപോകുമെന്നും ജീവനില്ലാത്ത ഒരു സര്‍ക്കാരേതിര സ്ഥാപനമായി അധഃപതിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ താക്കീതു നല്‍കി. ദാനമായി ലഭിച്ച ദൈവിക സമ്മാനം ദാനമായി നല്‍കാന്‍ വേണ്ട കൃപയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ വിശ്വാസ സമൂഹത്തെ ക്ഷണിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്‍റെ സന്ദേശം ഉപസംഹരിച്ചത്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.