2013-06-06 18:34:52

ദൈവത്തോടുള്ള
പരാതി പാപമല്ല
പ്രാര്‍ത്ഥനയെന്ന് പാപ്പാ


5 ജൂണ്‍ 2013, വത്തിക്കാന്‍
മനുഷ്യയാതകളെക്കുറിച്ച് ദൈവത്തോടു പറയുന്ന പരാതി പാപമല്ലെന്ന് പാപ്പാ ഫ്രാന്‍സിസ് വചനസമീക്ഷയില്‍ പരാമര്‍ശിച്ചു. ജൂണ്‍ 5-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനിലെ പേപ്പല്‍ വസതി, കാസാ മാര്‍ത്തായില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. നന്മചെയ്തു ജീവിച്ചിട്ടും ജീവിതത്തില്‍ യാതനകള്‍ മാത്രം അനുഭവിച്ച തോബിയാസിന്‍റെയും സാറായുടെയും, ഏഴു കെട്ടിയിട്ടും ആദ്യരാത്രിയില്‍ത്തന്നെ ഭര്‍ത്താക്കന്മാര്‍ നഷ്ടമായ സുവിശേഷത്തിലെ സ്ത്രീയുടെയും ജീവിതത്തിന്‍റെ കദനകഥകള്‍ മാതൃകയാക്കികൊണ്ടാണ് പാപ്പ തന്‍റെ ചിന്തകള്‍ പങ്കുവച്ചത്.

അവര്‍ പരാതിപ്പെടുകയാണ്, ദൈവദൂഷണം പറയുകയല്ലെന്നും, ദൈവത്തോട് പരാതിപ്പെടുന്നത് പാപമല്ലെന്നും, തന്‍റെ പ്രഭാതബലിയില്‍ പങ്കെടുക്കാനെത്തിയ ആരാധനക്രമ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലെ പ്രവര്‍ത്തകരോട് പാപ്പ സമര്‍ത്ഥിച്ചു. ജീവിതത്തിലുണ്ടായ കെടുതികളെക്കുറിച്ച് ദൈവത്തോടു പരാതിപറഞ്ഞത് കുമ്പസാരിച്ച സ്ത്രീയോട് വൈദികന്‍, അത് സാരമില്ലെന്നും, ദൈവത്തോടുളള പരാതി ഒരു തരത്തിലുള്ള പ്രാര്‍ത്ഥനയാണെന്നും ഉപദേശിച്ച തന്‍റെ സുഹൃത്തായ വൈദികന്‍റെ അജപാലന അനുഭവം പാപ്പാ അനുസ്മരിച്ചു.

തങ്ങളുടെ ജീവിത ക്ലേശങ്ങളില്‍ ജീവന്‍ തന്നെ ദൈവത്തെ ശപിച്ച പഴയ നിയമത്തിലെ നീതിമാനായ ജോബിനെയും, ജറമിയാ പ്രവാചകനെയും തന്‍റെ വചനചിന്തയില്‍ പാപ്പാ അനുസ്മരിച്ചു. മാനുഷികതയുടെ പച്ചയായ സാഹചര്യങ്ങളിലെ വേദനയുടെ ശാപവാക്കുകള്‍ പ്രാര്‍ത്ഥനയാണെന്ന് പാപ്പ വ്യാഖ്യാനിച്ചു. മനുഷ്യയാതനകളുടെ കയ്പ്പേറിയ ജീവിതാനുഭങ്ങളെ ചിന്തയുടെയും പഠനത്തിന്‍റെയും മേഖലയില്‍ മാതൃകയാക്കി തള്ളിനീക്കരുതെന്നും, ജീവിത യാഥാര്‍ത്ഥ്യങ്ങളിലെ നൊമ്പരങ്ങള്‍ ഹൃദയത്തിന്‍റെ തലത്തിലും തരത്തിലും മാനിക്കുകയും മനസ്സിലാക്കുകയും, അവര്‍ക്ക് സാന്ത്വനം പകരുകയും വേണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. വേദനിക്കുന്ന സഹോദരനും സഹോദരിക്കും എന്‍റെ ഹൃദയത്തില്‍ ഇടമുണ്ടാകണമെന്നും, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, അവരുടെ വേദനയില്‍ പങ്കുചേരുകയും വേണമെന്നും പ്രസ്താവിച്ചുകൊണ്ട് പാപ്പ അന്നത്തെ വചനസമീക്ഷ ഉപസംഹരിച്ചു.
Reported : nellikal sedoc









All the contents on this site are copyrighted ©.