2013-06-06 19:27:45

ജീവനെക്കുറിച്ചുള്ള ആശങ്ക
നിര്‍ബ്ബന്ധിത കുടിയേറ്റത്തിനു കാരണം


6 ജൂണ്‍ 2013, റോം
നിര്‍ബന്ധിത കുടിയേറ്റത്തിന് മുഖ്യകാരണം ജീവനെക്കുറിച്ചുള്ള ഭീതിയാണെന്ന്, പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ അന്തോണിയോ മരിയ വേല്യോ പ്രസ്താവിച്ചു. നിര്‍ബന്ധിത കുടിയേറ്റത്തെക്കുറിച്ച് വത്തിക്കാന്‍ പുറത്തിറക്കുന്ന പുതിയ രേഖീകരണത്തെക്കുറിച്ച് വത്തിക്കാന്‍ റോഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ വേല്യോ ഇങ്ങനെ പ്രസ്താവിച്ചത്.

യുദ്ധം, അഭ്യന്തരകലാപം, കാലാവസ്ഥാക്കെടുതി, പ്രകൃതിദുരന്തം എന്നിങ്ങനെയുള്ള ജീവാപായ സാഹചര്യങ്ങളാണ് നിര്‍ബന്ധിത കുടിയേറ്റത്തിന് വഴിയൊരുക്കുന്നതെന്നും, എന്നാല്‍ അവ നവമായ സാമൂഹ്യ പ്രശ്നങ്ങള്‍ക്കും കാരണമാണെന്നും കര്‍ദ്ദിനാള്‍ വേല്യോ ചൂണ്ടിക്കാട്ടി.
പ്രാദേശിക തലത്തിലുണ്ടാകുന്ന കുടിയേറ്റം കൂടാതെ അന്യനാടുകളിലേയ്ക്കുള്ള അവിഹിത കുടിയേറ്റം, രാജ്യാതര്‍ത്തികളില്‍ നടക്കുന്ന മനുഷ്യക്കച്ചവടം, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പീഡനം എന്നിവ, നിര്‍ബന്ധിത കുടിയേറ്റത്തിന്‍റെ നവമായ പ്രത്യാഘാതങ്ങളാണെന്ന് കര്‍ദ്ദിനാള്‍ വേല്യോ അഭിമുഖത്തില്‍ വ്യക്തമാക്കി. ന്യായമായ ജീവനോപായ സാദ്ധ്യതകളുടെ അഭാവം, സാമൂഹ്യ സമ്പദ് വ്യവസ്ഥയിലെ അന്യായമായ അസമത്വം, അതുവഴി ഉടലെടുക്കുന്ന കടുത്ത ദാരിദ്ര്യം എന്നിവയും നിര്‍ബന്ധിത കുടിയേറ്റത്തിന്‍റെ മൂലകാരണങ്ങളാണെന്ന് കര്‍ദ്ദിനാള്‍ വേലിയോ പ്രസ്താവിച്ചു.

കുടിയേറ്റത്തിന് വിരാമമിടണമെന്ന രാഷ്ട്രങ്ങളുടെ കുടുസ്സായ ചിന്താഗതിക്കു പകരം അവരുടെ തടഞ്ഞുവയ്ക്കല്‍ ചുരുക്കുകയും ഇല്ലാതാക്കുകയും ചെയ്തുകൊണ്ട്, ശരിയായ അനുമതിയുടെ ഉദാരവത്ക്കരണം നടപ്പിലാക്കുകയും, അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അവര്‍ക്ക് മെച്ചപ്പെട്ട സ്ഥിതിഗതികള്‍ ലഭ്യമാക്കുകയുമാണ് വേണ്ടതെന്നും കര്‍ദ്ദിനാള്‍ വേല്യോ അഭിമുഖത്തില്‍ വിവരിച്ചു.
നിര്‍ബന്ധിത കുടിയേറ്റത്തെക്കുറിച്ചുള്ള വത്തിക്കാന്‍റെ പുതിയ രേഖീകരണത്തിന്‍റെ പ്രകാശനകര്‍മ്മം ജൂണ്‍ 6-ാം തിയതി വ്യാഴ്ച റോമില്‍ നടന്നതിന് ആമുഖമായിട്ടാണ് കര്‍ദ്ദിനാള്‍ വേല്യോ, ഇന്ന് ഏറെ സാമൂഹ്യ പ്രസക്തിയുള്ള വിഷയം അഭിമുഖത്തിലൂടെ അറിയിച്ചതെന്നും, കര്‍ദ്ദിനാള്‍ വേല്യോ വെളിപ്പെടുത്തി.
Reported : nellikal, sedoc








All the contents on this site are copyrighted ©.