2013-06-11 17:15:48

'ജീവന്‍റെ സുവിശേഷ' ദിനാചരണം


11 ജൂണ്‍ 2013, വത്തിക്കാന്‍
വിശ്വാസവര്‍ഷാചരണത്തോടനുബന്ധിച്ച് ‘ജീവന്‍റെ സുവിശേഷ’ ദിനാചരണം ഈ വാരാന്ത്യത്തില്‍ വത്തിക്കാനില്‍ നടക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ അര്‍പ്പിക്കപ്പെടുന്ന വി.കുര്‍ബ്ബാനയാണ് ‘ജീവന്‍റെ സുവിശേഷ’ ദിനാചരണത്തിന്‍റെ പ്രധാന സവിശേഷത. “ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്” (യോഹ. 10:10) എന്ന ക്രിസ്തു വചനം പ്രമേയമാക്കി ‘ജീവന്‍റെ സുവിശേഷ’ ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത് നവസുവിശേഷവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ്. ‘ജീവന്‍റെ സുവിശേഷ’ ദിനത്തോടനുബന്ധിച്ച്, ജീവന്‍റെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കത്തോലിക്കരുടെ ആഗോള സംഗമം ജൂണ്‍ 15- 16 തിയതികളില്‍ വത്തിക്കാനില്‍ നടക്കും. ആതുര സേവകരും, വയോധികരേയും ആഗതികളേയും ശുശ്രൂഷിക്കുന്നവരും, ഉദരസ്ഥശിശുക്കളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരുമായ നിരവധി കത്തോലിക്കാ വിശ്വാസികള്‍ സംഗമത്തില്‍ പങ്കുകൊള്ളുമെന്ന് നവസുവിശേഷവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് റിനോ ഫിസിക്കേല അറിയിച്ചു.
15ാം തിയതി ശനിയാഴ്ച്ച വൈകീട്ട് കാസില്‍ സാന്താഞ്ചലോ കോട്ടയില്‍ നിന്നും വിയാ കൊണ്‍ചീലീയാസ്യോനെ പാതയിലൂടെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലേക്ക് നടത്തുന്ന നിശബ്ദമായ ദീപപ്രദക്ഷിണം ജീവന്‍റെ സുവിശേഷ’ ദിനാചരണത്തിന്‍റെ സവിശേഷതകളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെ 10.30ന് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സാഘോഷ സമൂഹദിവ്യബലിയോടെ സംഗമം സമാപിക്കും.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.