2013-06-07 16:58:58

വാത്സല്യത്തിന്‍റെ ശാസ്ത്രം: മാര്‍പാപ്പയുടെ വചനസമീക്ഷ


07 ജൂണ്‍ 2013, വത്തിക്കാന്‍
ദൈവസ്നേഹത്തിനായി നമ്മുടെ ഹൃദയം തുറന്നു നല്‍കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ ജൂണ്‍ 7ന് രാവിലെ 7 മണിക്ക് അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്‍കിയ വചനസന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. നമ്മുടെ ഇടയിലിറങ്ങി വന്ന് നമ്മോടു കൂടി ജീവിച്ച ദൈവത്തിന്‍റെ മക്കളാണ് നാം. ഇന്നും തന്‍റെ ജനത്തോടുകൂടി, സഭയില്‍ അവിടുന്ന് ജീവിക്കുന്നു. ഒരിടയന്‍ തന്‍റെ അജഗണത്തെ നയിക്കുന്നതുപോലെ ദൈവം നമ്മോടൊത്ത് സഞ്ചരിക്കുന്നുണ്ട്ന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. സാമീപ്യവും വാത്സല്യവും ദൈവിക സ്നേഹത്തെ വ്യതിരക്തമാക്കുന്ന രണ്ട് ഘടകങ്ങളാണ്. ദൈവസ്നേഹത്തിനായി നമ്മുടെ ഹൃദയം തുറന്നു നല്‍കാനും
ആ സ്നേഹത്തോട് പ്രത്യുത്തരിക്കാനും എളുപ്പമല്ല, എന്നാല്‍ അന്യരിലൂടെ, വിശിഷ്യാ ദരിദ്രരോടും നിരാലംബരോടുമുള്ള സ്നേഹത്തിലൂടെ ദൈവിക സ്നേഹത്തോട് നമുക്ക് പ്രത്യുത്തരിക്കാനാകുമെന്ന് മാര്‍പാപ്പ പറഞ്ഞു.
ദൈവത്തെ സ്നേഹിക്കുന്നതിനേക്കാള്‍ പ്രയാസകരമാണ് ദൈവിക സ്നേഹത്തിനായ് സ്വയം സമര്‍പ്പിക്കാനെന്നു പ്രസ്താവിച്ച മാര്‍പാപ്പ ദൈവിക സ്നേഹത്തോടുള്ള മികച്ച പ്രതിസ്നേഹം ആ സ്നേഹത്തിനായി സ്വഹൃദയം തുറന്നു നല്‍കുന്നതാണെന്നും വിശദീകരിച്ചു. നമ്മുടെ അടുത്തേക്ക് വരാന്‍ നാം ദൈവത്തെ അനുവദിച്ചാല്‍ ദൈവികസാമീപ്യം നമുക്കനുഭവിച്ചറിയാന്‍ കഴിയും. എന്നാല്‍ ദൈവസ്നേഹത്തിനായി സ്വയം വിട്ടുകൊടുക്കുന്നത് ആയാസകരമാണെന്നും മാര്‍പാപ്പ വ്യക്തമാക്കി. അതിനാവശ്യമായ ദൈവകൃപയ്ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. “എന്‍റെ ദൈവമേ ഞാന്‍ നിന്നെ സ്നേഹിക്കാന്‍ ആഗ്രഹിക്കുന്നു. പ്രയാസകരമായ ഈ വിദ്യ എന്നെ അഭ്യസിപ്പിക്കേണമേ അങ്ങയുടെ സാമീപ്യം അനുഭവിച്ചറിയാനും ആ സ്നേഹവാത്സല്യത്തിനായി സ്വയം സമര്‍പ്പിക്കാനും എന്നെ പഠിപ്പിക്കേണമേ...” എന്ന പ്രാര്‍ത്ഥന വിശ്വാസ സമൂഹത്തോട് പങ്കുവയ്ച്ച മാര്‍പാപ്പ ദൈവസ്നേഹം അനുഭവിച്ചറിയാനും ദൈവിക സാമീപ്യത്തില്‍ ജീവിക്കാനും വേണ്ട കൃപ അവര്‍ക്കു ലഭിക്കട്ടെയെന്ന ആശംസയോടെയാണ് തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.